മുംബൈ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ(പിഎൻബി) നിന്ന് 11,346 കോടി രൂപയുടെ തട്ടിപ്പു നടത്തിയ വജ്രവ്യാപാരി നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വീട്ടിലും ഉൾപ്പെടെ തിരച്ചിൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് വിഭാഗവും സിബിഐയും. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീരവ് മോദിയുടെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന തുടരുകയാണ്. സ്വർണവും വജ്രവും ആഭരണങ്ങളും ഉൾപ്പെടെ 5100 കോടിയുടെ സ്വത്ത് ഇതുവരെ പിടിച്ചെടുത്തു. 4000 കോടി രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
നീരവ് മോദി, ഗീതാഞ്ജലി കലക്‌ഷൻസുമായി ബന്ധപ്പെട്ട 12 ഇടങ്ങളിലായിരുന്നു പരിശോധന. ഗുജറാത്തിലെ സൂറത്തിലും പരിശോധന നടന്നു. മുംബൈയിലെയും ഡൽഹിയിലെയും നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ഷോറൂമുകളിലും തിരച്ചിൽ തുടരുകയാണ്. മുംബൈയിലെ ആറു സ്ഥാപനങ്ങൾ പൂട്ടി മുദ്ര വച്ചു. മുംബൈ കുർളയിലെ വീട്ടിലും തിരച്ചിൽ നടന്നു. വർളിയിലുള്ള നീരവിന്റെ ഭാര്യ ആമിയുടെ വീട് പരിശോധിച്ച സിബിഐ നേരത്തേ അതു പൂട്ടി മുദ്രവച്ചിരുന്നു. ഇറക്കുമതിയുടെ വിവരങ്ങളടങ്ങിയ ബില്ലും മറ്റുമായി നൂറോളം രേഖകളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.
സ്വത്ത് കണ്ടുകെട്ടും
നീരവിന്റെ സ്വത്തുവകകളും പാസ്പോർട്ടും കണ്ടുകെട്ടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള നീരവിന്റെ ചിത്രം പുറത്തുവന്നതിനെത്തുടർന്നു വിശദീകരണവുമായും കേന്ദ്രം രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും നീരവ് മോദിയുമൊത്തുള്ള ചിത്രങ്ങൾ കൈവശമുണ്ടെന്നാണ് അവകാശവാദം. ദാവോസിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിൽ നീരവ് ഉണ്ടായിരുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം നീരവ് രാജ്യം വിട്ടതായി വ്യക്തമായ സൂചന ലഭിച്ചു. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ഇയാൾ രാജ്യം വിട്ടത്. ജനുവരി 29നാണ് നീരവിനെതിരെയുള്ള 280 കോടിയുടെ തട്ടിപ്പിന്റെ പരാതി പിഎൻബി സിബിഐയ്ക്കു നൽകുന്നത്. 31ന് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ലുക്ക്ഔട്ട് നോട്ടിസും പുറത്തിറക്കി. തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുള്ള നീരവിന്റെ സഹോദരൻ വിശാലും ജനുവരി ഒന്നിന് രാജ്യം വിട്ടു.
അമേരിക്കൻ പൗരത്വമുള്ള ഭാര്യ ആമിയും ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സിയും ജനുവരി ആറിനു രാജ്യം വിട്ടു. നാലു പേർക്കെതിരെയും ലുക്കൗട്ട് നോട്ടിസ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഉൾപ്പെടെ അയച്ചിരുന്നു. നീരവ് നിലവിൽ സ്വിറ്റ്സർലൻഡിലാണുള്ളതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പാസ്പോർട്ടിനു പുറമെ ബെൽജിയം പാസ്പോർട്ടും നീരവിന്റെ കൈവശമുണ്ടായിരുന്നു. ഇതുപയോഗിച്ചു രാജ്യം വിട്ടതായാണു വിലയിരുത്തൽ.
മുംബൈയും സൂറത്തും ഡൽഹിയുമടക്കമുള്ള 13 സ്ഥലങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയെങ്കിലും മോദിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വീടുകളിലും വിവിധ സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയതില്‍ നിന്നു ചില രേഖകൾ കണ്ടെത്തിയിട്ടുണ്ട്.
Read: നീരവ് മോദി - തട്ടിപ്പിന്റെ നിഴലിൽ വജ്രരാജാവ്; കൂടുതൽ വായനയ്ക്ക്
അതിനിടെ, സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നീരവ് മോദി നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്. നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഇയാൾ രാജ്യം വിട്ടതാണെന്നു യച്ചൂരി ആരോപിച്ചു. ജനുവരി 31ന് എഫ്ഐആർ തയാറാക്കുന്നതിനു മുൻപ് നീരവ് ദാവോസിലെത്തി. പ്രധാനമന്ത്രിക്കൊപ്പം നിന്ന് ചിത്രവുമെടുത്തു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നും യച്ചൂരി ആവശ്യപ്പെട്ടു.
അതേസമയം, ദാവോസിൽവച്ച് നരേന്ദ്ര മോദി നീരവ് മോദിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ബിസിനസുകാരുടെ സംഘത്തെ മോദി ഒപ്പം കൊണ്ടുപോയിട്ടില്ല. ഫോട്ടോ എടുക്കുന്നതിനുള്ള അവസരം മാത്രമാണു നൽകിയതെന്നും കേന്ദ്രം വ്യക്തമാക്കി.
നീരവ് മോദിയുടെ തട്ടിപ്പ് ഇങ്ങനെ:
വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി.
നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസ് ഈ മാസം അഞ്ചിനു സിബിഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 11,346 കോടിയുടെ ക്രമക്കേടുകൾ പുറത്തുവന്നത്. 2011 മുതലുള്ള തട്ടിപ്പാണ് ഇതെന്നും റിപ്പോർട്ടുണ്ട്.