പമ്പുകളിൽ അളവിൽ കൃത്രിമം; എംആർപിയെക്കാൾ കൂടിയ വിലയെന്നും കണ്ടെത്തൽ

കൊച്ചി∙ മധ്യകേരളത്തിലെ ഇന്ധനപമ്പുകൾ അളവിൽ വൻ കൃത്രിമം നടത്തുന്നതായി ലീഗൽ മെട്രോളജി വിഭാഗത്തിന്റെ കണ്ടെത്തൽ. പരിശോധനയിൽ 10 ലീറ്റർ ഇന്ധനത്തിൽ 140 മില്ലി വരെ കുറവു കണ്ടെത്തി. ലൂബ്രിക്കന്റ് ഓയിലിനു എംആർപിയേക്കാൾ കൂടിയ വില ഈടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുനടത്തിയ പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു.

എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നടത്തിയ പരിശോധനയിലാണു പമ്പുകൾ ഇന്ധനത്തിന്റെ അളവിൽ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയത്. 10 ലീറ്റർ പെട്രോൾ അടിക്കുമ്പോൾ അളവിൽ 80 മുതൽ 140 വരെ മില്ലിലീറ്റർ കുറവു രേഖപ്പെടുത്തി. അഞ്ചു പമ്പുകളിലായി അളവിൽ കുറവുള്ള 10 നോസിലുകൾ ലീഗൽ മെട്രോളജി വിഭാഗം മധ്യമേഖല ഡപ്യൂട്ടി കൺട്രോളർ ആർ. റാം മോഹന്റെ നിർദേശപ്രകാരം പൂട്ടി. അളവു കൃത്യമാക്കി, സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഈ നോസിലുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കൂ. എല്ലാ ദിവസവും രാവിലെ നോസിലുകൾ പരിശോധിച്ച് അളവു കൃത്യമാക്കണമെന്ന നിർദേശം പമ്പുകൾ പാലിക്കുന്നില്ലെന്നും കണ്ടെത്തി.

ലൂബ്രിക്കന്റ് ഓയിലുകൾക്ക് എംആർപിയേക്കാൾ ഉയർന്ന വില ഈടാക്കിയ പമ്പുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരമാവധി വില 263 രൂപയുള്ള ലൂബ്രിക്കന്റുകൾക്ക് 290 രൂപ വരെയാണു പല പമ്പുകളിലും ഈടാക്കിയിരുന്നത്. രാത്രികാലങ്ങളിൽ പമ്പുകൾ അളവിൽ കൃത്രിമം നടത്തുന്നുവെന്ന പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഒരേസമയം നാലു ജില്ലകളിൽ അഞ്ചു സ്ക്വാഡുകളായി തിരിഞ്ഞാണു ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. രാത്രി ഒൻപതോടെ ആരംഭിച്ച പരിശോധന പുലർച്ചെ അഞ്ചുമണി വരെ നീണ്ടു. പമ്പുകൾ ഇന്ധനത്തിൽ മായം ചേർക്കുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ അറിയിച്ചു.