Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടയ്ക്കു മുൻപേ ‘പട’മൊരുക്കം: നായകനായി മമ്മൂട്ടിയും

mammootty-andhra യാത്ര എന്ന തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടി.

തൃശൂർ ∙ ആന്ധ്രയിൽ ആരു ജയിച്ചാലും ഭരിച്ചാലും തിരഞ്ഞെടുപ്പിനു മുൻപു മമ്മൂട്ടി തിയറ്റർ ഭരിക്കും. തിരഞ്ഞെടുപ്പിനു മുന്നോടിയായി സിനിമായുദ്ധം പ്രഖ്യാപിച്ച് ആന്ധ്രയിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പോസ്റ്ററും ടീസറും വൻ ഹിറ്റാണ്. 

രണ്ടു സിനിമകളാണു തിരഞ്ഞെടുപ്പിനു മുന്നോടിയായി ആന്ധ്രയിൽ നേർക്കുനേർ എത്തുന്നത്. ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിക്കു വേണ്ടി എൻ.ടി.രാമറാവുവിന്റെ മകൻ ബാലകൃഷ്ണ നായകനായി ഇറങ്ങുന്ന സിനിമയും പ്രതിപക്ഷ കക്ഷിയായ വൈഎസ്ആർ കോൺഗ്രസിനു വേണ്ടി മമ്മൂട്ടി നായകനായി ഇറങ്ങുന്ന യാത്ര എന്ന സിനിമയും. ആദ്യത്തേത് എൻടിആറിന്റെ ആത്മകഥയാണ്. രണ്ടാമത്തേതു വൈഎസ്ആർ കോൺഗ്രസ് സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ വൈ.എസ്.രാജശേഖര റെഡ്ഡി യുടെ ആത്മകഥയും. 

സിനിമ പ്രഖ്യാപിച്ചതു മുതൽ  തെലുങ്കു താരമായ ബാലകൃഷ്ണയ്ക്കായിരുന്നു മുൻതൂക്കമെങ്കിൽ ആദ്യ പോസ്റ്ററും ടീസറും പുറത്തുവിട്ടതോടെ മുൻതൂക്കം മമ്മൂട്ടിയുടെ വൈഎസ്ആറിനായി. 

തെലുങ്കുദേശത്തെ ഞെട്ടിച്ചുകൊണ്ടു വൈഎസ്ആർ 2003ൽ മുഖ്യമന്ത്രി പദത്തിലെത്തിയതു മൂന്നു മാസം നീണ്ട പദയാത്രയിലൂടെയാണ്. ആന്ധ്രയിലെ ചൂട് 50 ഡിഗ്രി കടന്ന കാലത്താണു മൂന്നു മാസം അദ്ദേഹം യാത്ര ചെയ്തത്.

 അദ്ദേഹത്തിന്റെ മുണ്ട് ഉടുക്കൽ അക്കാലത്തു പ്രശസ്തമായി. പരമ്പരാഗത തെലുങ്കു രീതിയിൽ ‘പഞ്ചകെട്ട്’ എന്ന പറയുന്ന രീതിയിൽ മുണ്ടുടുത്താണ് വൈഎസ്ആർ യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ ചരമദിനമായിരുന്ന സെപ്റ്റംബർ രണ്ടിനു റിലീസ് ചെയ്ത ടീസറിലെ മമ്മൂട്ടിയുടെ വേഷ, ഭാവങ്ങൾ വൈഎസ്ആറിന്റെ അതേപോലെയായിരുന്നു. സിനിമയിൽ വിവാദ വിഷയങ്ങൾ പലതുമുണ്ടെന്നാണു സൂചന. വൈഎസ്ആറിന്റെ മകൻ ജഗ്‌മോഹൻ റെഡ്ഡിയുടെ    പദയാത്രയും ഹിറ്റായി കഴിഞ്ഞു. 

മമ്മൂട്ടിയുടെ യാത്രയെയും വൈഎസ്ആർ കോൺഗ്രസിനെയും നേരിടാൻ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായി‍ഡുവിന്റെ പാർട്ടി തിയറ്ററിലെത്തിക്കുന്ന സിനിമയ്ക്ക് ഇനിയും പേരിട്ടിട്ടില്ല.

related stories