Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലെ ഭീകരൻ കൊല്ലപ്പെട്ടു; കശ്മീരിൽ തിരച്ചിൽ ശക്തമാക്കി സൈന്യം

Jaish-e-Muhammed പുൽവാമയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. ചിത്രം: എഎൻഐ

ശ്രീനഗർ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിലെ കുപ്രസിദ്ധൻ നൂർ മുഹമ്മദ് കൊല്ലപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിലാണ് ജയ്ഷെയുടെ  ഡിവിഷനൽ കമാൻഡറായ നൂർ മുഹമ്മദിന്റെ മരണം. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ഏറ്റുമുട്ടൽ. നൂർ മുഹമ്മദിനൊപ്പം ഒരു ഭീകരൻ കൂടി ഉണ്ടായിരുന്നതായാണു സൂചന. ഇയാൾക്കായി സൈന്യവും പൊലീസും തിരച്ചിൽ തുടരുകയാണ്.

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന അറിയിപ്പിനെ തുടർന്നു നടത്തിയ പരിശോധനയ്ക്കിടെയാണ് നൂർ മുഹമ്മദ് സൈന്യത്തിനു നേരെ വെടിയുതിർത്തത്. പ്രത്യാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ തിരിച്ചറിഞ്ഞത്.  നൂർ ട്രാലി എന്നറിയപ്പെടുന്ന ഈ  ജയ്ഷെ കമാൻഡർ ഇന്ത്യൻ സേനയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ മുന്‍നിരയിലുണ്ടായിരുന്നയാളാണ്.

പുൽവാരയിലെ സംബൂര മേഖലയിലായിരുന്നു സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. നൂറിൽ നിന്ന് ആയുധവും പിടിച്ചെടുത്തു. നാൽപത്തിയേഴുകാരനായ നൂർ സമീപകാലത്ത് കശ്മീരിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയതായി തെളിഞ്ഞിരുന്നു. 2003ൽ പിടിയിലായ ഇയാളെ 2011ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. തിഹാർ ജയിലിലായിരുന്ന ഇയാൾ ശ്രീനഗറിലെ ജയിലിലേക്കു മാറ്റിയപ്പോൾ പരോളിലിറങ്ങി മുങ്ങുകയായിരുന്നു.

2015ലായിരുന്നു പരോൾ ലഭിച്ചത്. പിന്നീട് പലപ്പോഴായി പരോൾ നീട്ടി. ഒക്ടോബറിൽ ജയ്ഷെ മുഹമ്മദിന്റെ തെക്കൻ കശ്മീരിലെ പ്രവർത്തനങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഇയാൾ എത്തിയതായി സൈന്യത്തിനു വിവരം ലഭിച്ചിരുന്നു. താഴ്‌വരയിലെ സംഘടനയുടെ പ്രവർത്തനങ്ങൾ പുനഃസംഘടിപ്പിക്കുകയായിരുന്നു ചുമതല.