ആലപ്പുഴ∙ പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ നടൻ ഫഹദ് ഫാസിലിനു മുൻകൂർ ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ടെമ്പിൾ ആന്റിതെഫ്റ്റ് സ്ക്വാഡ് എസ്പി: സന്തോഷ്കുറിന്റെ മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
സംസ്ഥാനത്തിന് നഷ്ടം വരുത്തി പുതുച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്തുവെന്ന വ്യാജ പരാതി ഉണ്ടായപ്പോൾതന്നെ ഇവിടെ 19 ലക്ഷം രൂപ നികുതിയടച്ചെന്ന് ഫഹദിനു വേണ്ടി അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി. അന്വേഷണത്തോട് സഹകരിക്കുമെന്നും പറഞ്ഞു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിന്മേലുള്ള വാദം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. രണ്ട് ദിവസവും ഫഹദ് ഫാസിൽ ഹാജരായില്ല.