Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമത്തില്‍ അല്‍പം നന്മയുമാകാം; യാത്രക്കാരുമായി ബന്ധം മെച്ചപ്പെടുത്താൻ കെഎസ്ആർടിസി

ksrtc-bus കെഎസ്ആർടിസി ബസ് (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ കെഎസ്ആര്‍‌ടിസി ബസിലെ യാത്രക്കാരും ജീവനക്കാരും തമ്മില്‍ നല്ല ബന്ധം സൃഷ്ടിക്കണമെന്ന് എംഡി എ. ഹേമചന്ദ്രന്‍ ഐപിഎസിന്റെ സര്‍ക്കുലര്‍. യാത്രക്കാരിയായ ഒരു പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടും ‘മിന്നല്‍’ ബസ് രാത്രി നിര്‍ത്താതെ പോയതു വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് എംഡിയുടെ നിര്‍ദേശം.

യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ നിയമത്തിലൂടെയും ചട്ടങ്ങളിലൂടെയും പൂര്‍ണമായി പരിഹരിക്കാനാകില്ലെന്നും സാഹചര്യങ്ങള്‍ മനസ്സിലാക്കി പെരുമാറാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സര്‍ക്കുലറിനൊപ്പം ഒരു കഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയില്‍ ഒരു ബസില്‍ നായ്കുട്ടിയുമായി കയറുന്ന കുടുംബത്തിനുണ്ടാകുന്ന പ്രശ്നങ്ങള്‍ വിവരിക്കുന്ന എ.ജി. ഗാര്‍ഡിനറിന്റെ ‘ഓള്‍ എബൗട്ട് എ ഡോഗ്’ എന്ന കഥയാണു ജീവനക്കാര്‍ക്കു വായിക്കാനായി എംഡി അയച്ചിരിക്കുന്നത്.

സര്‍ക്കുലറിലെ പ്രധാന ഭാഗങ്ങള്‍:

കെഎസ്ആര്‍ടിസി ബസില്‍ കയറുന്ന യാത്രക്കാരും ജീവനക്കാരും തമ്മില്‍ ചില അവസരങ്ങളില്‍ തര്‍ക്കങ്ങളും അനുചിതമായ സംഭാഷണങ്ങളും ഉണ്ടാകാറുണ്ട്. ഒരു പരിധിവരെ അത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും മുന്‍കൂട്ടി കാണാനാകില്ല. ഇതോടൊപ്പമുള്ള ലേഖനം വായിക്കുന്നതു യാത്രക്കാരുമായുള്ള ബന്ധം െമച്ചപ്പെടുത്താന്‍ സഹായിക്കും.

നായ്ക്കുട്ടിയുടെ കഥയിങ്ങനെ:

രാത്രി രണ്ട് സ്ത്രീകളും പുരുഷനും ഒരു ബസിലേക്കു കയറുന്നു. സ്ത്രീയുടെ കയ്യിലുള്ള നായ്ക്കുട്ടിയെ പുറത്താക്കമെന്നാവശ്യപ്പെട്ട കണ്ടക്ടറും സ്ത്രീയും തമ്മില്‍ വഴക്കാകുന്നു. കണ്ടക്ടര്‍ ബെല്ലടിച്ചു ബസ് നിര്‍ത്തുന്നു. നായയെ ഇറക്കിയാലല്ലാതെ യാത്ര തുടരാനാകില്ലെന്നും നിയമം തന്റെ ഭാഗത്താണെന്നുമാണു കണ്ടക്ടറുടെ വാദം. യാത്രക്കാരില്‍ പലരും ബസില്‍നിന്നിറങ്ങി മറ്റു വാഹനങ്ങളെ ആശ്രയിക്കുന്നു. ‘താങ്കള്‍ നിയമം പാലിച്ചു. എന്നാൽ നിയമത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടില്ല. നിയമത്തില്‍ അല്‍പം നന്മയും സഹിഷ്ണുതയും കൊണ്ടുവന്നിരുന്നെങ്കില്‍ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നു’- എന്ന ഒരു യാത്രക്കാരന്റെ പ്രതികരണത്തില്‍ കണ്ടക്ടര്‍ തന്റെ പിടിവാശി ഉപേക്ഷിക്കുന്നതാണ് കഥ.

കെഎസ്ആര്‍ടിസിയിലെ ‘മിന്നല്‍’ വിവാദം

പാലായില്‍നിന്നു കോഴിക്കോട്ടേക്കുള്ള ‘മിന്നല്‍’ ബസില്‍ രാത്രി യാത്ര ചെയ്ത പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്താത്തതിനെത്തുടര്‍ന്നാണു വിവാദമുണ്ടായത്. കോഴിക്കോട് വരെ ടിക്കറ്റെടുത്ത പെണ്‍കുട്ടിയുടെ സ്ഥലം പയ്യോളിയായിരുന്നു. ബസ് കണ്ണൂർ വരെയുണ്ടെന്നറിഞ്ഞ് അവിടേക്ക‌ു ടിക്കറ്റെടുത്തു. ഇടയ്ക്കു പയ്യോളിയില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബസ് ജീവനക്കാര്‍ തയാറായില്ലെന്നാണു പരാതി. ഒടുവില്‍ പൊലീസിന്റെ സഹായത്തോടെ അച്ഛന്‍ ബസ് തടഞ്ഞു പെണ്‍കുട്ടിയെ ഇറക്കി.

പയ്യോളിയില്‍ ബസ് നിര്‍ത്താനാകില്ലെന്നു കോഴിക്കോടുവച്ചു തന്നെ പെണ്‍കുട്ടിയെ അറിയിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. നിയമപ്രകാരം മിന്നല്‍ ബസ് എല്ലായിടത്തും നിര്‍ത്തേണ്ടതില്ലെന്നും അവര്‍ വാദിക്കുന്നു. രാത്രി ഒരു പെണ്‍കുട്ടി ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോള്‍ ബസ് നിര്‍ത്തേണ്ടതാണെന്നാണു പെണ്‍കുട്ടിയുടെ ഭാഗം ന്യായീകരിക്കുന്നവരുടെ വാദം.

related stories