കാസർകോട്∙ ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിനെതിരെയുള്ള ചെറുത്തുനിൽപാണെന്ന പി.ജയരാജന്റെ പ്രസംഗം കൂടുതല്‍ വിവാദങ്ങളിലേക്ക്. പി.ജയരാജന്റെ വെളിപ്പെടുത്തൽ ഉത്കണ്ഠാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. സംഭവം സർക്കാരും ആഭ്യന്തര വകുപ്പും ഗൗരവകരമായി കാണണം. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കണം. സത്യാവസ്ഥ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കുമ്മനം പറഞ്ഞു.
സിപിഎമ്മിൽ ചേർന്ന ആർഎസ്എസ് മുൻ പ്രചാരക് സി.വി.സുബഹിനു കഴിഞ്ഞ ദിവസം ചിറക്കുനിയിൽ നൽകിയ സ്വീകരണത്തിലാണ് പി.ജയരാജൻ വിവാദ പ്രസംഗം നടത്തിയത്. ‘സ്റ്റുഡന്റ് ഫെഡറേഷന്റെ അന്നത്തെ താലൂക്ക് സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചു പത്തുമിനിറ്റിനു ശേഷമാണു വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ടത്. ഇതൊക്കെ വരമ്പത്തെ കൂലിയാണ്’– എന്നാണു പി.ജയരാജൻ പറഞ്ഞത്.
അതേസമയം, ആർഎസ്എസിന്റെ അക്രമങ്ങളെക്കുറിച്ചുള്ള പ്രസംഗമായിരുന്നെന്നും കൊലപാതകം നടന്ന ദിവസങ്ങളിലെ പത്രവാർത്തകളെ അടിസ്ഥാനമാക്കിയാണ് പ്രസംഗം നടത്തിയതെന്നുമായിരുന്നു ജയരാജന്റെ വിശദീകരണം. 1968–ൽ നടന്ന കൊലപാതകത്തിൽ പിണറായി വിജയൻ അടക്കമുള്ള സിപിഎം പ്രവർത്തകരായിരുന്നു പ്രതികൾ. പിണറായി വിജയനു കൊലപാതകത്തിൽ പങ്കുണ്ടെന്നും ആരോപണമുണ്ടായിരുന്നു. പ്രതികളെയെല്ലാം കോടതി പിന്നീടു വിട്ടയച്ചു.