Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി പാർവതിക്ക് സമൂഹമാധ്യമത്തിൽ അധിക്ഷേപം; ഒരാൾ കൂടി പിടിയിൽ

Parvathy

കൊച്ചി∙ നടി പാർവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കോളജ് വിദ്യാർഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്. പാര്‍വതിയെ മാനഭംഗപ്പെടുത്തുമെന്ന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായി പൊലീസ് കണ്ടെത്തി. എറണാകുളം സൗത്ത് പൊലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡയിലെടുത്തത്.

സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാർവതിയുടെ പരാതിയിൽ കഴിഞ്ഞദിവസം തൃശൂർ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എൽ.പ്രിന്റോ (23) അറസ്റ്റിലായിരുന്നു. പെയിന്റിങ് ജോലിക്കാരനായ പ്രിന്റോയെ വടക്കാഞ്ചേരിയിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തന്റെ ആരാധനാപാത്രമായ നടന്റെ സിനിമയെ വിമർശിച്ചതിന് നടിക്കെതിരെ ഫെയ്സ്ബുക്കിൽ ഏഴു പോസ്റ്റുകൾ പ്രചരിപ്പിച്ചെന്നാണ് പ്രിന്റോയ്ക്കെതിരായ കണ്ടെത്തൽ.

കഴിഞ്ഞ 10നു ഐഎഫ്എഫ്കെയുടെ ഭാഗമായി തിരുവനന്തപുരം ടഗോർ തിയറ്ററിൽ സംഘടിപ്പിച്ച സംവാദത്തിൽ കസബ ഉൾപ്പെടെ ചില ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ പാർവതി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്ന്, മമ്മൂട്ടിച്ചിത്രമായ കസബയെ വിമർശിച്ചെന്ന തരത്തിൽ പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചാരണങ്ങൾ നടന്നു. വ്യക്തിഹത്യ നടത്തുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും പ്രചാരണമെത്തിയതോടെയാണു ഡിജിപി ലോക്നാഥ് ബെഹ്റ, കൊച്ചി റേഞ്ച് ഐജി പി.വിജയൻ എന്നിവർക്കു പരാതി നൽകിയത്.

ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു. ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്.

ഇതിനിടെ, ‘കസബ’യുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങൾ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അർഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം എന്നും മമ്മൂട്ടി വ്യക്തമാക്കി.

related stories