ന്യൂഡൽഹി∙ പഞ്ചാബ് നാഷനൽ ബാങ്കിനെ (പിഎൻബി) കബളിപ്പിച്ച് 11,300 കോടി രൂപ വജ്ര വ്യവസായി നീരവ് മോദി തട്ടിയെടുത്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. എന്നാൽ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന ഈ ഹർജിയെ കേന്ദ്രം എതിർത്തു. എഫ്ഐആർ റജിസ്റ്റർ ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വ്യക്തമാക്കി.
അതേസമയം, ഹർജിയെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മാർച്ച് 16 ലേക്കു പരിഗണിക്കാൻ മാറ്റി വയ്ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അഭിഭാഷകനായ വിനീത് ധൻഡയാണു ഹർജി ഫയൽ ചെയ്തത്.
പിഎൻബി, റിസർവ് ബാങ്ക്, ധന, നിയമ മന്ത്രാലയങ്ങൾ എന്നിവയെ കക്ഷികളായി ഹർജിയിൽ ചേർത്തിട്ടുണ്ട്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണം, പിഎൻബിയിലെ ഉന്നതരുടെ അടക്കം പങ്ക് അന്വേഷിക്കണം, നീരവ് മോദിയെ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങാൻ നിർദേശിക്കണം തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യം. വലിയ തുകയ്ക്കു വായ്പ അനുവദിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ കർശനമാക്കാൻ ധനമന്ത്രാലയത്തിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ ബാങ്ക് തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയമിക്കണം. ഇങ്ങനെ തട്ടിപ്പു നടന്നാൽ, അതിന് ഒത്താശ ചെയ്യുന്ന ജീവനക്കാർ വിരമിച്ചാലും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി വായ്പ തിരിച്ചുപിടിക്കണം. വിരമിച്ച ജഡ്ജിമാരും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമാകണം. പൊതുജനത്തെയും രാജ്യത്തിന്റെ ഖജനാവിനെയും ഇത്തരം തട്ടിപ്പുകൾ ഗുരുതരമായി ബാധിക്കുന്നു. രാഷ്ട്രീയക്കാർ നിയന്ത്രിക്കുന്ന ഏജൻസി അത് അന്വേഷിച്ചാൽപ്പോര. റിസർവ് ബാങ്കിന്റെ ധനകാര്യ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചല്ല പല വായ്പകളും അനുവദിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
അതേസമയം, നീരവ് മോദി ഇന്ത്യ വിട്ടതല്ലെന്നും വ്യവസായ ആവശ്യങ്ങൾക്കായി പോയതാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാൾ പറഞ്ഞു. നീരവ് തെറ്റൊന്നും ചെയ്തിട്ടില്ല. ബോഫോഴ്സ്, ടുജി, ആരുഷി കേസുകളിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടതുപോലെ നീരവ് രക്ഷപ്പെടുമെന്നും അഗർവാൾ കൂട്ടിച്ചേർത്തു.
നിലവിൽ രണ്ടു കേസുകളാണ് പിഎൻബി തട്ടിപ്പു സംബന്ധിച്ച് സിബിഐ റജിസ്റ്റർ ചെയ്തിരിക്കുന്നത്.