Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷങ്ങൾ അതിരു കടന്നാൽ അഴിയെണ്ണാം; കൊച്ചിയിൽ വല വിരിച്ച് നിഴൽ പൊലീസ്

thrissur-police-newyear

കൊച്ചി∙ നഗരം പുതുവർഷത്തെ വരവേൽക്കാൻ ആഘോഷങ്ങളിലേയ്ക്കു കടക്കുമ്പോൾ മുക്കിലും മൂലയിലും സാന്നിധ്യമായി നിഴൽ പൊലീസ്. മദ്യപിച്ച് അടിപിടി ഉണ്ടാക്കുന്നവരെയും വാഹനം ഓടിക്കുന്നവരെയും മുതൽ ലഹരിയുമായി ചുറ്റിക്കറങ്ങുന്നവരെ വരെ പിന്തുടർന്ന് പൊലീസിന്റെ നിഴലുണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസ് നൽകുന്ന വിവരം. നഗരത്തിൽ പുതുവർഷ ആഘോഷത്തിനായി ലഹരി എത്തുന്നെന്ന വിവരം ലഭിച്ചതിനെ തുടർന്ന് 24 മണിക്കൂർ ഡ്യൂട്ടിയുള്ള സ്ക്വാഡ് രൂപീകരിച്ചാണു പരിശോധന ശക്തമാക്കിയിരിക്കുന്നതെന്ന് എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ കെ. ചന്ദ്രപാലൻ അറിയിച്ചു. വൻകിട ഫ്ലാറ്റുകളിൽ നടക്കുന്ന ഡിജെ പാർട്ടികളിലെ ലഹരി മരുന്നു വിൽപനയാണ് മാഫിയ ലക്ഷ്യമിടുന്നത്. ഇതിനെ എങ്ങനെയും തടയുന്നതിനായി മാസങ്ങൾക്കു മുന്നേ പൊലീസും എക്സൈസും രംഗത്തുണ്ട്.

പുതുവർഷത്തോടനുബന്ധിച്ചു നാൽപതിലധികം ഡിജെ പാർട്ടികൾ കൊച്ചിയിൽ നടക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നിയമവിരുദ്ധമായ ഡിജെ പാർട്ടികളെ തടയുന്നതിനാണ് പൊലീസ് തീരുമാനം. സംശയ സാഹചര്യത്തിൽ നടക്കുന്ന എല്ലാ ആഘോഷങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഹോട്ടലുകളിലും റിസോർട്ടുകളിലും ഫ്ലാറ്റ് പരിസരങ്ങളിലും ഷാഡൊ പൊലീസ് നിരീക്ഷണം ശക്തമാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഏതാനും മാസങ്ങളായി ലഹരി കേസുകൾ കൂടുതലായി റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ. ഇന്നലെ ഫോർട്ട് കൊച്ചിയിൽ യുവാക്കൾ അനധികൃതമായി കടത്തുകയായിരുന്ന ലീറ്റർ കണക്കിന് ബിയർ എക്സൈസ് പിടികൂടിയിരുന്നു. ഡിജെ പാർട്ടിക്കായി കൊണ്ടുപോകുകയായിരുന്നു ഇതെന്ന് അവർ സമ്മതിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ സുരക്ഷിതമായ പുതുവർഷ ആഘോഷം ലക്ഷ്യമിട്ട് 1500ൽ പരം പൊലീസുകാരെയാണു വിന്യസിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ വരെ പൊലീസ് നിരീക്ഷണം ശക്തമായിരിക്കും. അനുമതിയില്ലാതെ പൊതു സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന ആഘോഷങ്ങൾക്കും നിയന്ത്രണമുണ്ട്. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പടക്കം പൊട്ടിക്കുന്നതിനും വിലക്കുണ്ട്. പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവരെ കണ്ടെത്തുന്നതിനും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നതു തടയുന്നതിനും പൊലീസ് കർശന നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. ബീച്ചുകളിലും പാർക്കുകളിലും കാമറ ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഫോർട്ട്കൊച്ചിയിൽ നടക്കുന്ന ആഘോഷങ്ങളുടെ മുന്നോടിയായി ദിവസങ്ങൾക്കു മുന്നേ പൊലീസ് തയാറെടുപ്പുകൾ നടത്തിയിരുന്നു. കയ്യേറ്റക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനു കലക്ടർ മുൻകൈ എടുത്ത് നടപടികൾ സ്വീകരിച്ചിരുന്നു. ഇവിടെ വിദേശത്തുനിന്നെത്തുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനു കർശന നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. മുൻ അനുഭവങ്ങൾ വച്ച് അക്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ എന്തെങ്കിലും അതിക്രമമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും പൊലീസ് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.