രാമേശ്വരത്തെ തിരകൾ ഏറ്റുവാങ്ങും ശ്രീദേവിയുടെ ചിതാഭസ്മം; നിമജ്ജനം ഇന്ന്

ചെന്നൈ∙ നടി ശ്രീദേവിയുടെ ചിതാഭസ്മം ഏറ്റുവാങ്ങുക രാമേശ്വരത്തെ തിരകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് ഭർത്താവ് ബോണി കപൂർ ചെന്നൈയിലേക്ക് ചിതാഭസ്മവുമായി എത്തിയത്. ഇവിടെ നിന്ന് ശനിയാഴ്ച രാവിലെ സ്വകാര്യ വിമാനത്തിൽ രാമേശ്വരത്തേക്കു പോകും. പൂജാവിധികളോടെ രാമേശ്വരത്തെ കടലിലായിരിക്കും ചിതാഭസ്മം നിമജ്ജനം ചെയ്യുക.

ഫെബ്രുവരി 24നാണ് ദുബായിൽ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രീദേവി ഹോട്ടലിലെ ബാത്ത് ടബിൽ മുങ്ങിമരിച്ചത്. അപകട മരണമായിരുന്നുവെന്നാണു റിപ്പോർട്ട്. നിയമനടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കി 27ന് ഭൗതികശരീരം മുംബൈയിലെത്തിച്ചു.

ഫെബ്രുവരി 28ന് പതിനായിരക്കണക്കിന് ആരാധകരുടെയും ഇന്ത്യൻ സിനിമാലോകത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ വിലെ പാർലെ സേവാ സമാജ് ഹിന്ദു ശ്മശാനത്തിൽ സംസ്കാരം നടന്നു. അന്ധേരി ലോഖണ്ഡ്‌വാലയിലെ വസതിക്കു സമീപം സെലിബ്രേഷൻ കോംപ്ലക്സിൽ രാവിലെ ഒൻപതിനു മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു.