ഇന്ത്യയിൽ മാത്രമല്ല, നീരവ് മോദിയുടെ വായ്പ്പാത്തട്ടിപ്പ് യുഎസിലും

ന്യൂഡൽഹി∙ ഇന്ത്യയിൽ 11,400 കോടി രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യവസായി നീരവ് മോദിക്കെതിരെ യുഎസിലും കേസ്. നീരവിന്റെ ഫയർസ്റ്റാർ ഡയമണ്ട് യുഎസിലെ ബാങ്കിലും തട്ടിപ്പുനടത്തിയതായിട്ടാണ് റിപ്പോർട്ട്. 324 കോടി (50 മില്യൻ ഡോളർ) മുതൽ 649 കോടി (100 മില്യൻ ഡോളർ) രൂപ വരെ തട്ടിപ്പാണു നടത്തിയിരിക്കുന്നത്. ന്യൂയോർക്കിന്റെ ദക്ഷിണ ജില്ലയിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

അതേസമയം, പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദിയും കുടുംബവും ന്യൂയോർക്കിലാണെന്നാണു വിവരം. മാൻഹട്ടനിലെ ജെഡബ്ല്യു മാരിയറ്റിന്റെ എസെക്സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് ദേശീയ മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മാഡിസൺ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാർട്മെന്റെന്നാണു റിപ്പോർട്ട്.

പിഎൻബിയുടെ മുംബൈ ബ്രാഞ്ചിലാണ് നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും 11,400 കോടിയുടെ തട്ടിപ്പുനടത്തിയത്. വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽ നിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി.

നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസ് ഈ മാസം അഞ്ചിനു സിബിഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 11,400 കോടിയുടെ ക്രമക്കേടുകൾ പുറത്തുവന്നത്.