തിരുവനന്തപുരം∙ താജ് ഹോട്ടലിന്റെ ഇടനാഴിയിലേക്ക് തീക്ഷ്ണമായ നോട്ടവുമായി പ്രകാശ് രാജ് ഇറങ്ങിവന്നു, അതിലേറെ തീക്ഷ്ണമായ ചിരിയുമായി. ഉള്ളിലെരിയുന്ന കനലിന്റെ വെളിച്ചം ആ മുഖത്തുണ്ട്. അതിലേറെ വാക്കുകളിലുണ്ട്. ബെംഗളൂരുവിലെ കലാക്ഷേത്രയില്‍ തെരുവുനാടകവുമായി സജീവമായിരുന്ന കാലത്തുണ്ടായിരുന്ന രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ് ഇപ്പോഴും പ്രകാശ് രാജിന്. ജീവിക്കാനുള്ള അവകാശങ്ങള്‍ക്കുനേരെ ഭരണകൂടത്തിന്റെ ഇടപെടലുകളുണ്ടാകുമ്പോഴെല്ലാം പ്രകാശ് രാജ് ശക്തമായി പ്രതികരിച്ചു, പ്രതികരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി സിനിമയായ പത്മാവതിയുടേയും മലയാളസിനിമ എസ് ദുര്‍ഗയുടേയും പ്രദര്‍ശനാനുമതി നീണ്ടുപോകുമ്പോള്‍ പ്രകാശ് രാജ് സംസാരിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും.
∙മലയാളത്തിലെ എസ് ദുര്‍ഗയടക്കം വിവിധ സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നു. ഒരു സമയത്ത് മറ്റു രാജ്യങ്ങളിലെ സിനിമാ പ്രവര്‍ത്തകരില്‍നിന്ന് കേട്ട കാര്യങ്ങളാണ് ഇപ്പോള്‍ ഇവിടെയുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. എങ്ങനെയാണ് ഈ കാലഘട്ടത്തെ നോക്കിക്കാണുന്നത്?
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വൃത്തികെട്ട തെരുവുകളുണ്ട്. പലതിന്റെയും പേര് ദുര്‍ഗാ തെരുവെന്നാണ്. ചിലയിടങ്ങളില്‍ ദുര്‍ഗാ വൈന്‍സുണ്ട്. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവയാണിത്. ഇതിനെതിരെയൊന്നും പ്രതികരിക്കാത്തവരാണു എസ്. ദുര്‍ഗ എന്ന സിനിമയ്ക്കെതിരെ പ്രതികരിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞ ഈ സ്ഥലങ്ങളില്‍ പല തെറ്റായ പ്രവൃത്തികളും നടക്കുന്നുണ്ട്. അതൊന്നും കാണാത്തവര്‍ എസ് ദുര്‍ഗയെന്ന സിനിമയെ മാത്രം കാണുന്നു.
പത്മാവതി സിനിമയുടെ വിഷയവും അതു തന്നെയാണ്. പത്മാവതി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒരു രാജ്ഞിയാണ്. അവരെക്കുറിച്ച് വളരെക്കുറച്ച് അറിവുമാത്രമേ ചരിത്രകാരന്‍മാര്‍ക്കുമുള്ളൂ. സംവിധായകന്‍ തന്റെ കാഴ്ചപാടിലൂടെയാണ് സിനിമ ഒരുക്കുന്നത്. അത് എന്താണെന്ന് കാണാതെയാണ് വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നത്. സിനിമ കാണാതെ വിമര്‍ശനങ്ങള്‍ മാത്രം വരുന്നു. സുപ്രീം കോടതി പോലും വിഷയം സെന്‍സര്‍ ബോര്‍ഡിനു വിട്ടു. എന്നാലും മാനസിക രോഗമുള്ള ചിലര്‍ ഒരു കാര്യവുമില്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
∙മറ്റുള്ള മതക്കാരെ കെട്ടുകെട്ടിക്കുന്നവര്‍ എങ്ങനെ ഹിന്ദുവാകും?
ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണ്. നാം നമ്മുടെ സുരക്ഷിതമായ ഇടങ്ങളില്‍ നിന്നും ഉണര്‍ന്ന് എണീക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഹിന്ദുത്വവും ദേശീയതയും ഒന്നാണെന്നു കരുതുന്ന ചില മൂഢരാണ് രാജ്യം ഭരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഹിന്ദുത്വമെന്നു പറയുന്നത് ഒരു ജീവിതശൈലിയാണ്. ഇതേക്കുറിച്ച് നിരവധി വാഗ്വാദങ്ങള്‍ നടക്കുന്നുണ്ട്. ഒരു പ്രത്യക മതവിഭാഗത്തെ മാത്രം ഇവിടെനിന്നും കെട്ടുകെട്ടിക്കണമെന്നു പറയുന്നവന്‍ എങ്ങനെ ഹിന്ദുവാകും. ഹിന്ദുത്വം എന്താണെന്ന് അറിയാത്തവരാണ് അവര്‍.
ഹിന്ദുത്വത്തിന്റെ പേരില്‍ കള്ളങ്ങള്‍ പറയുന്നത് മതിയാക്കി മനസ്സിലുള്ളതു മാത്രം പറഞ്ഞാല്‍ പോരെ. ജാതിയുടെ പേരില്‍ വെല്ലുവിളിച്ചാല്‍ കൊല്ലുന്നതാണു രീതിയെങ്കില്‍ അതു ജനം മനസിലാക്കണം. സംസ്ഥാന മുഖ്യമന്ത്രിമാരെ നിശിതമായി വിമര്‍ശിക്കുന്ന ഹൈക്കോടതി വിധികള്‍ എങ്ങനെയാണ് രാജ്യത്ത് വര്‍ധിക്കുന്നത്. പിന്നീട് സംഭവിക്കുന്നത് കോടതിയില്‍ അനുകൂലവിധി തേടിപ്പോകുന്ന കാഴ്ചയാണ്. ജുഡീഷ്യറിക്ക് അനഭിമിതരായാല്‍ ഇറങ്ങിപ്പോകണം. അതാണു ജനാധിപത്യത്തില്‍ വേണ്ടത്.
ഒരു മനുഷ്യനെ അടിച്ചുകൊന്ന് തീ കൊളുത്തുന്ന കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്ന മാനസികാവസ്ഥയാണ് രാജ്യത്തുള്ളത്. ആ ദൃശ്യവും സന്ദേശവും ഓരോരുത്തരുടെയും മനസില്‍ വര്‍ഷങ്ങളോളം കിടക്കും. അത് ഓരോരുത്തരും കാണുന്ന കാഴ്ചപ്പാടിലാകും ചിന്തയുടെ ആ വിത്തു കിടക്കുക. ഒരാളുടെ തലയ്ക്ക് കോടികള്‍ വിലയിടുന്ന രാഷ്ട്രീയക്കാരും രാജ്യത്തുണ്ട്. അതിനുള്ള ധൈര്യം അവര്‍ക്ക് എവിടെ നിന്നാണു കിട്ടുന്നത്.
∙ രാഷ്ട്രീയം പ്രൊഫഷനാകരുത്, സേവനമാകണം
ഇതാണ് ഞങ്ങളുടെ നേതാവെന്ന് ആരെങ്കിലും ഒരാള്‍ മാത്രം പറഞ്ഞാല്‍ ഒരാളും യഥാര്‍ഥ നേതാവാകില്ല. ആരാണ് ഞങ്ങളുടെ നേതാവെന്ന് ജനങ്ങള്‍ കൂട്ടത്തോടെയാണു തീരുമാനിക്കുന്നത്. രാഷ്ട്രീയം ഒരു പ്രഫഷനായി കാണരുത്. അതൊരു സേവനമായി കാണണം. വോട്ടു ചെയ്യുന്നതിനു മുന്‍പ് ജനങ്ങള്‍ തീരുമാനിക്കണം നേതാവ് ആരായിരിക്കണമെന്ന്. ഒരാളുടെ ആരാധകനായി മാത്രം വോട്ടു ചെയ്യുന്നതു ശരിയല്ല. അങ്ങനെ വോട്ടു ചെയ്യുന്നത് ഒരു പ്രത്യേക മതത്തിനോ സമുദായത്തിനോ വോട്ടു ചെയ്യുന്നതു പോലെയാണ്. മറ്റുള്ളവര്‍ക്ക് പ്രത്യാശയുടെ പ്രകാശം നല്‍കാമെന്ന വാഗ്ദാനം നല്‍കുമ്പോള്‍ മാര്‍ഗദീപമായി മാറാന്‍ നമുക്ക് കഴിവുണ്ടോയെന്ന് സ്വയം ചിന്തിക്കണം.
∙രാഷ്ട്രീയത്തിലേക്കില്ല, അതിനുള്ള ധൈര്യം ഇപ്പോഴില്ല
രാഷ്ട്രീയത്തിലേക്ക് ഞാനില്ല. കാരണം, രാഷ്ട്രീയത്തോട് ബഹുമാനമാണ്. എനിക്ക് ഉള്ളതിനേക്കാള്‍ ജ്ഞാനവും ദീര്‍ഘവീക്ഷണവും രാഷ്ട്രീയത്തിന് ആവശ്യമാണ്. മറ്റുള്ളവരേക്കാള്‍ നല്ലയാളാണ് ഞാനെന്ന് ഉണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയത്തില്‍ പ്രവേശിക്കാവൂ. അതിനുള്ള ധൈര്യം എനിക്കില്ല. ലങ്കേഷിനെ പോലെയുള്ള പച്ചമനുഷ്യരെ കണ്ടാണു എന്നെപ്പോലെയുള്ളവര്‍ വളര്‍ന്നത്. അതിനാല്‍ രാഷ്ട്രീയത്തെക്കുറിച്ച് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസിലുണ്ട്.
∙തമിഴ്നാട്ടില്‍ സര്‍ക്കാരേയില്ല
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ തന്നെയില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ടെങ്കില്‍ മാത്രമേ സാമൂഹിക മുന്നേറ്റം പ്രതീക്ഷിക്കാനാവൂ. തമിഴ്നാട്ടില്‍ അധികാരം നിലനിര്‍ത്താനുള്ള ഓട്ടത്തിലാണ് രാഷ്ട്രീയക്കാര്‍. അതിനിടെ അവരെ തിരഞ്ഞെടുത്ത ജനങ്ങളെ നോക്കാന്‍ സമയമില്ല. വളരെ മോശമായ സാഹചര്യമാണത്. അവിടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
∙കേരളം എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാട്
എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിദ്വേഷങ്ങളില്ല. കുഴപ്പങ്ങള്‍ ഇല്ലെന്നല്ല. മറ്റുള്ള ഇടങ്ങളെ അപേക്ഷിച്ച് കേരളം സുരക്ഷിതമായ ഇടമാണ്. ഒരു ഇസ്ലാം മതവിശ്വാസിയെ കേന്ദ്രകഥാപാത്രമാക്കി ധൈര്യമായി കേരളത്തില്‍ സിനിമ ചെയ്യാം. സാമൂഹികമായും സാംസ്‌കാരികമായും ഏറെ മുന്നേറിയ സംസ്ഥാനമാണു കേരളം.
∙കേരളത്തിലുള്ളവരോട് പറയാനുള്ളത്
ദയവായി നിങ്ങള്‍ ഇപ്പോള്‍ ഉള്ളതുപോലെ തുടരൂ. ജാതിമത ഭേദമില്ലാതെ എല്ലാവരെയും സ്നേഹിക്കൂ. കേരളത്തിനു മാത്രമേ അതു സാധിക്കൂ.