പോരാളികൾ വീണുപോകില്ല, പതിന്മടങ്ങ് വീര്യത്തിൽ മടങ്ങിയെത്തും: ഇയാൻ ഹ്യൂം

ഇയാൻ ഹ്യൂം.

കൊച്ചി∙ മഞ്ഞപ്പടയുടെ ആരാധകരെ നിരാശയിലാഴ്ത്തി മാനേജ്മെന്റിന്റെ പ്രഖ്യാപനം വന്നു, ബ്ലാസ്റ്റേഴ്സിന്റെ തുടർകളികളിൽ ഇയാൻ ഹ്യൂം ഇറങ്ങിയേക്കില്ല. പരുക്കിനെത്തുടർന്നാണു ഹ്യൂമിനു കളത്തിനു പുറത്തിരിക്കേണ്ടി വന്നത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്നു കൊൽക്കത്തയുമായി നിർണായക മൽസരം നടക്കാനിരിക്കെയാണു ബ്ലാസ്റ്റേഴ്സിനു കുന്തമുന നഷ്ടപ്പെടുന്നത്.

‘പോരാളികൾ വീണുപോകില്ല. പതിന്മടങ്ങ‌ു വീര്യത്തോടെ മടങ്ങിയെത്തും. കാൽമുട്ടിനു പരുക്കേറ്റ സൂപ്പർ താരം ഇയാൻ ഹ്യൂമിനു സീസണിലെ മറ്റു കളികൾ നഷ്ടപ്പെട്ടേക്കും. ഹ്യൂമിന്റെ അസുഖം വേഗം ഭേദമാകാൻ പ്രാർഥിക്കാം’– കേരള ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റു ചേർത്ത് ഇയാൻ ഹ്യൂം വികാരനിർഭര കുറിപ്പാണു പങ്കുവച്ചത്.

‘കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതൽ ശക്തിയോടെ, മികച്ച ഫിറ്റ്നസുമായി ഞാൻ ടീമിൽ തിരികെയെത്തും.’– ഹ്യൂം പറഞ്ഞു.

സസ്പെൻഷനിലായ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും ഇയാൻ ഹ്യൂമും ഇല്ലാതെയാണു ബ്ലാസ്റ്റേഴ്സ് ഇന്നു കളിക്കാൻ ഇറങ്ങുക. പരുക്കേറ്റെങ്കിലും നാട്ടിലേക്കു മടങ്ങാതെ, ടീമിനൊപ്പം ആവേശത്തിരി കത്തിച്ചു ചുറ്റിക്കറങ്ങാനാണു ഹ്യൂമിന്റെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.