ലണ്ടൻ∙ ബ്രെക്സിറ്റിനെ പേടിച്ച് ബ്രിട്ടൻ ഉപേക്ഷിച്ചുപോകുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ എണ്ണം അനുദിനം വധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞവർഷം സെപ്റ്റംബർ വരെയുള്ള ഒരുവർഷക്കാലയളവിൽ ബ്രിട്ടൻ ഉപേക്ഷിച്ചുപോയ യൂറോപ്യൻ പൗരന്മാരുടെ എണ്ണം 1,30,000 ആണെന്നാണു നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിന്റെ കണക്ക്. ഇക്കാലയളവിൽ ബ്രിട്ടനിലേക്ക് എത്തിയ യൂറോപ്യൻ പൗരന്മാരുടെ എണ്ണം 2,20,000 ആണ്.
വരവിൽ കുറവില്ലെങ്കിലും തിരിച്ചുപോകുന്നവരുടെ എണ്ണം കൂടിയതിനാൽ യൂറോപ്യൻ പൗരന്മാരുടെ മൊത്തം കുടിയേറ്റത്തിൽ അഞ്ചുവർഷത്തെ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞവർഷം ഉണ്ടായത്. യൂറോപ്യൻ പൗരന്മാരുടെ കുടിയേറ്റം കേവലം 90,000 മാത്രമാണെന്നാണു കണക്ക്. യൂറോപ്പിൽനിന്നുള്ള കുടിയേറ്റം കുറയാനുള്ള പ്രധാനകാരണം ബ്രെക്സിറ്റാണെന്നാണു വിലയിരുത്തൽ.
ഇതോടൊപ്പം രസകരമായ മറ്റൊരു കണക്കുകൂടിയുണ്ട്, ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിൽനിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു കുടിയേറുന്നവരുടെ എണ്ണം വർധിച്ചു എന്നതാണ് ഇത്. തിരികെ വരുന്ന ബ്രിട്ടിഷുകാരാക്കാൾ കൂടുതലാണ് ഇവിടെനിന്നും കയറിപ്പോകുന്നവരുടെ എണ്ണം. 73,000 ബ്രിട്ടിഷുകാർ യുകെയിലേക്ക് മടങ്ങിയെത്തിയെങ്കിലും കയറിപ്പോയവർ 1,25,000 ആണ്.
യൂറോപ്പിൽനിന്നുള്ള കുടിയേറ്റത്തിൽ കുറവുണ്ടായെങ്കിലും യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളിൽനിന്നു ബ്രിട്ടനിലേക്കു വരുന്നവരുടെ എണ്ണത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. 2,85,000 വിദേശികളാണു കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള ഒര വർഷം യുകെയിലേക്ക് എത്തിയത്. മടങ്ങിപ്പോയവരാകട്ടെ കേവലം 80,000 മാത്രവും.
കുടിയേറ്റമായി കണക്കാക്കുന്ന, വന്നവരും പോയവരും തമ്മിലുള്ള അന്തരം 2,05,000 ആണ്. ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലുള്ള കുടിയേറ്റമാണിത്. 2014നുശേഷം കുടിയേറ്റത്തിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന വർധന ഹോം ഓഫിസിന്റെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്.
മൊത്തം കുടിയേറ്റം പ്രതിവർഷം ഒരുലക്ഷത്തിൽ താഴെയാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്തു ടോറി പാർട്ടിയുടെ വാഗ്ദാനം. മൂന്നു തിരഞ്ഞെടുപ്പുകളിലായി ആവർത്തിക്കുന്ന ഈ വാഗ്ദാനം പാലിക്കാൻ അടുത്തകാലത്തെങ്ങും അവർക്കോ ഇനിവരുന്ന സർക്കാരുകൾക്കോ സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നത്.