കൊച്ചി ∙ റെനി മ്യൂലൻസ്റ്റീനു പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ടീമിന്റെ മുൻ മാർക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീമിൽ അംഗവുമായിരുന്ന ഡേവിഡ് ജയിംസിനെ നിയമിച്ചു. ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ ഡേവിഡ് ജയിംസും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും തമ്മിൽ നടന്ന ചർച്ചയ്‍ക്കുശേഷമാണു തീരുമാനമായത്.
ഏഴു കളികളിൽ ഒരെണ്ണം മാത്രം ജയിച്ച് പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സിനെ മുഖ്യ പരിശീലകൻ റെനി മ്യൂലൻസ്റ്റീൻ കൈവിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ, പരസ്പരധാരണപ്രകാരം പടിയിറങ്ങുന്നു എന്ന വിശദീകരണത്തോടെയാണ് റെനി ചൊവ്വാഴ്ച രാജിവച്ചത്. ഡേവിഡ് ജയിംസിനെ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായിരുന്നു. 2014ൽ ഐഎസ്എൽ ആദ്യ സീസണിൽ ഫൈനലിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന്റെ പരിശീലകനും മാർക്വീ താരവുമായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച കലൂർ സ്റ്റേഡിയത്തിൽ എഫ്സി പുണെ സിറ്റിയെ ബ്ലാസ്റ്റേഴ്സ് നേരിടാനൊരുങ്ങവെ പൊടുന്നനെ മ്യൂലൻസ്റ്റീൻ രാജിവച്ചത് ടീമിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന് 11 മൽസരം ബാക്കിയുള്ളപ്പോഴാണു മ്യൂലൻസ്റ്റീന്റെ പടിയിറക്കവും ഡേവിഡ് ജയിംസിന്റെ തിരിച്ചുവരവും. നാളെ കൊച്ചിയിൽ പുണെ സിറ്റി എഫ്സിക്കെതിരെ നടക്കുന്ന മൽസരത്തിന്റെ ചുമതല ടീമിന്റെ സഹപരിശീലകൻ താങ്ബോയി സിങ്തോയ്ക്കു നൽകിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്– പുണെ സിറ്റി മൽസരത്തിന്റെ ടിക്കറ്റുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.