അരീക്കോട്∙ വിദ്യാർഥികൾക്കു ലഹരി ഗുളികകൾ വിതരണം ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ അന്യസംസ്ഥാനക്കാരനായ യുവാവ് പൊലീസ് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടു. കൊൽക്കത്ത ഹസ്നാബാദ്, ബയ്‌ലാനി ബിസ്പൂർ വില്ലേജിൽ മുഹമ്മദ് റസൽ (20)നെയാണു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നത്. ഇന്നു പുലർച്ചയ്ക്ക് അഞ്ചിനും ആറിനും ഇടയിൽ സ്റ്റേഷനിലെ സെല്ലിൽനിന്നു രക്ഷപ്പെട്ടതായാണു വിവരം. വിദ്യാലയങ്ങളും കോളജുകളും കേന്ദ്രീകരിച്ചു വിദ്യാർത്ഥികൾക്കു ലഹരി ഗുളികകൾ വിതരണം ചെയ്തുവന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
മാനസിക രോഗമുള്ളവർക്കും മറ്റും നൽകുന്ന നൈട്രോ സൺ എന്ന പേരുള്ള നൂറോളം ഗുളികകളാണ് ഇയാളിൽനിന്നു പിടിച്ചെടുത്തത്. ലഹരിക്ക് അടിമകളായ യുവാക്കളിൽ സൺ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഡോക്ടറുടെ ഒപ്പും സീലും ഉള്ള കുറുപ്പടിയും ഒരു കോപ്പിയും നൽകിയാൽ മാത്രം മെഡിക്കൽ ഷോപ്പിൽനിന്നു കിട്ടുന്ന മരുന്നാണിത്. കുട്ടികളുടെ ഇടയിൽ വ്യാപകമായി ഉപയോഗിക്കുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇതിനു മുൻപും തമിഴ്നാട്ടിൽ നിന്ന് എത്തിച്ചു ഗുളികകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേപേഷ് കുമാർ ബഹ്റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശ പ്രകാരമായിരുനു ഇയാളെ പിടികൂടിയത്.