മിസൈൽമുനയിൽ ചൈനയെ ‘കോർത്ത്’ ഇന്ത്യ; കരുത്തു കാട്ടി വീണ്ടും ‘അഗ്നി-5’

അഗ്നി 5 ന്റെ പരീക്ഷണ വിക്ഷേപണം. (ഫയൽ ചിത്രം

ബാലസോർ (ഒഡീഷ)∙ ഇന്ത്യയുടെ ഏറ്റവും നവീനവും കരുത്തേറിയതുമായ ആണവ–ഭൂഖണ്ഡ‍ാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി –5’ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുൽ കലാം ദ്വീപിൽനിന്ന് ഇന്നു രാവിലെ 9.45 നാണ് അഗ്നി തൊടുത്തത്. 19 മിനിറ്റിനകം 4,900 കിലോമീറ്റർ ദൂരം താണ്ടിയാണ് അഗ്നി ലക്ഷ്യത്തിലെത്തിയത്. കനിസ്‌റ്റർ ലോഞ്ചറിൽ മിസൈൽ വിജയകരമായി പരീക്ഷിച്ചതെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന. സേനാ വിഭാഗങ്ങളുടെ ഭാഗമായി അഗ്നി – 5 ഉൾപ്പെടുത്തുന്നതിൽ ഒരു പടി കൂടി ഇന്നത്തെ വിക്ഷേപണത്തോടെ ഡിആർഡിഒ (ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ) പിന്നിട്ടു.

തുറന്ന വിക്ഷേപണത്തിനു വേണ്ട സംവിധാനങ്ങളോ സമയദൈർഘ്യമോ ഇല്ലാതെ മിസൈൽ തൊടുക്കാമെന്നതാണു കനിസ്‌റ്ററിൽ നിന്നുള്ള വിക്ഷേപണത്തിന്റെ പ്രത്യേകത. തുറന്ന വിക്ഷേപണത്തിന് ആവശ്യമായ ലോജിസ്‌റ്റിക് സംവിധാനമൊന്നുമില്ലാതെ, ശത്രുവിന്റെ ചാര ഉപഗ്രഹക്കണ്ണുകളെ വെട്ടിച്ച്, അവയ്‌ക്കു കണ്ടുപിടിക്കാനാവാത്ത കനിസ്‌റ്ററുകളിൽ മിസൈൽ ‘ഒളിപ്പിച്ച്’ ഏതെങ്കിലും റയിൽ വാഹനത്തിലോ റോഡ് വാഹനത്തിലോ അവയെ എടുത്തുകൊണ്ടുപോയി വിക്ഷേപിക്കാനാകും. പ്രതിരോധമന്ത്രി നിർമല സീതാരാമനാണ് പരീക്ഷണ വിവരം പുറത്തുവിട്ടത്. 2016 ഡിസംബർ 26 നാണ് അഗ്നി 5 ഇതിനു മുൻപ് പരീക്ഷിച്ചത്.

നവീനവും മാരകവും; സേനയ്ക്കു അഗ്നി–5 നൽകുന്നത് തീച്ചിറക്

ഇന്ത്യയുടെ ആദ്യ ആണവ–ഭൂഖണ്ഡാന്തര മിസൈലായ അഗ്നി –5ന്റെ ദൂരപരിധിയിൽ ഏഷ്യ പൂർണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും വരും. ഇന്ത്യ വികസിപ്പിച്ച മിസൈൽ പരമ്പരയിൽ ഏറ്റവും മാരകമായ ആയുധമാണിത്. സഞ്ചാരം, ഗതി, പോർമുന, എൻജിൻ എന്നിവയിൽ ഏറ്റവും നവീനമായ സാങ്കേതികവിദ്യ ഉൾപ്പെടുത്തിയാണ് അഗ്നി 5 വികസിപ്പിച്ചത്. ലക്ഷ്യം തെറ്റാത്ത കുതിപ്പും കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പ്രഹരിക്കാനുമുള്ള മിസൈലിന്റെ ശേഷിയാണു പ്രധാനനേട്ടം. ഒരു ടൺ വരുന്ന പോർമുന വഹിക്കാനാകും.

വിക്ഷേപണത്തിനു തൊട്ടുപിന്നാലെ ഒന്നാംഘട്ട മോട്ടോറിന്റെ ശക്‌തിയിൽ പറന്നുയരുകയും തുടർന്നു രണ്ടും മൂന്നും ഘട്ട മോട്ടോറുകളുടെ ശക്‌തിയിൽ 600 കിലോമീറ്റർ ഉയരത്തിൽ ശൂന്യാകാശത്തെത്തിയ ശേഷം മിസൈൽ തുടർന്നു ഭൂമിയിലെ ലക്ഷ്യത്തിലേക്കു കുതിക്കുന്ന രീതിയാണ് അഗ്നി – 5 നുള്ളത്. മടക്കയാത്രയിൽ ഭൂഗുരുത്വാകർഷണം കൂടി പകരുന്ന അമിതവേഗം മിസൈലിനെ കൂടുതൽ മാരകമാക്കും.

മടക്കയാത്രയിൽ അന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന സമയമാണ് ഏറ്റവും നിർണായകം. അന്തരീക്ഷത്തിന്റെ ഘർഷണത്തിൽ മിസൈലിൽ 4000 സെൽഷ്യസ് വരെയാകും താപം. ഇതിൽ നിന്നു മിസൈലിനെ സംരക്ഷിക്കുന്ന കാർബൺ കവചത്തിന്റെ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങൾ നിരസിച്ചപ്പോൾ ഇന്ത്യൻ ശാസ്‌ത്രജ്‌ഞർ തന്നെ വികസിപ്പിക്കുകയായിരുന്നു.അതുപോലെ തന്നെ അന്തരീക്ഷത്തിലൂടെയുള്ള മടക്കയാത്രയിൽ മിസൈലിനെ കൃത്യമായ സ്‌ഥലത്തേക്കു നയിക്കാനുള്ള ജൈറോ സംവിധാനവും മറ്റു രാജ്യങ്ങൾ നൽകാൻ വിസമ്മതിച്ചപ്പോൾ ഇന്ത്യ വികസിപ്പിക്കുകയായിരുന്നു. ആ സാങ്കേതികവിദ്യയ്‌ക്കാണ് ഏറ്റവും കാലതാമസമെടുത്തതെന്നാണു പറയപ്പെടുന്നത്.

ഇന്ത്യ വികസിപ്പിച്ച മിസൈലുകളിൽ വേഗത്തിൽ മുൻപനായ അഗ്നി–5 കൃത്യതയിലും മുന്നിലാണ്. 5000 കിലോമീറ്റർ പറക്കുന്ന മിസൈൽ ലക്ഷ്യസ്ഥാനത്തിനു 80 മീറ്റർ വരെ ചുറ്റളവിൽ പതിക്കും. ആണവ പോർമുന വഹിക്കുന്ന മിസൈലായതിനാൽ ഇത് ആവശ്യത്തിലും അധികം കൃത്യതയാണ്. ഏഷ്യയും യൂറോപ്പിന്റെ ഒരു ഭാഗവും ഇതിന്റെ ദൂരപരിധിയിൽ വരും. നിലവിൽ ഇന്ത്യയ്ക്കുള്ള അഗ്നി–1 (ദൂരപരിധി: 700 കിലോമീറ്റർ), അഗ്നി–2 (2000 കിലോമീറ്റർ), അഗ്നി–3, –4 (2500–3000 കിലോമീറ്റർ) മിസൈലുകൾക്കൊപ്പം 5,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി – 5 കൂടി തുടർപരീക്ഷണങ്ങൾക്കു ശേഷം സേനയുടെ ഭാഗമാകുന്നതോടെ മേഖലയിലെ യുദ്ധമുന്നണിയിൽ ഇന്ത്യയ്ക്കു നിർണായക പ്രാമുഖ്യം ലഭിക്കും. യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ എന്നീ രാജ്യങ്ങൾക്കു മാത്രമാണ് ഇത്ര ശക്‌തമായ പ്രഹരശേഷിയുള്ള മിസൈലുകൾ ഇപ്പോഴുള്ളത്.

ഇന്ത്യയുടെ ഏതു കോണിൽ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണിൽ വരെയും പറന്നെത്താൻ കഴിയുന്ന മിസൈലാണ് അഗ്നി-5. 17 മീറ്റർ നീളവും 50 ടണ്ണിലേറെ ഭാരവുമാണ് മിസൈലിനുളളത്. ചൈനയെ ആദ്യമായി പ്രഹരപരിധിയിൽ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. ഏതു കാലാവസ്ഥയിലും ഏതു ഭൂപ്രദേശത്തും മിസൈൽ തൊടുക്കാനാകും. മിസൈലിനുള്ളിൽ സ്ഥാപിക്കുന്ന കംപ്യൂട്ടർ സംവിധാനമാണു ഗതിയും ലക്ഷ്യവും നിയന്ത്രിക്കുന്നത്. 2012 ഏപ്രിൽ 19, 2013 സെപ്റ്റംബർ 15, 2015 ജനുവരി 3, 2016 ഡിസംബർ 26 എന്നീ ദിനങ്ങളിലാണ് അഗ്നി 5 ന്റെ മുൻപരീക്ഷണങ്ങൾ നടത്തിയത്. 1989 ലാണ് അഗ്നി–1 വികസിപ്പിച്ചത്. കരയിൽനിന്നും അന്തർവാഹിനികളിൽനിന്നും തൊടുക്കാവുന്ന അഗ്നി–6 ആണ് മിസൈൽ പരമ്പരയിൽ വരാനിരിക്കുന്നത്. 8,000–10,000 കിലോമീറ്ററാണു ലക്ഷ്യമിടുന്ന ദൂരപരിധി.

അഗ്നിയുടെ നാലു പതിപ്പുകൾ, രണ്ടു പൃഥ്വി പതിപ്പുകൾ, ആകാശ് എന്ന മിസൈൽവേധ മിസൈൽ സംവിധാനം, ത്രിശൂൽ എന്ന ദ്രുതപ്രയോഗ മിസൈൽ, നാഗ് എന്ന ടാങ്ക് വേധ മിസൈൽ എന്നിവയാണ് ആദ്യം മുതൽ രൂപഭാവന ചെയ്‌തിരുന്നത്. ഇവയിൽ നാഗും തൃശൂലും ഒഴികെയുള്ളവയെല്ലാം വിജയകരമായി വികസിപ്പിച്ച് ആയുധമായി മാറിക്കഴിഞ്ഞു. വികസനത്തിനിടയിൽ ലഭിച്ച സാങ്കേതിക വിദ്യകളുപയോഗിച്ചു ധനുഷ് തുടങ്ങിയ മറ്റു മിസൈലുകൾ വികസിപ്പിക്കാനും ഡിആർഡിഒയ്‌ക്കു കഴിഞ്ഞിട്ടുണ്ട്.