Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിപ്ലബിനു വിധിച്ചിരിക്കുന്നത് മരണശിക്ഷ; ലഹരിമാഫിയയുടെ പകപോക്കലെന്ന് ബിജെപി

biplab-kumar-deb ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്

അഗർത്തല∙ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ വധിക്കാൻ മ്യാൻമറിലെ ലഹരി കടത്തു മാഫിയ ശ്രമിക്കുന്നതായി ബിജെപി എംഎൽഎ. ത്രിപുരയിെല മുൻ മന്ത്രി കൂടിയായ രത്തൻ ചക്രവർത്തിയാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ലഹരിക്കടത്തു സംഘത്തലവൻമാർ മ്യാൻമറിന്റെ തലസ്ഥാനമായ നയ്പൈഡോവിൽ അടുത്തിടെ യോഗം ചേർന്ന് ബിപ്ലബ് ദേബിനെ ഇല്ലാതാക്കുന്നതു സംബന്ധിച്ചു ചർച്ച നടത്തിയെന്നും ചക്രവർത്തി വ്യക്തമാക്കി.

അധികാരത്തിലെത്തിയതിനുപിന്നാലെ ലഹരിക്കടത്തു മാഫിയയ്ക്കെതിരെ ശക്തമായ നടപടികൾ ബിപ്ലബ് എടുത്തിരുന്നു. ബിപ്ലബിന്റെ ഇതുവരെയുള്ള ഭരണത്തിൽ 41,000ൽ അധികം കിലോ മരിജുവാന, 80,000 കുപ്പി വ്യാജ കഫ് സിറപ്പ്, മ്യാൻമറിൽ നിർമിക്കുന്ന യൂബ ഉൾപ്പെടെയുള്ള ലഹരി മരുന്നിന്റെ 1.35 ലക്ഷം ടാബ്‌ലറ്റുകൾ, രണ്ടു കിലോ ഹെറോയിൻ, 620 ഗ്രാം ബ്രൗൺ ഷുഗർ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഈ കേസുകളിലായി 250 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏഷ്യയിലെ പ്രമുഖ ലഹരിക്കടത്തു തലവന്റെ നേതൃത്വത്തിലാണ് ബിപ്ലബിനെ ഇല്ലായ്മ ചെയ്യാൻ യോഗം ചേർന്നതെന്നും ബിജെപി ആസ്ഥാനത്തു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ചക്രവർത്തി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഭയപ്പെട്ടിരിക്കുകയാണ്. ബിപ്ലബിനെതിരെ മരണശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രിയുൾപ്പെടെ അടിയന്തര യോഗം ചേർന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചു, അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ത്രിപുരയിൽ മുൻപ് അധികാരത്തിലിരുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതു സർക്കാർ ലഹരി മാഫിയയ്ക്ക് കുട ചൂടുകയായിരുന്നെന്ന ആരോപണവും ചക്രവർത്തി ഉന്നയിച്ചു. ഇടതു ഭരണത്തിൻകീഴിൽ സ്വതന്ത്രമായി വിഹരിച്ചിരുന്ന ലഹരിക്കടത്തു മാഫിയയെ ബിപ്ലബ് സർക്കാർ അധികാരത്തിൽ വന്നയുടനെ ശക്തമായി നേരിട്ടു. ഇതിനു പ്രതികാരമായി മുഖ്യമന്ത്രിയെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി എംഎൽഎ രാംപാഡ ജാമതിയയും മുതിർന്ന ബിജെപി നേതാവ് പ്രതിമ ഭൗമിക്കും ചക്രവർത്തിക്കൊപ്പം മാധ്യമസമ്മേളനത്തിൽ പങ്കെടുത്തു.

related stories