കുരീപ്പുഴയെ വിടാതെ ബിജെപി; പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയിലേക്കെന്ന് കുമ്മനം

കുരീപ്പുഴ ശ്രീകുമാർ, കുമ്മനം രാജശേഖരൻ

കൊല്ലം ∙ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി കോടതിയിലേക്ക്. മതവിദ്വേഷപരാതിയിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വ്യക്തമാക്കി. കുരീപ്പുഴ മതവിദ്വേഷ പ്രസംഗം നടത്തിയെന്നും ഇല്ലെന്നുമുള്ള ആരോപണങ്ങൾ കൊഴുക്കുന്നതിനിടെയാണ് പുതിയ നിലപാട്. 

കൊല്ലം കടയ്ക്കലിൽ കൈരളീ ഗ്രന്ഥശാലാ വാർഷികത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ മതവിദ്വേഷം പ്രസംഗിച്ചുവെന്നാണ് ബിജെപി പരാതി നൽകിയത്. എന്നാൽ ആ പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ല. കുരീപ്പുഴ അങ്ങനെ പ്രസംഗിച്ചില്ലെന്നാണ് പൊലീസ് നിലപാട്. മാത്രമല്ല, കുരീപ്പുഴയെ കൈയ്യേറ്റം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആറു ബിജെപിക്കാരെ അറസ്റ്റും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജെപി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

മതവിദ്വേഷപരാതിയിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് കുമ്മനം രാജശേഖരൻ കൊച്ചിയിൽ പറഞ്ഞു. ചോദ്യം ചോദിക്കുന്നവരെ കുരീപ്പുഴ എന്തിനാണ് ഭയക്കുന്നതെന്നാണ് കുമ്മനത്തിന്റെ ചോദ്യം. ബിജെപിയുടെ പരാതിയിൽ പറയുംപോലെ മതവിദ്വേഷം വളർത്തുംവിധം താൻ പ്രസംഗിച്ചിട്ടില്ലെന്ന് കുരീപ്പുഴ ആവർത്തിച്ച് വിശദീകരിച്ചിരുന്നു.