ലോകത്തിന്റെ ചാന്ദ്നി, എന്റെ പ്രണയിനി; ശ്രീദേവിക്ക് ബോണിയുടെ ഓർമക്കുറിപ്പ്

ശ്രീദേവിയുടെ മൃതദേഹം സംസ്കാരത്തിനായി വിലാപയാത്രയായി കൊണ്ടുപോയ വാഹനത്തിൽ ബോണി കപൂറും മകൾ ജാൻവിയും.

മുംബൈ∙ അന്തരിച്ച നടി ശ്രീദേവിയെ സ്മരിച്ച് ഭർത്താവ് ബോണി കപൂറിന്റെ സ്നേഹാർദ്രമായ ഓർമക്കുറിപ്പ്. തനിക്കും രണ്ടു പെൺമക്കൾക്കും നേരിട്ട ദുരന്തത്തെക്കുറിച്ച് വാക്കുകളിലൂടെ വ്യക്തമാക്കുകയാണു ബോണി. ശ്രീദേവിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ബുധൻ രാത്രിയാണു ബോണിയുടെ കുറിപ്പ് എത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ദുബായിലെ ഹോട്ടലിലെ ബാത്‌ടബിൽ ശ്രീദേവിയുടെ മുങ്ങിമരണം. ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ച മൃതദേഹം ബുധനാഴ്ച സംസ്കരിച്ചു.

ശ്രീദേവിയുടെ മൃതദേഹം സംസ്കാരത്തിനായി വിലാപയാത്രയായി കൊണ്ടുപോയ വാഹനത്തിൽ മകൾ ഖുഷി, ബന്ധു മോഹിത് മർവ, അർജുൻ കപൂർ തുടങ്ങിയവര്‍.

ബോണിയുടെ കുറിപ്പിൽനിന്ന്:

ഒരു സുഹൃത്തും ഭാര്യയും എന്റെ രണ്ടു പെൺമക്കളുടെ അമ്മയുമായ ആളുടെ നഷ്ടം വാക്കുകൾക്ക് അതീതമാണ്. ഈ സമയം ഞങ്ങൾക്കൊപ്പം പാറപോലെ ഉറച്ചുനിന്ന എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും അഭ്യുദയകാംക്ഷികളോടും ശ്രീദേവിയുടെ ആരാധകരോടും ആത്മാർഥമായ നന്ദി അറിയിക്കുന്നു.

അർജുന്റെയും അൻഷുലയുടെയും പിന്തുണയും സ്നേഹം ലഭിച്ചതിൽ ഞാൻ അനുഗ്രഹപ്പെട്ടിരിക്കുന്നു. ഈ സന്ദർഭത്തിൽ എനിക്കും ഖുഷിക്കും ജാൻവിക്കും ആ പിന്തുണ അത്രമേൽ ശക്തമായ തൂണായിരുന്നു. ഒരു കുടുംബമായി ഈ തീരാനഷ്ടത്തെ ഞങ്ങൾ നേരിടാൻ ശ്രമിക്കുകയാണ്.

ശ്രീദേവിയുടെ മൃതദേഹം സംസ്കാരത്തിനായി വിലാപയാത്രയായി കൊണ്ടുപോയ വാഹനത്തിൽ ബോണി കപൂർ, അർജുൻ കപൂർ തുടങ്ങിയവര്‍.

ഈ ലോകത്തിന് അവൾ ചാന്ദ്നിയായിരുന്നു. സമാനതകളില്ലാത്ത അഭിനേത്രി. അവരുടെ ശ്രീദേവി. എന്നാൽ എനിക്ക് അവളെന്റെ പ്രണയിനിയായിരുന്നു, സുഹൃത്തായിരുന്നു, എന്റെ പെൺകുട്ടികളുടെ അമ്മയായിരുന്നു. എന്റെ പങ്കാളിയായിരുന്നു. എന്റെ മക്കൾക്ക് അവൾ എല്ലാമായിരുന്നു. അവരുടെ ജീവിതമായിരുന്നു. അവളെച്ചുറ്റിയാണു ഞങ്ങളുടെ കുടുംബം ചലിച്ചിരുന്നത്.

ഖുഷിയുടെയും ജാൻവിയുടെയും മമ്മയും എന്റെ പ്രിയ ഭാര്യയുമായിരുന്ന ശ്രീദേവിക്കു ഞങ്ങൾ വിടചൊല്ലുന്ന ഈ സമയം, എനിക്കു നിങ്ങളേവരോടും അഭ്യർഥനയുണ്ട്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ശ്രീയെക്കുറിച്ചു നിങ്ങൾക്കു സംസാരിക്കണമെങ്കിൽ അതവരും നിങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേക സ്മരണകൾ വച്ചായിരിക്കട്ടെ.

ശ്രീദേവിയുടെ മൃതദേഹം സംസ്കാരത്തിനായി വിലാപയാത്രയായി കൊണ്ടുപോയ വാഹനത്തിൽ ബോണി കപൂർ, അർജുൻ കപൂർ, അനിൽ കപൂർ തുടങ്ങിയവർ.

ഒരിക്കലും പകരംവയ്ക്കാനാകാത്ത അഭിനേത്രിയാണ് അവർ. അക്കാര്യത്തിൽ അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഒരു അഭിനേതാവിന്റെ ജീവിതത്തിൽ തിരശീലയിടൽ ഉണ്ടാകില്ല, കാരണം അവരെന്നും വെള്ളിവെളിച്ചത്തിൽ തിളങ്ങിക്കൊണ്ടിരിക്കും.

ഈ സമയത്തെ എന്റെ ഏക ആശങ്ക എന്റെ പെൺകുട്ടികളെ സംരക്ഷിക്കുക എന്നതും ശ്രീയില്ലാതെ മുന്നോട്ടുപോകാൻ വഴികണ്ടെത്തുക എന്നതുമാണ്. അവളായിരുന്നു ഞങ്ങളുടെ ജീവിതവും ശക്തിയും ഞങ്ങളുടെ ചിരിക്കു പിന്നിലെ കാരണവും. എല്ലാത്തിനും അപ്പുറം അവളെ ഞങ്ങൾ സ്നേഹിക്കുന്നു.
നിത്യശാന്തി നേരുന്നു, എന്റെ പ്രണയിനി. ഞങ്ങളുടെ ജീവിതം ഇനിയൊരിക്കലും പഴയതുപോലാകില്ല.

ബോണി കപൂർ.