Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഫാൻസി ബിയർ’ കെണിയൊരുക്കി റഷ്യ; യുഎസ് സൈനിക രഹസ്യങ്ങൾ ചോർത്തി

cyber-crime-representational-image Representational Image

വാഷിങ്ടൻ∙ യുഎസിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ ചോർത്തി റഷ്യൻ ഹാക്കർമാർ. സൈനിക ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, സ്റ്റെൽത് ഫൈറ്റർ ജെറ്റുകൾ, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്ഫോമുകൾ, മറ്റു പ്രധാനപ്പെട്ട വിവരങ്ങൾ തുടങ്ങിയ മേഖലകൾ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞരടങ്ങുന്ന 87 പേരിൽനിന്നാണു വിവരങ്ങൾ ചോർത്തിയതെന്നു രാജ്യാന്തര വാർത്താ ഏജൻസി അസോഷ്യേറ്റഡ് പ്രസ് (എപി) അന്വേഷണത്തിൽ കണ്ടെത്തി. ചോർത്തിയ രഹസ്യങ്ങൾ എന്തൊക്കെയെന്നു വ്യക്തമായിട്ടില്ല. യുഎസിന്റെ സൈബർ പ്രതിരോധത്തിന്റെ പിഴവാണ് ഈ ആക്രമണത്തിലൂടെ പുറത്തുവന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

‘ഫാൻസി ബിയർ’ എന്നറിയപ്പെടുന്ന ഹാക്കർ സംഘമാണു സൈബർ മോഷണത്തിനു പിന്നിൽ. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ടതും ഇതേ ഹാക്കർമാരാണ്. ഈ 87 പേരിൽ 31 പേർ എപിയുമായി അഭിമുഖത്തിനു തയാറായി. ‘ഈ 87 പേരിൽ പലരും പ്രതിരോധ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിൽ അഗ്രഗണ്യരാണ്. ഈ പദ്ധതികൾ പലതും ചോർന്നിട്ടുണ്ടെങ്കിൽ യുഎസ് പ്രതിരോധമേഖല സന്ധി ചെയ്തിരിക്കുകയാണ്, അതു ഭയപ്പെടുത്തുന്നതാണ്’– യുഎസ് ഡയറക്ടർ ഓഫ് നാഷനൽ ഇന്റലിജൻസ് ഓഫിസിലെ വിരമിച്ച മുതിർന്ന ഉപദേഷ്ടാവ് ചാൾസ് സോവെൽ പറഞ്ഞു.

പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ചെറിയ കമ്പനികളും ലോക്ക്ഹീഡ് മാർട്ടിൻ, റായ്തിയോൺ, ബോയിങ്, എയർബസ് ഗ്രൂപ്പ്, ജനറൽ ആറ്റമിക്സ് തുടങ്ങിയ വലിയ കമ്പനികളും സൈബർ ആക്രമണത്തിന് ഇരയായി. യുഎസ് ആസ്ഥാനമായ സൈബർ സെക്യൂരിറ്റി കമ്പനി സെക്യുർവർക്ക്സ് ശേഖരിച്ച 19,000 സൈബർ ഫിഷിങ് (മറ്റൊരു വെബ്സൈറ്റാണെന്നു തെറ്റിദ്ധരിപ്പിച്ചുള്ള സൈബർ തട്ടിപ്പ്) ഡേറ്റയിൽനിന്നാണ് എപി ഫാൻസി ബിയറിന്റെ ആക്രമണ വിവരങ്ങൾ കണ്ടെത്തിയത്. ഹാക്കർമാരെ ഐയൺ ട്വിലൈറ്റ് എന്നാണു സെക്യുർവർക്ക്സ് വിശേഷിപ്പിച്ചത്. 2015 മാർച്ച് മുതൽ 2016 മേയ് വരെയുള്ള ഭാഗികമായ ഡേറ്റയാണ് ഇവരുടെ കൈവശമുള്ളത്.

ഹാക്കർമാർ നോട്ടമിട്ട പലരും രഹസ്യസ്വഭാവമുള്ള പ്രൊജക്ടുകളിൽ ഗവേഷണം നടത്തുന്നവരാണ്. പലരും ഹാക്കർമാരുടെ ഫിഷിങ് ലിങ്കുകളിൽ ക്ലിക്ക് ചെയ്തിട്ടുമുണ്ട്. ഇതോടെ അവരുടെ കംപ്യൂട്ടറുകളും അക്കൗണ്ടുകളും ഡിജിറ്റൽ മോഷണത്തിനായി ഹാക്കർമാരുടെ മുന്നിൽ തുറന്നുവയ്ക്കപ്പെടുകയായിരുന്നു. പലരുടെയും വ്യക്തിഗത ജിമെയിൽ അക്കൗണ്ടാണു ലക്ഷ്യമിട്ടത്. ചില കോർപറേറ്റ് അക്കൗണ്ടുകളും ഉൾപ്പെട്ടിരുന്നു.

വ്യക്തിഗത വിവരങ്ങൾ ചോർത്തി അവരെ ബ്ലാക്ക്മെയിൽ ചെയ്യുകയോ ചാരന്മാരാക്കി മാറ്റുകയോ ചെയ്തിട്ടുണ്ടാകാമെന്നും സംശയമുണ്ട്. സംഭവത്തെ ഗൗരവമായി കാണുമെന്ന വിശദീകരണം മാത്രമേ ഫെ‍ഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) നൽകിയിട്ടുള്ളൂ. ഒരു വർഷത്തിലധികമായി ഈ ഹാക്കിങ് എഫ്ബിഐയുടെ നിരീക്ഷത്തിലായിരുന്നെന്നാണ് അനൗദ്യോഗിക വിവരം.