പാലക്കാട് ∙ ദേശീയ പതാക ഉയർത്തുന്നതുസംബന്ധിച്ച വിവാദങ്ങൾക്കിടെ ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തി. രാവിലെ 9.10 നായിരുന്നു പതാക ഉയർത്തൽ. ചടങ്ങിന് പൊലീസ് വൻസുരക്ഷ ഒരുക്കിയിരുന്നു.
വിദ്യഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ മേധാവികളാണു പതാക ഉയർത്തേണ്ടതെന്നു കാണിച്ചു പൊതുഭരണവകുപ്പ് കഴിഞ്ഞദിവസം സർക്കുലർ ഇറക്കിയിരുന്നു. അതേസമയം, വ്യാസവിദ്യാപീഠം സ്കൂൾ സിബിഎസ്ഇക്കു കീഴിലായതിനാൽ സർക്കാർ നിർദ്ദേശം ബാധകമല്ലെന്നാണ് ആർഎസ്എസ് വാദം. സർക്കുലർ ദേശീയ പതാക ഉയർത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും സംഘടനാനേതാക്കൾ ആരോപിച്ചു. ഇന്നലെ രാത്രി 11.30ന് വ്യാസവിദ്യാപീഠത്തിലെത്തിയ മോഹൻ ഭഗവത് ഇന്നുമുതൽ മൂന്നുദിവസം ഇവിടെ നടക്കുന്ന ആർഎസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകർതൃശിബിരത്തിൽ മുഴുവൻ സമയവും പങ്കെടുക്കും.
പതാക ഉയർത്തൽ ചടങ്ങിൽ സ്കൂൾ അധികൃതരെ കൂടാതെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ആർഎസ്എസ് സംസ്ഥാന നേതാക്കൾ, ബിജെപി സംഘടനാ സെക്രട്ടറിമാർ, മറ്റു പരിവാർ സംഘടനാ നേതാക്കൾ എന്നിവർ ഉൾപ്പെടെ നേതാക്കളുടെ നീണ്ട നിരയുണ്ടായിരുന്നു. സർക്കുലറിന്റെ പശ്ചാത്തലത്തിൽ പതാക ഉയർത്തൽ വിവാദമായതോടെ പരിപാടി റിപ്പോർട്ടു ചെയ്യാൻ ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഭഗവത് മൂത്താന്തറ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ പതാക ഉയർത്തിയതും അതിനെതിരെ വിദ്യഭ്യാസവകുപ്പ് സ്വീകരിച്ച നടപടികളും ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ വിവാദമായിരുന്നു. മോഹൻ ഭഗവത് പതാക ഉയർത്തുമെന്ന് സൂചന ലഭിച്ച സാഹചര്യത്തിൽ 14ന് രാത്രി ചടങ്ങ് തടഞ്ഞുകൊണ്ട് ജില്ലാ അധികൃതർ സ്കൂൾ അധികൃതർക്കു കത്തു നൽകിയിരുന്നു. എന്നാൽ ഭഗവത് സ്കൂളിൽ പതാക ഉയർത്തി. എന്നാൽ, ആർക്കെതിരെയും നടപടി സ്വീകരിക്കാൻ അധികൃതർക്കായില്ല.
സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചുവന്ന് ആരോപിച്ച് ബിജെപി ജില്ലാപ്രസിഡന്റ് ഇ.കൃഷ്ണദാസ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നൽകിയ പരാതിയിൽ പ്രധാനമന്ത്രിയുടെ ഒാഫിസ് ചീഫ് സെക്രട്ടറിയിൽ നിന്നു വിശദീകരണം തേടിയിരുന്നു. എന്നാൽ നാലുമാസം കഴിഞ്ഞാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതായി പ്രിൻസിപ്പൽ സെക്രട്ടറി പരാതിക്കാരന് മറുപടി നൽകിയത്. അന്വേഷണത്തിന് ഡിജിപിയെയും വിദ്യഭ്യാസ വകുപ്പിനെയും ചുമതലപ്പെടുത്തിയതായും അറിയിപ്പിൽ പറയുന്നു.
ശിബിരത്തിൽ 8000 പേർ
പാലക്കാട്∙ വ്യാസവിദ്യാപീഠത്തിൽ ഇന്ന് ആരംഭിക്കുന്ന ആർഎസ്എസിന്റെ മണ്ഡലം ഉപരിയുളള കാര്യകർതൃ ശിബിരത്തിൽ മൊത്തം 8000 പേരാണു പങ്കെടുക്കുന്നത്. 2004നു ശേഷം ആദ്യമായാണ് സംഘടന ഇത്രയും വിപുലമായ പരിശീലന ക്യാംപ് സംഘടിപ്പിക്കുന്നത്. 28നു സമാപിക്കുന്ന ശിബിരത്തിൽ മോഹൻ ഭഗവത് പ്രഭാഷണം നടത്തും. മുഴുവൻ പരിവാർ സംഘനകളുടെയും മുതിർന്ന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ബിജെപി ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രവർത്തനവും ശിബിരത്തിൽ വിലയിരുത്തും. നാളെ 4.30ന് ആർഎസ്എസ് പ്രവർത്തകരുടെ പദസഞ്ചലനം നടക്കും.