Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറൽ, വിവാദം; ‘മാണിക്യമലരായ പൂവി’ ഗാനരംഗം തത്ക്കാലം പിൻവലിക്കില്ല

priya-smile ഒരു അഡാറ് ലൗവിലെ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിലെ രംഗം.

കൊച്ചി∙ വൈറലായതിനൊപ്പം വിവാദവും പിടികൂടിയ ‘ഒരു അഡാറ് ലൗ’ സിനിമയിലെ ‘മാണിക്യമലരായ പൂവി’ ഗാനരംഗം തത്ക്കാലത്തേക്കു പിൻവലിക്കില്ലെന്നു അണിയറക്കാർ. ഗാനരംഗം പിൻവലിക്കുമെന്നു നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. പാട്ടിനു ലഭിക്കുന്ന പിന്തുണ കണക്കിലെടുത്താണു തീരുമാനം മാറ്റുന്നത്.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിക്കു പിന്നാലെ ഗാനരംഗം പിൻവലിക്കുന്നതായി അണിയറക്കാർ വൈകിട്ടോടെയാണ് അറിയിച്ചത്. പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങൾ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും സംവിധായകന്‍ ഒമർ ലുലുവും വ്യക്തമാക്കി. റിലീസിനു മുൻപു പുറത്തിറക്കിയ പാട്ടും വിഡിയോയും ഇസ്‍ലാം മതവികാരം വ്രണപ്പെടുത്തിയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Omar-Lulu-Priya ഒരു അഡാറ് ലൗവിലെ ‘മാണിക്യമലരായ പൂവി’ എന്ന പാട്ടിലെ അഭിനേതാക്കൾക്കൊപ്പം സംവിധായകൻ ഒമർ ലുലു. ചിത്രം: ഫെയ്സ്ബുക്

പാട്ടുവിവാദവുമായി ബന്ധപ്പെട്ട് ഒമർ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു. പാട്ട് യു ട്യൂബിൽനിന്നു തത്ക്കാലം നീക്കില്ല, സിനിമയിൽ ഒഴിവാക്കണോ എന്നതു സംബന്ധിച്ചും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സംഗീത സംവിധായകൻ ഷാൻ റഹ്മാൻ പ്രതികരിച്ചു. പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം. നായിക പ്രിയ പ്രകാശ് വാരിയർക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്.

മാണിക്യമലരായ പൂവി എന്നുതുടങ്ങുന്ന മാപ്പിളപ്പാട്ടു നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ അർഥം മാറുന്നുവെന്നും പരാതിയുണ്ട്. ആരോപണത്തിൽ കഴമ്പില്ലെന്നും വർഷങ്ങളായി കേരളത്തിലെ മുസ്‍ലിംകൾ പാടി വരുന്ന പാട്ടാണിതെന്നുമാണു സിനിമയുടെ അണിയറക്കാർ പറയുന്നത്.

അതേസമയം, പാട്ടിനെ പ്രശംസിച്ചും ആർഎസ്എസിനെ വിമർശിച്ചും ഗുജറാത്തിലെ ദലിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനി രംഗത്തെത്തി. ആർഎസ്എസ്സിന്റെ വാലന്റൈൻസ് ദിന വിരുദ്ധതയ്ക്കുള്ള മറുപടിയാണു പാട്ടെന്നു മേവാനി ട്വിറ്ററിൽ കുറിച്ചു. വെറുക്കാനല്ല, സ്നേഹിക്കാനാണു തങ്ങൾക്ക് ഇഷ്ടമെന്ന് ഇന്ത്യക്കാർ ഒരിക്കൽ കൂടി തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

related stories