Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാര്യങ്ങൾ തീരുമാനിക്കേണ്ടത് കുശിനിക്കാരനല്ല; കാനത്തിന് ജയരാജിന്റെ മറുപടി

Kanam Rajendran

കോട്ടയം∙ കേരള കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി പാർട്ടി എംഎൽഎ ഡോ. എൻ.ജയരാജ്. മുന്നണി പ്രവേശനത്തില്‍ തീരുമാനം പറയേണ്ടത് കാരണവന്മാരാണ്. അവിടെ കുശിക്കാർക്കെന്താണു കാര്യം. കേരള കോൺഗ്രസ് ഒരു മുന്നണിയിലും അപേക്ഷ നൽകി കാത്തിരിക്കുന്നില്ലെന്നും അദേഹം പറഞ്ഞു.

ബാർ കോഴക്കേസിലും ഇപ്പോൾ സോളർ കേസിലും പെട്ടിരിക്കുന്ന കേരള കോൺഗ്രസിനെ (എം) തൈലം തളിച്ചെടുക്കേണ്ട ആവശ്യം ഇടതുമുന്നണിക്ക് ഇല്ലെന്നായിരുന്നു കാനം രാജേന്ദ്രന്റെ പ്രസ്താവന. ആർക്കും എപ്പോഴും വന്നു പോകാവുന്ന സ്ഥലമല്ല ഇടതുമുന്നണി. ഈ മുന്നണിയിൽ വർഷങ്ങളായി അകത്തേക്ക് പ്രവേശനം കാത്തിരിക്കുന്ന ഘടക കക്ഷികൾ വേറെയുണ്ടെന്നും കാനം പറഞ്ഞിരുന്നു. 

കയ്യേറ്റക്കാരെ ഒരു തരത്തിലും സംരക്ഷിക്കുന്ന നയം മുന്നണിക്കില്ല. അതേസമയം അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുക എന്നതാണ് പ്രഖ്യാപിത നയം. ഇതിൽ നിന്നും വ്യതിചലിക്കേണ്ട സാഹചര്യമില്ല. ചെന്നൈയിൽ ഹരിത ട്രൈബ്യൂണലിൽ, സിപിഐ കക്ഷി ചേർന്നതിൽ തെറ്റില്ല.  ഇതുകൊണ്ട് പാർട്ടി മുന്നണിക്കെതിരാണെന്ന് അർഥമില്ല. കേസിൽ ആർക്കും കക്ഷി ചേരാം. കർഷകസംഘവും കക്ഷി ചേർന്നിട്ടുണ്ട്. 

മൂന്നാർ എന്തെന്ന് അറിയാത്തവരാണ് കേസുമായി പോകുന്നതെന്ന എസ്.രാജേന്ദ്രൻ എംഎൽഎ യുടെ പരാമർശത്തോട് പ്രതികരിക്കുന്നില്ല. അതെല്ലാം മന്ത്രി തലത്തിൽ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.  മന്ത്രി എം.എം.മണിയുടെ അഭിപ്രായത്തെക്കുറിച്ച് അങ്ങേരോടുതന്നെ ചോദിക്കണമെന്നും കാനം പറഞ്ഞിരുന്നു.