കൊച്ചി∙ കറേജ് പെക്കൂസൻ ചെന്നൈയിൻ ഗോൾകീപ്പർ കരൺജിത് സിങ്ങിന്റെ കൈകളിലേക്ക് അടിച്ചുകൊടുത്ത ആ പെനൽറ്റി കിക്കിന് കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നങ്ങളുടെ വിലയുണ്ടായിരുന്നോ? അറിയില്ല. എങ്കിലും ഒന്നുറപ്പാണ്. ആ കിക്ക് ലക്ഷ്യത്തിലെത്തിയിരുന്നെങ്കിൽ ആയിരക്കണക്കിനു വരുന്ന മഞ്ഞപ്പട ആരാധകരുടെയും ടീമിന്റെയും പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് കൂടുതൽ മിഴിവുണ്ടായേനെ. 53–ാം മിനിറ്റിലെ ഈ പെനൽറ്റി ഉൾപ്പെടെ ഒട്ടേറെ അവസരങ്ങൾ പാഴാക്കി ചെന്നൈയിൻ എഫ്‌സിക്കെതിരായ നിർണായക മൽസരത്തിൽ ഗോൾരഹിത സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ്, പ്ലേ ഓഫ് സാധ്യതകളിൽനിന്ന് കൂടുതൽ അകലെയായി. ഹോം മൈതാനത്തിന്റെ ആനുകൂല്യവും സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെ 31,000ൽ അധികം കാണികളുടെ പിന്തുണയുമുണ്ടായിട്ടും അതു മുതലാക്കാനാകാതെയാണ് ബ്ലാസ്റ്റേഴ്സ് വീണ്ടും സമനിലയിൽ കുരുങ്ങിയത്.
ചെന്നൈയിനെതിരായ ഈ രണ്ടാം സമനില ഉൾപ്പെടെ സീസണിലെ ഏഴാം സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് 17 മൽസരങ്ങളിൽനിന്ന് 25 പോയിന്റുമായി അഞ്ചാം സ്ഥാനത്തു തന്നെ തുടരുകയാണ്. അത്രതന്നെ മൽസരങ്ങളിൽനിന്ന് അഞ്ചാം സമനില വഴങ്ങിയ ചെന്നൈയിൻ എഫ്‌സിയാകട്ടെ, 29 പോയിന്റുമായി പ്ലേ ഓഫ് സാധ്യതകൾ വർധിപ്പിച്ചു. നിലവിൽ മൂന്നാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്‌സി. പുണെ സിറ്റി എഫ്‌സിക്കും 29 പോയിന്റാണെങ്കിലും ഗോൾവ്യത്യാസത്തിന്റെ മികവിൽ അവർ രണ്ടാം സ്ഥാനത്താണ്.
നിർഭാഗ്യം കേരളാ ബ്ലാസ്റ്റേഴ്സിനെ പൊതിഞ്ഞുനിന്ന ദിവസമായിരുന്നു ഇത്. ഇൻജുറി ടൈമിൽ ഗ്രിഗറി നെൽസന്റെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങിയത് മറക്കുന്നില്ല. എങ്കിലും അതിനു മുൻപ് എത്രയോ സുവർണാവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാഴാക്കിയത്! പെനൽറ്റി നഷ്ടത്തിനു പുറമെ, പോസ്റ്റിലിടിച്ചു മടങ്ങിയ സി.കെ. വിനീതിന്റെ ഷോട്ടും ചെന്നൈയിൻ ഗോൾകീപ്പർ കരൺജിത് സിങ്ങിന്റെ മാന്ത്രിക കരങ്ങൾ തടഞ്ഞുനിർത്തിയ ബാൾഡ്‌വിൻസന്റെ രണ്ട് കരുത്തൻ ഷോട്ടുകളുമുണ്ട്, ഈ മൽസരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേദനയോടെ ഓർമിക്കാൻ.
പാഴാക്കിയ പെനൽറ്റി
53–ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കു നിറം പകർന്ന് ടീമിന് അനുകൂലമായി പെനൽറ്റി ലഭിച്ചത്. അധ്വാനിച്ചു കളിച്ച ബാൾഡ്‌വിൻസന്റെ മുന്നേറ്റത്തിനൊടുവിലായിരുന്നു ഇത്. ബോക്സിനു പുറത്തുനിന്ന് പന്തു സ്വീകരിച്ച് ചെന്നൈയിൻ ബോക്സിലേക്കു ബാൾഡ്‌വിൻസൻ കുതിച്ചുകയറുന്നത് ആരാധകരെ ആവേശം കൊള്ളിക്കുന്ന ദൃശ്യമായിരുന്നു. പ്രതിരോധക്കോട്ട കെട്ടി ചെന്നൈയിൻ പോസ്റ്റിനു മുന്നിൽ ഉറച്ചുനിന്ന ബിക്രംജിത് സിങ്, സെറീനോ എന്നിവരെ മറികടന്ന ബാൾഡ്‌വിൻസനെ ലക്ഷ്യത്തിനു തൊട്ടടുത്ത് ജെറി വീഴ്ത്തി. ന്യൂസീലന്‍ഡുകാരൻ റഫറി നേരെ പെനൽറ്റി സ്പോട്ടിലേക്കു വിരൽചൂണ്ടി. കാത്തിരുന്ന ഗോൾ തൊട്ടടുത്തെത്തിയതിന്റെ ആവേശത്തിൽ ഗാലറി അലകടലായി.
എന്നാൽ, ഇയാൻ ഹ്യൂമിന്റെ അഭാവത്തിൽ പെനൽറ്റിയെടുക്കാനെത്തിയ കറേജ് പെക്കൂസനു പിഴച്ചു. ചെന്നൈയിൻ ഗോൾകീപ്പർ കരൺജിത്തിനെ കബളിപ്പിച്ച് പന്ത് പോസ്റ്റിന്റെ വലതുമൂലയിലേക്കു തൊടുക്കാനുള്ള പെക്കൂസന്റെ ശ്രമം പാളി. തീരെ ദുർബലമായിപ്പോയ ഷോട്ട് കരൺജിത്ത് വലത്തേക്കു ഡൈവു ചെയ്ത് തട്ടിയകറ്റി. റീബൗണ്ടിൽനിന്നു ലക്ഷ്യം കാണാനുള്ള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ശ്രമവും വിഫലമായതോടെ ഗാലറിയിൽ നിരാശ തിങ്ങിനിന്നു. മൽസരത്തിലുടനീളം ബ്ലാസ്റ്റേഴ്സിനെ പിടികൂടിയ നിർഭാഗ്യത്തിന്റെ തോത് ഏറ്റവും കൂടിയ നിമിഷമായിരുന്നു ഇത്.
ബെർബ അകത്ത്, പുൾഗ പുറത്ത്
കഴിഞ്ഞ മൽസരത്തിൽ പകരക്കാരുടെ ബെഞ്ചിലിരുന്ന സൂപ്പർതാരം ദിമിറ്റർ ബെർബറ്റോവിനെ ഉൾപ്പെടുത്തിയാണ് ചെന്നൈയിൻ എഫ്‌സിക്കെതിരായ ആദ്യ ഇലവനെ കോച്ച് ഡേവിഡ് ജയിംസ് പ്രഖ്യാപിച്ചത്. അരാത്ത ഇസൂമിക്കു പകരമാണ് ബെർബ ആദ്യ ഇലവനിലെത്തിയത്. സസ്പെൻഷനെ തുടർന്ന് കഴിഞ്ഞ മൽസരം നഷ്ടമായ പ്രതിരോധനിരയിലെ വിശ്വസ്തൻ ലാൽറുവാത്താര ആദ്യ ഇലവനിൽ തിരിച്ചെത്തിയപ്പോൾ, മലയാളി താരം കെ.പ്രശാന്ത് പകരക്കാരുടെ ബെഞ്ചിലായി.
മധ്യനിരതാരം പുൾഗ ഇക്കുറി പുറത്തിരുന്നപ്പോൾ മലയാളി താരങ്ങളായ റിനോ ആന്റോ, സി.കെ. വിനീത് എന്നിവരും ആദ്യ ഇലവനിലെത്തി. ചെന്നൈയിൻ എഫ്‌സി നിരയിലെ മലയാളി താരം മുഹമ്മദ് റാഫി പതിവുപോലെ പകരക്കാരുടെ ബെഞ്ചിലിരുന്നു.
പോസ്റ്റിലിടിച്ച് വിനീത്, പുറത്തേക്കടിച്ച് ജെജെ
ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിനൊടുവിൽ ചെന്നൈയിൻ പോസ്റ്റിൽത്തട്ടി തെറിച്ച സി.കെ. വിനീതിന്റെ വലംകാൽ ഷോട്ട് പോലെയായിരുന്നു ആദ്യപകുതിയിൽ ടീമിന്റെ പ്രകടനം. പന്തു കൈവശം വച്ച് എതിരാളികളുടെ സമനില തെറ്റിക്കാനുള്ള ചെന്നൈയിന്റെ ശ്രമങ്ങൾക്ക്, വേഗതയേറിയ കൗണ്ടർ അറ്റാക്കുളിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മറുപടി. മധ്യനിര ജനറലിന്റെ റോളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ബെർബറ്റോവിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൂട്ടത്തോടെ ആക്രമിക്കുന്നത് ചന്തമുള്ളൊരു ഫുട്ബോൾ കാഴ്ചയായിരുന്നു. പന്തു കൈവശം വച്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധം തുറന്നെടുക്കാനുള്ള ചെന്നൈയിന്റെ ശ്രമങ്ങളെ സന്ദേശ് ജിങ്കാന്റെയും വെസ് ബ്രൗണിന്റെയും നേതൃത്വത്തിൽ കൂട്ടത്തോടെ പ്രതിരോധിക്കുന്നതും കാണികളുടെ ഹൃദയം കവർന്ന കാഴ്ചയായി.
മധ്യനിരയിൽ അധ്വാനിച്ചു കളിച്ച ജാക്കിചന്ദ് സിങ്ങും കറേജ് പെക്കൂസനുമായിരുന്നു ആദ്യപകുതിയിലെ താരങ്ങൾ. അതിവേഗം കൊണ്ട് ചെന്നൈയിൻ താരങ്ങൾക്ക് തലവേദന സൃഷ്ടിച്ച ഇരുവരും ഒട്ടേറെ അവസരങ്ങളും തുറന്നെടുത്തു. വേഗത്തിൽ പിന്നാക്കം പോയെങ്കിലും പാസിങ്ങിലെ കിറുകൃത്യത കൊണ്ട് ബെർബയും സാന്നിധ്യമറിയിച്ചു. പാസ് പാഴാക്കുന്ന സഹതാരങ്ങളെ ശാസിക്കുന്ന ബെർബയും ആദ്യപകുതിയിലെ കാഴ്ചയായിരുന്നു. സ്വന്തം ബോക്സിനു സമീപം പന്ത് പാഴാക്കിയ താരത്തോടുള്ള രോഷം പരിശീലകൻ ഡേവിഡ് ജയിംസിനോട് തീർക്കുന്ന ബെർബയേയും ഇടയ്ക്കു കണ്ടു. മുന്നേറ്റനിരയിൽ ബാൾഡ്‍വിൻസൻ പതിവുപോലെ കഠിനാധ്വാനിയായപ്പോൾ, വിനീത് നായകന്റെയും വില്ലന്റെയും വേഷങ്ങൾ മാറിമാറിയണിഞ്ഞു. 14–ാം മിനിറ്റിൽ പെക്കൂസന്റെ ഷോട്ട് ചെന്നൈയിൻ ഗോളി കരൺജിത് തടഞ്ഞത് വിനീതിന്റെ കാൽപ്പാകത്തിനു വന്നതാണ്. എന്നാൽ, പോസ്റ്റിനു തൊട്ടുമുന്നിൽ ഷോട്ടുതിർക്കാനുള്ള വിനീതിന്റെ ശ്രമം പാഴായിപ്പോകുന്നതുകണ്ട് കാണികൾ തലയിൽ കൈവച്ചുപോയി. ഇതിനു പിന്നാലെയായിരുന്നു 22–ാം മിനിറ്റിൽ പോസ്റ്റിലിടിച്ചു മടങ്ങിയ ഷോട്ട്. 31–ാം മിനിറ്റിൽ കോർണറിൽനിന്നു വന്ന പന്ത് ചെന്നൈയിൻ ഗോള്‍കീപ്പർ കരൺജിത് കുത്തിയകറ്റിയെങ്കിലും പന്തു നേരെ വന്നത് ബെർബയുടെ കാലിലേക്ക്. സമയമൊട്ടും പാഴാക്കാതെ ബെർബ തൊടുത്ത ഹാഫ് വോളി ചെന്നൈയിൻ താരത്തിന്റെ ദേഹത്തുതട്ടി ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയതും ആദ്യപകുതിയിലെ നിരാശപ്പെടുത്തുന്ന കാഴ്ചയായി.
ആദ്യപകുതി അവസാനിക്കാൻ ഒരു മിനിറ്റു മാത്രമുള്ളപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചങ്കിടിപ്പു നിന്നുപോയ നിമിഷവും മൽസരത്തിലുണ്ടായി. ചെന്നൈയിൻ മുന്നേറ്റനിരയുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ആടിയുലഞ്ഞുപോയ നിമിഷമായിരുന്നു അത്. സ്ലൊവേനിയയിൽനിന്നുള്ള 10–ാം നമ്പർ താരം റെനി മിഹേലിച്ചുമായി പന്തു കൈമാറി ബോക്സിലേക്കെത്തിയ ജെജെ ലാൽപെഖൂലെയാണ് ആരാധകരുടെ മനസ്സിൽ തീകോരിയിട്ടത്. വൺ ടച്ച് പാസിങ്ങിലൂടെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഇരച്ചുകയറിയ ഇരുവരും അതിവിദഗ്‌ധമായി ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൊളിച്ചെടുത്തു. ആരാധകർ ശ്വാസമടക്കിപ്പിടിച്ചു നോക്കിനിൽക്കെ പോസ്റ്റിനു മുന്നിൽ ജെജെ ലക്ഷ്യം മറന്നു. ഗോൾകീപ്പർ പോൾ റെച്ചൂബ്ക മാത്രം മുന്നിൽനിൽക്കെ ജെജെ തൊടുത്ത ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തേക്കാ. വെസ് ബ്രൗണിന്റെ കടുത്ത പ്രതിരോധക്കോട്ട പൊളിക്കാനാകാതെ ഉഴറിനിന്ന ജെജെ ലാൽപെഖൂല സാന്നിധ്യമറിയിച്ച നിമിഷം കൂടിയായി അത്. ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികൾ പന്തു പുറത്തേക്കു തെറിക്കുന്നതുകണ്ട് ഉച്ചത്തിൽ നെടുവീർപ്പിട്ടുപോയി.
പെനൽറ്റി നഷ്ടത്തിന്റെ രണ്ടാം പകുതി, നിർഭാഗ്യത്തിന്റെയും
ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആധിപത്യം പുലർത്തുന്ന കാഴ്ചയോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ഗോളിനായി സമ്മർദ്ദം ചെലുത്തിക്കളിച്ച ബ്ലാസ്റ്റേഴ്സിന്റെ അധ്വാനത്തിനുള്ള ഫലമായിരുന്നു 52–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി. പെക്കൂസന്റെ ദുർബലമായ ഷോട്ട് പാഴായപ്പോൾത്തന്നെ ഇതു ബ്ലാസ്റ്റേഴ്സിന്റെ ദിവസമല്ലെന്നു വ്യക്തമായിരുന്നു. ഇതിനു പിന്നാലെ 57–ാം മിനിറ്റിൽ ചെന്നൈയിനും കിട്ടി മികച്ചൊരു അവസരം. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് തുടർച്ചയായി തലവേദന സൃഷ്ടിച്ച 10–ാം നമ്പർ താരം മിഹേലിച്ച് തന്നെ ഇക്കുറിയും വില്ലൻ. ബ്ലാസ്റ്റേഴ്സ് ബോക്സിനു തൊട്ടുപുറത്തുനിന്ന് ജെജെയെ ലക്ഷ്യമാക്കി മിഹേലിച്ച് നൽകിയ പാസിൽ നിറയെ ഗോൾമണമുണ്ടായിരുന്നു. എന്നാൽ, പന്ത് ജെജെയിലേക്കെത്തും മുൻപ് ദൈവദൂതനെപ്പോലെ ലാൽറുവാത്താര അവതരിച്ചു. യുവതാരത്തിന്റെ ചെറിയൊരു ഇടപെടലിൽ അപകടമൊഴിവായി.
63–ാം മിനിറ്റിൽ ഇരുടീമുകളും ഓരോ മാറ്റങ്ങൾ വരുത്തി. ബ്ലാസ്റ്റേഴ്സ് നിരയിൽ ബെർബറ്റോവിനെ പിൻവലിച്ച് മലയാളിതാരം പ്രശാന്തിനെയും ചെന്നൈയിൻ നിരയിൽ കീറൻ അൽമെയ്ഡയ്ക്കു പകരം ഫ്രാൻസിസ്കോ ഫെർണാണ്ടസുമെത്തി. ഗോൾവരൾച്ച തുടരുന്നതിനിടെ 74–ാം മിനിറ്റിൽ ചെന്നൈയിൻ നിരയിൽ റെനി മിഹേലിച്ചിനു പകരം ജെയ്മി ഗാവിലാനുമെത്തി. 76–ാം മിനിറ്റിൽ മൽസരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച മുന്നേറ്റം. ബ്ലാസ്റ്റേഴ്സ് ബോക്സിൽ ആശങ്ക സൃഷ്ടിച്ച നിമിഷങ്ങൾക്കൊടുവിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കൗണ്ടർ അറ്റാക്ക്. കുതിച്ചകയറി ബാൾഡ്‌വിൻസൻ വലതുവിങ്ങിൽ ജാക്കിചന്ദ് സിങ്ങിനു പന്തു മറിച്ചു. ചെന്നൈയിൻ പ്രതിരോധം പിളർത്തി ജാക്കി നൽകിയ ത്രൂപാസ് വീണ്ടും ബാൽഡ്‌വിൻസനിലേക്ക്. സർവശക്തിയും ആവാഹിച്ച് ബാൾഡ്‌വിൻസൻ തൊടുത്ത ഷോട്ട് ഗോള്‍കീപ്പർ കരൺജിത് കുത്തിയകറ്റി. പന്ത് വിനീതിന്റെ കാൽപ്പാകത്തിനു വന്നെങ്കിലും നിയന്ത്രിച്ചുനിർത്താനാകാതെ പോയതോടെ ആ ശ്രമവും വിഫലം.
തൊട്ടുപിന്നാലെ ജാക്കിചന്ദിന്റെ കോർണർ കിക്കിൽനിന്ന് ഒരിക്കല്‍ക്കൂടി ബാൾഡ്‌വിൻസിന്റെ ആ കരുത്തൻ ഷോട്ടുകണ്ടു. ഉയർന്നുതാണെത്തിയ പന്ത് ബ്രൗൺ തലകൊണ്ടുകുത്തി ബാൾഡ്‌വിന്‍സനു നൽകി. താരത്തിന്റെ കരുത്തൻ വോളി ഇക്കുറിയും കരൺജിത്ത് പുറത്തേക്കു കുത്തിയകറ്റി. കാണികൾ വീണ്ടും തലയിൽ കൈവച്ചുപോയി. പിന്നാലെ കാണികളുടെ കരഘോഷങ്ങൾക്കിടെ ജെജെയ്ക്കു പകരക്കാരനായി മലയാളി താരം മുഹമ്മദ് റാഫി കളത്തിലിറങ്ങി. കളി ഇൻജുറി ടൈമിലേക്കു കടന്നതിനു പിന്നാലെ മിലൻ സിങ്ങിനു പകരം ദീപേന്ദ്ര നേഗിയുമെത്തി. അവസാന നിമിഷങ്ങളിൽ വിജയഗോളിനായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരമാവധി സമ്മർദ്ദം ചെലുത്തിയെങ്കിലും ചെന്നൈയിൻ പ്രതിരോധം പിടിച്ചുനിന്നതോടെ തോൽവിയോളം വേദന നൽകുന്ന സമനിലയുമായി ബ്ലാസ്റ്റേഴ്സിന് മടക്കം.