ഗുരുദേവ ദർശനങ്ങൾ സ്വീകരിച്ചാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം: കാരു ജയസൂര്യ

തിരുവനന്തപുരം∙ ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ മനസ്സുകൊണ്ട് സ്വീകരിച്ചാൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നു ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ കാരു ജയസൂര്യ. 85–ാം ശിവഗിരി തീർഥാടനത്തിനു ഭദ്രദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സൗഹാർദം വളർത്താൻ ഗുരുദേവൻ പരിശ്രമിച്ചു. ശ്രീലങ്കയിൽ ഗുരുദേവൻ എത്തിയതിന്റെ നൂറാം വാർഷികം ശ്രീനാരായണഗുരു സൊസൈറ്റി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം അടുത്തവർഷം ആഘോഷിക്കും. എല്ലാ ആളുകൾക്കും എത്താവുന്ന ഏറ്റവും വലിയ തീർഥാടന കേന്ദ്രമായി ശിവഗിരി മാറിയെന്നും കാരു ജയസൂര്യ പറഞ്ഞു.

ചൂഷണത്തിനെതിരെ പോരാടാനുള്ള കമർമശേഷിയാണ് ശിവഗിരി തീർഥാടനം നൽകുന്നതെന്നു മുഖ്യാതിഥിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീനാരായണ സംഘം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു. അടുക്കളയിൽ നിന്ന് ശുചിത്വം ആരംഭിക്കണമെന്ന ഗുരുദേവ സന്ദേശം പിന്തുടർന്നായിരിക്കും ഇനിയുള്ള വർഷങ്ങളിലെ തീർഥാടനമെന്ന് അദ്ദേഹം പറഞ്ഞു. ശിവഗിരിമഠം മൈ സ്റ്റാംപിന്റെയും തപാൽ കവറിന്റെയും പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അഞ്ജലി ആനന്ദ് പ്രകാശനം ചെയ്തു.

ഞായറാഴ്ച പുലർച്ചെ 4.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. തീർഥാടന സമ്മേളനം രാവിലെ 10ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി ഉദ്ഘാടനം ചെയ്യും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യാതിഥിയാകും.