ഐഎസ്എൽ: നോര്‍ത്ത് ഈസ്റ്റിനെ ഒരു ഗോളിന് തോൽപ്പിച്ച് ജംഷഡ്പൂർ, മൂന്നാം സ്ഥാനത്ത്

ഗോൾ നേടിയ ജംഷഡ്പൂർ താരങ്ങളുടെ ആഹ്ലാദം.ചിത്രം– ഐഎസ്എൽ

ജംഷഡ്പൂർ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്സിക്ക് ഏഴാം ജയം. നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂരിന്റെ ജയം. 51–ാം മിനിറ്റിൽ വെല്ലിങ്ടൺ പ്രിയോറിയാണ് ജംഷഡ്പൂരിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ 25 പോയിന്റുമായി ജംഷഡ്പൂർ പോയിന്റു പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർ‌ന്നു. ജംഷഡ്പൂരിന്റെ മുന്നേറ്റം കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾക്കു തിരിച്ചടിയാണ്.

ഏഴു ജയങ്ങൾക്കു പുറമെ നാലു സമനിലകളും നാലു തോൽവികളുമാണ് കോപ്പലാശാന്റെ ടീമിന്റെ സീസണിലെ ഇതുവരെയുള്ള സമ്പാദ്യം. അതേ സമയം സീസണിലെ ഒൻപതാം തോൽവിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നത്തെ മൽസരത്തിൽ ഏറ്റുവാങ്ങിയത്. 14 കളികളിൽ നിന്നു മൂന്നു ജയവുമായി ഒന്‍പതാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് ഉള്ളത്.