തിരുവനന്തപുരം∙ ഒാഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിക്കുന്നു. വിഴിഞ്ഞത്തെത്തിയ മുഖ്യമന്ത്രിക്കുനേരെ മൽസ്യത്തൊഴിലാളികൾ പ്രതിഷേധം ഉയർത്തി. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മൽസ്യത്തൊഴിലാളികൾ രോഷപ്രകടനം നടത്തിയത്. എന്നാൽ മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തിൽ കയറാനായില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനത്തിലാണ് മുഖ്യമന്ത്രി പോയത്. പൊലീസ് കനത്ത വലയം തീർത്താണു മുഖ്യമന്ത്രിയെ കടത്തിവിട്ടത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ജില്ലാ കലക്ടർ കെ. വാസുകിയും മുഖ്യമന്ത്രിയുടെ സംഘത്തിനൊപ്പമുണ്ട്.
മല്‍സ്യത്തൊഴിലാഴികളുടെ ഉത്കണ്ഠയ്ക്കൊപ്പം സര്‍ക്കാരുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്തു പറഞ്ഞു. ഇത്ര വലിയ ദുരന്തം ആദ്യമാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരും. മല്‍സ്യത്തൊഴിലാളികളെക്കൂടി സഹകരിപ്പിച്ചു ശ്രമം വിജയിപ്പിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം സെന്റ് മേരീസ് പള്ളിയിൽ വച്ചാണ് മുഖ്യമന്ത്രി ജനങ്ങളെ കണ്ടത്. സ്ത്രീകളടക്കമുള്ള ദുരന്തബാധിതർ അലറിനിലവിളച്ചാണ് മുഖ്യമന്ത്രിയോട് സങ്കടം പറഞ്ഞത്. അതേസമയം, മുഖ്യമന്ത്രി പൂന്തുറ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അതു റദ്ദാക്കി.
ഭീതി വിട്ടൊഴിയാതെ കേരളം
ഒാഖി ചുഴലിക്കാറ്റിന്റെ പ്രഭാവം മങ്ങിയിട്ടും ദുരന്തഭീതി വിട്ടൊഴിയാതെ കേരളം. ഇനിയും മടങ്ങിവരാത്തവരെ തേടി ഉറ്റവർ കടലിലേക്കു പോയി. ബന്ധുക്കളുടെയും നാട്ടുകാരുടെയും നെഞ്ചിൽ ഭയത്തിന്റെ തിരമാലകൾ ആഞ്ഞടിക്കുകയാണ്. മരണസംഖ്യ ഉയരുന്നതും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങളും തീരപ്രദേശത്തെ പിടിച്ചുലയ്ക്കുന്നു.
ഞായറാഴ്ച എട്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കേരളത്തിലെ മരണം 24 ആയി. വിവിധ സ്ഥലങ്ങളിലായി 69 പേരെ രക്ഷിക്കാനായതു നേട്ടമാണ്. നാവികസേന രക്ഷിച്ച നാലു തൊഴിലാളികളെ ശംഖുമുഖത്തും 16 പേരെ കൊല്ലം ശക്തികുളങ്ങരയിലും എത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ച 19 പേരെ കൊച്ചി ചെല്ലാനത്ത് എത്തിച്ചു. കൊച്ചിയിൽ നിന്നു കഴിഞ്ഞ 28–നു പോയ നാലു ബോട്ടുകളിലെ ആറു മലയാളികളടക്കം 36 തൊഴിലാളികൾ സുരക്ഷിതരായി കണ്ണൂർ അഴീക്കൽ തുറമുഖത്തെത്തി. കിങ്ഫിഷർ, വിന്നരാശി, മൗണ്ട് സിനായ്, എടത്താമര എന്നീ ബോട്ടുകളാണു തിരിച്ചെത്തിയത്. അഴീക്കലിലെത്തിയ തൊഴിലാളികൾ ട്രെയിനിൽ നാട്ടിലേക്കു മടങ്ങി. ദുരന്തത്തിൽ പെട്ടു വരുന്നവരുടെ പേരു വിവരം ശേഖരിച്ചതല്ലാതെ, അധികൃതർ സഹായമൊന്നും നൽകിയില്ലെന്നു വ്യാപകമായ പരാതിയുണ്ട്.
അതിനിടെ നാവികസേനയുടെ മറ്റൊരു സംഘം രക്ഷിച്ച 22 തൊഴിലാളികളുമായുള്ള കപ്പല്‍ ബേപ്പൂരിലെത്തി. പൂന്തുറയില്‍നിന്നുള്ള അഞ്ചുപേര്‍ ലക്ഷദ്വീപിലേക്കു നീന്തിക്കയറി. തമിഴ്നാട്ടില്‍നിന്നുള്ള 28 തൊഴിലാളികളുമായി മൂന്നു ബോട്ടുകള്‍ കണ്ണൂര്‍ അഴീക്കൽ തീരത്തെത്തി. 92 പേരെ ഇനി രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്. എന്നാൽ അതിനേക്കാൾ കൂടുതൽ വരുമെന്നാണു നാട്ടുകാരുടെ നിഗമനം.
രക്ഷാപ്രവർത്തനത്തിന് മൽസ്യത്തൊഴിലാളികളും
തിരുവനന്തപുരം പൂന്തുറയില്‍നിന്നു നാല്‍പതും വിഴിഞ്ഞത്തുനിന്നു പതിനഞ്ചും വള്ളങ്ങളിലായി നൂറിലേറെ മല്‍സ്യത്തൊഴിലാളികളാണു രക്ഷാപ്രവർത്തനത്തിനു കടലിലേക്കു പുറപ്പെട്ടത്. ഭക്ഷണം, വെള്ളം എന്നിവയ്ക്കുപുറമെ വയര്‍ലസ് സംവിധാനവും എല്ലാ വള്ളങ്ങളിലും ഒരുക്കിയിട്ടുണ്ട്.
സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനും പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തിരുവനന്തപുരത്ത് എത്തും. ദുരിതബാധിത മേഖലകൾ കേന്ദ്രമന്ത്രി സന്ദർശിക്കും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
ശനിയാഴ്ച രാത്രിയോടെ തീരപ്രദേശങ്ങളില്‍ കനത്ത കടലാക്രമണമുണ്ടായി. പലയിടത്തും കൂറ്റന്‍ തിരകള്‍ തീരത്തേക്ക് അടിച്ചു കയറിയത് പരിഭ്രാന്തി പരത്തി. തീരദേശത്തെ റോഡുകളെല്ലാം വെള്ളത്തിലായി. ഞായറാഴ്ച വലിയ തോതിൽ മഴയും കാറ്റുമുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. വളരെ ഉയരത്തിൽ തീരപ്രദേശത്തു തിരമാലകൾ അടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഹാരാഷ്ട്രയിലെത്തിയവരെ തിരിച്ചുകൊണ്ടുവരാൻ സംഘം പുറപ്പെട്ടു
ചുഴലിക്കാറ്റ് അപകടത്തിൽനിന്നു രക്ഷപ്പെട്ടു മഹാരാഷ്ട്രയിലെ ദേവ്ഗഡ് തുറമുഖത്തെത്തിച്ചേർന്ന മലയാളികൾക്ക് ആവശ്യമായ സഹായം നൽകാനും അവരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിയെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം ദേവ്ഗഡിലേക്കു തിരിച്ചു.
തമിഴ്നാട്ടിൽ മരണം 19
ആകെ 690 മൽസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി തമിഴ്നാട് റവന്യൂ കൺട്രോൾ റൂം അറിയിച്ചു. അവിടെ മരണ സംഖ്യ 19 ആയി. 96 പേരെ കാണാനില്ല. 63 പേർ ആശുപത്രിയിലാണ്. 74 വീടുകൾ പൂർണമായി തകർന്നു. 1,122 വീടുകൾ ഭാഗികമായും തകർന്നു. രാവിലെ പത്തുമണിയോെട 357 മൽസ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
ഓഖി മങ്ങി, പ്രതിഷേധം കനത്തു
രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർക്കിടയിൽ വ്യാപക പരാതിയുണ്ട്. പൂന്തുറയിൽ ഉൾപ്പെടെ തീരപ്രദേശത്ത് റോഡ് ഉപരോധിക്കുകയാണ്. തിരച്ചിലിന്‍റെ പേരില്‍ സര്‍ക്കാര്‍ പറ്റിച്ചെന്നു മല്‍സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. രക്ഷാപ്രവർത്തനത്തിൽ ഉണ്ടായ വീഴ്ചയിൽനിന്നു മുഖം രക്ഷിക്കാൻ സർക്കാരും ഉത്തരവാദപ്പെട്ടവരും ശ്രമിക്കുന്നുവെന്നു ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയാണു ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നു വിഴിഞ്ഞം ഇടവക വികാരി ബി. വിന്‍സെന്‍റ് പറഞ്ഞു. അഞ്ചു ദിവസമായി തിരച്ചിലിന്‍റെ പേരില്‍ സര്‍ക്കാര്‍ മല്‍സ്യതൊഴിലാളികളെ പറ്റിക്കുന്നതായി പൂന്തുറ ഇടവക വികാരി ഫാ. ജസ്റ്റിന്‍ ജൂഡിൻ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതിനാലാണു മല്‍സ്യതൊഴിലാളികള്‍ തിരച്ചിലിനിറങ്ങാന്‍ നിര്‍ബന്ധിതരായത്.
മുഖ്യമന്ത്രിയും റവന്യുമന്ത്രിയും തമ്മിലുള്ള ശീതസമരം രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി എന്തുകൊണ്ട് ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ചില്ലെന്നു വ്യക്തമാക്കണം. സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ല. ദുരിതം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഏകോപനമുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.
ദുരന്തം നാലാം ദിവസത്തിലേക്കു കടന്നിട്ടും കൃത്യമായ കണക്കുകളും മികച്ച രക്ഷാപ്രവർത്തനവും ഇല്ലാതെയാണു സർക്കാരിന്റെ പ്രവർത്തനമെന്ന് ആക്ഷേപമുണ്ട്. ചുഴലിക്കൊടുങ്കാറ്റിന്റെ മുന്നറിയിപ്പു മനസ്സിലാക്കുന്നതിലും അറിയിക്കുന്നതിലും കാണിച്ച ഗൗരവമായ വീഴ്ച രക്ഷാപ്രവർത്തനത്തിലും തുടരുന്നുവെന്നാണു പരാതി.