Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുഴലി ന്യൂനമർദം പടിഞ്ഞാറേക്ക്, ലക്ഷദ്വീപിൽ കനത്ത മഴ; കേരളത്തിൽ കിഴക്കൻ മഴയെത്തും

വർഗീസ് സി. തോമസ്
Rain-Cloud-Monsoon-Kerala ഫയൽ ചിത്രം

പത്തനംതിട്ട∙ കനത്ത മഴ പെയ്യുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഞായർ ഉച്ചവരെ കേരളം കണ്ടതു വെയിലിൽ വെട്ടിത്തിളങ്ങുന്ന ആകാശം. എന്നാൽ ഉച്ചകഴിഞ്ഞതോടെ തുലാമഴയുടെ ചിട്ടവട്ടങ്ങളോടു കൂടിയ ഇടിമഴയ്ക്കു കിഴക്കൻ ആകാശത്തു കളമൊരുങ്ങി. പടിഞ്ഞാറൻ ആകാശത്തു വെളുത്ത മേഘങ്ങളുടെ നീണ്ടനിര സ്ഥാനം പിടിച്ചപ്പോൾ കിഴക്കൻ ആകാശം മെല്ലെ കാർമേഘഭരിതമായിക്കൊണ്ടിരിക്കുകയാണ്. 

ചീഫ് സെക്രട്ടറിമാർക്ക് മുന്നറിയിപ്പ്

കേരളം, തമിഴ്നാട്, ലക്ഷദ്വീപ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്ക് ഇന്നലെ കേന്ദ്രകാലാവസ്ഥാ വകുപ്പു നേരിട്ടു മുന്നറിയിപ്പു നൽകി തുടങ്ങി. ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിനു മുന്നോടിയായി ചീഫ് സെക്രട്ടറിമാർക്കും അഡ്മിനിസ്ട്രേറ്റർമാർക്കുമുള്ള ആദ്യ ഫാക്സ് സന്ദേശത്തിലാണ് രണ്ടുകടലുകളിലും കാറും കോളും രൂപപ്പെട്ടതിനാൽ അതീവ ജാഗ്രത വേണമെന്ന മുന്നറിയിപ്പു നൽകിയത്. ചുഴലിക്കാറ്റ് ഒമാന്‍ തീരത്തു കരയിലേക്ക് അടിച്ചു കയറുന്നതുവരെ ദിവസേന രണ്ടും മൂന്നും മുന്നറിയിപ്പുകൾ നൽകുന്നതാണു പതിവ്. അടുത്ത മുന്നറിയിപ്പ് ഞായറാഴ്ച വൈകുന്നേരം പുറപ്പെടുവിക്കും.  

എന്തുകൊണ്ട് ഈ സ്ഥിതി? 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്കു മീതേ ശനിയാഴ്ച വരണ്ടകാറ്റിന്റെ താണിറക്കം സംഭവിച്ചു. ഇതു കരയിലുണ്ടാകുന്ന ചെറിയ ന്യൂനമർദമേഖലയാണ്. അറബിക്കടലിൽ ലുബാൻ ചുഴലിക്കു മുന്നോടിയായുള്ള ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ ശനി, ഞായർ ദിവസങ്ങളിൽ പരക്കെ മഴ പെയ്യേണ്ടതായിരുന്നു. ഈ ചൂടുകാറ്റിന്റെ ചെറിയ സംവഹനം (കൺവക്‌ഷൻ) കാര്യങ്ങളെല്ലാം തകിടംമറിച്ചു. പ്രവചനങ്ങളുടെ മുനയൊടിച്ചു. ഓഖി ചുഴലിയുണ്ടായ അതേ വഴിയിലൂടെയാണ് ലുബാൻ വന്നതെങ്കിലും രണ്ടിന്റെയും പെരുമാറ്റത്തിൽ ഇതു പ്രകടമമായ മാറ്റം വരുത്തി. 

ലക്ഷദ്വീപിൽ കനത്ത മഴ 

കവരത്തി ഉൾപ്പെടെ ലക്ഷദ്വീപിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് ഞായറാഴ്ച രാവിലെ മുതൽ ലഭിക്കുന്നതെന്ന് അവിടത്തെ കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. ന്യൂനമർദം ഒമാൻ തീരം ലക്ഷ്യമിട്ടു ലുബാൻ ചുഴലിക്കാറ്റായി മുന്നേറുന്നതിനിടയിലെ ഏക കരഭാഗമാണിത്. 

ചുഴലി ഇപ്പോൾ എവിടെ?

12 ഡിഗ്രി അക്ഷാംശം വടക്ക്, 65 ഡിഗ്രി രേഖാംശം കിഴക്ക് എന്നതാണു തീവ്രന്യൂനമർദത്തിന്റെ ഇപ്പോഴത്തെ സ്ഥാനം. ഇത് ഒമാനിലെ സലാലയ്ക്ക് 1336 കിമീ കിഴക്ക്, 1270 കിമീ യെമന് തെക്കു കിഴക്ക്, 960 കിമീ മിനിക്കോയിക്കു വടക്കു പടിഞ്ഞാറ് എന്നിങ്ങനെ വരും. ഇപ്പോഴും അറബിക്കടലിലെ ന്യൂനമർദത്തെ ചുഴലിക്കാറ്റെന്നു വിളിക്കാറായിട്ടില്ല. ഞായർ ഉച്ചയോടെ തീവ്രന്യൂനമർദമായി മാറിയിട്ടുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് അതിതീവ്രന്യൂനമർദമായി മാറും. 24 മണിക്കൂറിനുള്ളിൽ (തിങ്കൾ രാവിലെ എട്ട് മണിയോടെ) ഇതു ചുഴലിക്കാറ്റായി മാറുമ്പോഴേ ഐഎംഡി ഇതിനെ ചുഴലിയായി പ്രഖ്യാപിക്കുകയുള്ളൂ. കാറ്റിന്റെ വേഗം, കുറഞ്ഞതു മണിക്കൂറിൽ 70 കിലോമീറ്റർ കടക്കുമ്പോഴാണു ന്യൂനമർദങ്ങൾ ചുഴലി അഥവാ സൈക്ലോണുകളാകുന്നത്. 60 കിലോമീറ്റർ മുതൽ മുകളിലോട്ടാവും കാറ്റിന്റെ വേഗം. 12 വരെ അറബിക്കടലിന്റെ മധ്യഭാഗത്തേക്കു പോകരുതെന്നാണു മൽസ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പ്. 

മറ്റൊരു ന്യൂനമർദം

വടക്കൻ ആൻഡമാൻ കടലിൽ ഞായർ ഉച്ചയോടെ ന്യൂനമർദം രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി മാറി ഒഡീഷ തീരത്തെത്തും. ഇതിന്റെ ഫലമായി ബംഗാൾ ഉൾക്കടലും പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട് തീരത്തും കനത്ത ജാഗ്രത പുലർത്തണമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.