Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരിമരുന്നു ഭീഷണി: ട്രംപിന്റെ പട്ടികയിൽ ഇന്ത്യയും; ആകെ 21 രാജ്യങ്ങള്‍

Donald Trump

വാഷിങ്ടന്‍∙ ലഹരിമരുന്നു നിർമാണത്തിലും കടത്തലിലും ഉൾപ്പെട്ടിട്ടുള്ള 21 രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, മ്യാൻമാർ എന്നിവയാണു പട്ടികയിലുള്ള മറ്റ് ഏഷ്യൻ രാഷ്ട്രങ്ങൾ. ലഹരിമരുന്നു വ്യാപാരത്തെ ചെറുക്കാൻ ഒരു രാഷ്ട്രം നടത്തുന്ന ശ്രമങ്ങളോ ഇക്കാര്യത്തിൽ യുഎസുമായുള്ള സഹകരണമോ പ്രതിഫലിക്കുന്നതാകണമെന്നില്ല, പട്ടികയിലെ ഒരു രാഷ്ട്രത്തിന്‍റെ സ്ഥാനമെന്നു ട്രംപ് വിശദമാക്കി. ലഹരിമരുന്നിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളും പട്ടികയിൽ ഉൾപ്പെടാം. ലഹരിമരുന്നു നിർമാണത്തിനും കടത്തലിനും സഹായകരമാകുന്ന ഭൂമിശാസ്ത്രപരവും വാണിജ്യപരവും സാമ്പത്തികപരവുമായ ഘടകങ്ങൾ കൂടി പരിഗണിച്ചാണു പട്ടികയ്ക്കു രൂപം നൽകുന്നതെന്നും ട്രംപ് പറഞ്ഞു.

ലഹരിമരുന്നു നിർമാണത്തിനും കടത്തലിനുമെതിരെയുള്ള രാജ്യാന്തര കരാറുകൾക്കനുസൃതമായി കഴിഞ്ഞ 12 മാസത്തിനുള്ളിൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട രാജ്യങ്ങളാണ് ബൊളീവിയയും വെനസ്വേലയും. ലഹരിമരുന്നിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാൻ തന്‍റെ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ലഹരിമരുന്നു നിർമാണവും വ്യാപാരവും നടക്കുന്ന രാഷ്ട്രങ്ങളും സമാന നിലപാടു സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും ട്രംപ് കൂട്ടിച്ചേർ‌ത്തു.

‘കൊളംബിയ, മെക്സികോ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ലഹരിമരുന്ന് നിർമാണവും കടത്തലും കഴിഞ്ഞ ഏതാനും വർഷമായി ആശങ്കപ്പെടുത്തുന്ന വിധമാണു വർധിച്ചുവരുന്നത്. ലഹരിമരുന്നുകളുമായുള്ള ഈ രാജ്യങ്ങളുടെ ബന്ധം യുഎസിന്‍റെ ദേശീയ താൽപര്യങ്ങളെയും പൗരൻമാരുടെ ആരോഗ്യത്തെയും നേരിട്ടു ബാധിക്കുന്നു.

മെക്സിക്കോയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹെറോയിനും കൊളംബിയയിൽ നിർമിക്കുന്ന കൊക്കെയ്നും ആയിരക്കണക്കിനു യുഎസ് പൗരൻമാരുടെ ജീവനാണ് ഓരോ വർഷവും കവരുന്നത്. ലഹരിമരുന്നുകളുടെ വിപണനത്തിലൂടെ അഫ്ഗാനിസ്ഥാൻ സ്വന്തമാക്കുന്ന പണം താലിബാനെ പോലുള്ള തീവ്രവാദ സംഘടനകളിലേക്കാണ് ഒഴുകുന്നത്. അഫ്ഗാനിസ്ഥാന്‍റെ സുരക്ഷയ്ക്കായി പടപൊരുതുന്ന സൈനികരെയാണ് ഇത് ആത്യന്തികമായി ബാധിക്കുന്നത്.

ലഹരിമരുന്നു നിർമാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന ക്രിമിനൽ സംഘങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങൾ ഇരട്ടിയാക്കി ഇവയുടെ നിർമാർജനത്തിൽ ക്രിയാത്മകമായ പുരോഗതി കൈവരിക്കാൻ വരും വർഷത്തിൽ ഈ രാജ്യങ്ങൾക്കു കഴിയണം’ – യുഎസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു.