കൊടകര ∙ പമ്പിൽ പെട്രോൾ അടിക്കാനെത്തിയവർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ബൈക്ക്‌യാത്രികന്റെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിലെ പ്രതി കരിമണി വിനീത് ഇപ്പോഴും ഒളിവിൽ. അന്വേഷണം ഊർജിതമെന്നു പൊലീസ്. ഇന്നു ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
ഇന്നലയാണു മുപ്ലിയം സ്വദേശി മാഞ്ഞക്കാടൻ വീട്ടിൽ ദിലീപിനെ പെട്രോളൊഴിച്ചു കത്തിക്കാൻ ഗുണ്ടാപട്ടികയിൽ പേരുള്ള വിനീത് ശ്രമിച്ചത്. 25 ശതമാനം പൊള്ളലേറ്റ ദിലീപ് സുഖംപ്രാപിച്ചു വരുന്നു. ഒമ്പതുങ്ങൽ സ്വദേശി വട്ടപ്പറമ്പിൽ വിനീതാണു (കരിമണി) പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്ന് പമ്പിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളിൽ നിന്നു വെള്ളിക്കുളങ്ങര എസ്ഐ എസ്.എൽ. സുധീഷ് സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര, കൊടകര, വരന്തരപ്പിള്ളി, ചാലക്കുടി എന്നീ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകളിലെ പ്രതിയാണു വിനീത്.
ഇന്നലെ മൂന്നുമണിയോടെ ബൈക്കിൽ പെട്രോൾ അടിക്കാൻ എത്തിയ ദിലീപ് നൽകിയ 2000 ത്തിന്റെ നോട്ടിനു ബാക്കിയായി പത്തിന്റെ നോട്ടുകളാണു പമ്പിൽ നിന്നു നൽകിയത്. നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ, പെട്രോൾ അടിക്കാനെത്തിയ വിനീത് പെട്രോൾ അടിച്ചു കഴിഞ്ഞെങ്കിൽ വണ്ടിയെടുത്തു മാറ്റെടാ എന്നു പറഞ്ഞു. നോട്ടെണ്ണി തിട്ടപ്പെടുത്താതെ മാറില്ലെന്നു ദിലീപ് പറഞ്ഞതോടെ തർക്കമായി. ദിലീപ് വാങ്ങിയ പെട്രോൾ ഒരു കുപ്പിയിൽ സമീപത്തിരിപ്പുണ്ടായിരുന്നു. ഇതെടുത്ത് ദിലീപിന്റെ ദേഹത്തേക്ക് ഒഴിച്ച വിനീത് ഉടൻ ൈലറ്റർ കത്തിച്ചു തീകൊളുത്തുകയായിരുന്നെന്നു പമ്പിലെ ജീവനക്കാർ പറഞ്ഞു.
തീ പടർന്നയുടൻ ദിലീപ് വണ്ടിയിൽനിന്ന് ഇറങ്ങിയോടി തൊട്ടടുത്ത തോട്ടിൽ ചാടി തീ അണച്ചെങ്കിലും തലയിലും കൈയിലും വയറ്റിലും പൊള്ളലേറ്റു. കുപ്പിയിലെ ബാക്കി വന്ന പെട്രോളൊഴിച്ച് ദിലീപിന്റെ ബൈക്കിനും തീയിട്ട വിനീതിനെ ദിലീപിന്റെ കൂടെയുണ്ടായിരുന്ന യുവാവ് പ്രതിരോധിച്ചെങ്കിലും വിനീത് ഓടി രക്ഷപ്പെട്ടു. പമ്പിലെ പെട്രോൾ ടാങ്കിനു തൊട്ടരികിലിരുന്നാണു ബൈക്ക് കത്തിയമർന്നത്. ജീവനക്കാരായ സ്ത്രീകൾ ഓടി രക്ഷപ്പെട്ടു. പമ്പിലെത്തിയ യാത്രക്കാർ പമ്പിലെ അഗ്നിശമന സംവിധാനങ്ങൾ ഉപയോഗിച്ചും വെള്ളം തളിച്ചും തീ കെടുത്തിയതിനാൽ ദുരന്തം ഒഴിവായി.