Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുച്ചേരി വാഹന റജിസ്ട്രേഷൻ: അമല പോൾ കള്ളം പറയുന്നെന്ന് ക്രൈംബ്രാഞ്ച്

Amala Paul

തിരുവനന്തപുരം∙ പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പു കേസില്‍ നടി അമല പോളിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. പുതുച്ചേരിയില്‍ വാടക വീടുണ്ടെന്ന മൊഴി ആവര്‍ത്തിച്ചെങ്കിലും നടി രേഖകളൊന്നും ഹാജരാക്കിയില്ല. ഇതോടെ അമല പോൾ ആവര്‍ത്തിച്ച് കള്ളം പറയുന്നുവെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് സംഘം. 

പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ ആഡംബരക്കാര്‍  രജിസ്റ്റര്‍ ചെയ്ത് 20 ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിച്ചതിനാണ് അമല പോളിനെതിരെ കേസെടുത്തിരിക്കുന്നത്. 15ന് അമലയെ തിരുവനന്തപുരത്തു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

തുടര്‍ന്ന് അമലയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ പത്തു ദിവസത്തിനുള്ളില്‍ അന്വേഷണസംഘത്തിന് മുന്നില്‍ വീണ്ടും ഹാജരാകണമെന്നു നിര്‍ദേശിച്ചു. ഇതുപ്രകാരമാണ് കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ അമല പോളെത്തിയതും എസ്.പി. എ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലെ സംഘം വീണ്ടും മൊഴി രേഖപ്പെടുത്തി വിട്ടയച്ചതും.

സിനിമാ ഷൂട്ടിങ്ങിനായി പോകുമ്പോള്‍ താമസിക്കാനായി പുതുച്ചേരിയില്‍ സ്ഥിരമായി വാടകവീടുണ്ടെന്നും ആ മേല്‍വിലാസത്തിലാണ് കാര്‍ റജിസ്റ്റര്‍ ചെയ്തതെന്നുമാണ് അമലയുടെ മൊഴി. എന്നാല്‍ അമല പറയുന്ന വീട്ടില്‍ നേരത്തേ തന്നെ ക്രൈംബ്രാഞ്ചെത്തി പരിശോധിച്ചിരുന്നു.

പല കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു നില അപാര്‍ട്മെന്റാണത്.  ഇതേ വീടിന്റെ മേല്‍വിലാസത്തില്‍ മറ്റു പലരും കാറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അത് അമല പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാടകവീടല്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. മൊഴി സ്ഥിരീകരിക്കുന്ന രേഖകളൊന്നും അമല ഹാജരാക്കിയിട്ടുമില്ല. അതിനാല്‍ അമല പോളിന്റെ മൊഴി കളവെന്ന് അന്വേഷണസംഘം ഉറപ്പിച്ചു.

ഹൈക്കോടതിയില്‍ ചോദ്യം ചെയ്യലിന്റെ വിവരം അറിയിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. നടന്മാരായ സുരേഷ്ഗോപിയെയും ഫഹദ് ഫാസിലിനെയും നേരത്തേ സമാനകേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.

related stories