അഗളി (പാലക്കാട്)∙ അട്ടപ്പാടി മുക്കാലിയിൽ ആദിവാസി യുവാവ് മധു മർദനമേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ 16 പ്രതികളെ റിമാൻഡ് ചെയ്തു. മണ്ണാർക്കാട് എസ്‌സി/എസ്ടി പ്രത്യേക കോടതിയാണു പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കിയത്. കേസിൽ ആകെ 16 പ്രതികളാണുള്ളത്. ഇവരിൽ 11 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു പേരെ കഴിഞ്ഞ ദിവസം പിടികൂടി. ഇവർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
വനംവകുപ്പിനെതിരെയും നടപടി
മധുവിനെ കാട്ടിക്കൊടുത്ത വനംവകുപ്പ് ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. സംഭവത്തിൽ വനപാലകർക്കു പങ്കുണ്ടെങ്കിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്നു മന്ത്രി കെ. രാജു പറഞ്ഞു. വനത്തിലെ ഗുഹയിലുള്ള മധുവിന്റെ താമസസ്ഥലം നാട്ടുകാർക്കു കാണിച്ചുകൊടുത്തതും അവരെ വനത്തിൽ കയറ്റിവിട്ടതും വനപാലകരാണെന്ന വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മധുവിനു യാത്രാമൊഴി
കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ (27) മൃതദേഹം അതിനിടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ശനിയാഴ്ച മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് മുക്കാലിയിൽ ആദിവാസി സംഘടനകൾ തടഞ്ഞെങ്കിലും ചർച്ചയെ തുടർന്ന് വീണ്ടും യാത്ര ആരംഭിക്കുകയായിരുന്നു. പ്രാദേശിക നേതാക്കളും പൊലീസും പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.
അറസ്റ്റു ചെയ്ത പ്രതികളുടെ വിവരങ്ങൾ അറിയിച്ചതിനെ തുടർന്നാണു പ്രതിഷേധക്കാർ പിന്മാറിയത്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ ആദിവാസി സംഘടനകളാണ് മൃതദേഹം തടഞ്ഞത്. വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണു മൃതദേഹം കൊണ്ടുപോയത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് പോസ്റ്റ്മോർട്ടത്തിനു ശേഷം മധുവിന്റെ മൃതദേഹം കുടുംബത്തിനു വിട്ടുനൽകിയത്. തൃശൂർ മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റ്മോർട്ടം. അഗളിയിലെ പൊതുദർശനത്തിനുശേഷം മൃതദേഹവുമായി പോയപ്പോഴാണു മുക്കാലിയിൽ വച്ച് തടഞ്ഞത്. വ്യാഴാഴ്ച വൈകിട്ടാണ് മധുവിനെ ഒരു സംഘമാളുകൾ മർദിച്ചത്. ആശുപത്രിയിലെത്തിക്കുന്ന വഴിക്ക് മധു മരിക്കുകയും ചെയ്തു. ഇതിനുപിന്നാലെ അട്ടപ്പാടിയിൽ വൻ പ്രതിഷേധമാണുയർന്നത്.
കൊലയാളികളെ അറസ്റ്റു ചെയ്യാതെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നു പറഞ്ഞ് മധുവിന്റെ അമ്മയും ബന്ധുക്കളും ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്നു. തുടർന്ന് സബ്കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തിയാണ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോയത്.