ശ്രീനഗർ∙ കശ്മീർ താഴ്‍വരയിലുണ്ടായ രണ്ടു വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ടു പൊലീസുകാർക്കു വീരമൃത്യു. ഒരു ഹുറിയത് നേതാവിന്റെ വീടിനു സമീപത്തും ചരാരെ ഷെരീഫ് ആരാധനാലയത്തിനു സമീപത്തെ പൊലീസ് പോസ്റ്റിനു നേരെയുമാണ് വെടിവയ്പുകളുണ്ടായത്. രണ്ടിടത്തും പൊലീസുകാരുടെ തോക്കുകൾ തട്ടിയെടുത്ത് ആക്രമികൾ കടന്നുകളഞ്ഞു.
കുല്‍ത്തർ സിങ്, ഫറൂഖ് അഹമ്മദ് യാട്ടു എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രശസ്തമായ സൂഫി വിശുദ്ധൻ ഷെയ്ഖ് നൂർ ഉദീൻ നൂറാനിയുടെ ആരാധനാലയത്തിൽ കാവൽ നിൽക്കുന്നതിനിടെയാണ് കുൽത്തര്‍ സിങ്ങിന് പരുക്കേൽക്കുന്നത്. ഉച്ചയ്ക്കു നടന്ന ആക്രമണത്തിൽ പരുക്കേറ്റ ഇയാളെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് മരണം സംഭവിക്കുന്നത്.
ഹുറിയത് നേതാവ് ഫസൽ ഹഖ് ഖുറേഷിയുടെ സുരക്ഷാ ജോലിക്കിടെയാണ് ആയുധദാരികളുടെ ആക്രമണത്തിൽ ഫറൂഖിനു വെടിയേൽക്കുന്നത്. ഹുറീയത്ത് നേതാവായിരുന്ന ഫസൽ ഹഖ് ഖുറേഷിക്ക് നേരെ 2009ലും ആക്രമണമുണ്ടായിരുന്നു.
സംസ്ഥാനത്ത് ജോലി നോക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കർശന ജാഗ്രത പാലിക്കണമെന്ന് ഡിജിപി എസ്പി വെയ്ഡ് നിർദേശം നല്‍കി.