Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാന്‍‌ ഹിന്ദു വിരുദ്ധനാകില്ല; ഭീരുക്കള്‍ ആ പണി തുടരട്ടെ: പ്രകാശ് രാജ്

Prakash Raj

ബെംഗളൂരു∙ നടൻ പ്രകാശ് രാജിനെതിരെ വീണ്ടും പരാതി. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണു താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ബെംഗളൂരുവിലെ കിരൺ എന്ന അഭിഭാഷകനാണു കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പ്രകാശ് രാജ് നടത്തിയ പ്രസ്താവനയിൽ ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ചു സംസാരിച്ചു എന്നാണ് ഉയരുന്ന വാദം. എന്നാൽ‌ ഇതിനെതിരെ രൂക്ഷ പരിഹാസത്തിലൂടെയായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

‘ഞാൻ നിങ്ങൾക്കെതിരെ ശബ്ദിക്കുന്നതു കൊണ്ടു വ്യാജ പരാതികളുണ്ടാക്കി എന്നെ ഹിന്ദു വിരുദ്ധനാക്കാനാണോ ശ്രമിക്കുന്നത്. ഇൗ വെറുപ്പിന്റെയും കള്ളത്തരത്തിന്റെയും കപട രാഷ്ട്രീയവുമായി എത്ര നാൾ നിങ്ങൾ മുന്നോട്ടു പോകും. നിങ്ങളുടെ ജോലി തുടർന്നോളൂ ഭീരുക്കളെ..’ പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.

വിവാദമുണ്ടാക്കിയ വാക്കുകൾ ഇങ്ങനെ – ‘പശുക്കളെക്കുറിച്ചു നിങ്ങള്‍ക്ക് ഒന്നും അറിയില്ല. അറിയുന്നതു പശുവിന്റെ മൂത്രത്തെ കുറിച്ചു മാത്രമാണ്. നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണമെങ്കില്‍ ഒരു കിലോ പശുവിന്‍ ചാണകം, രണ്ടു ലീറ്റര്‍ പശുവിന്റെ മൂത്രം എന്നിവ വേണം. പശുവിന്റെ മൂത്രത്തെ കുറിച്ചല്ലാതെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല, അതിനാല്‍ ഈ കഥയുമായി വരരുത്,’ എന്നായിരുന്നു പ്രകാശ് രാജിന്റെ വാക്കുകൾ. ഇതാണു ചിലരെ ചൊടിപ്പിച്ചത്.

ഹിന്ദു സമൂഹത്തിനെതിരെ അപകീര്‍ത്തിയുണ്ടാക്കുന്നതാണ് ഈ പ്രസ്താവനയെന്നും പ്രകാശ് രാജ് പരിഹസിച്ചുവെന്നും ഇയാള്‍ പരാതിയിൽ പറയുന്നു. ഐപിസി സെക്ഷന്‍ 295 (എ) പ്രകാരം പ്രകാശ് രാജ്‌ക്കെതിരെ നടപടിയെടുക്കാനും ഹനുമന്താനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടറോട് 156 (3) വകുപ്പ് പ്രകാരം കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടണമെന്നും അഭിഭാഷകന്റെ പരാതിയില്‍ പറയുന്നു.