പുണെയെ വീഴ്ത്തി ബെംഗളൂരു എഫ്സി ഐഎസ്എൽ ഫൈനലിൽ; ഛേത്രിക്ക് ഹാട്രിക്

ഗോൾ നേടിയ സുനിൽ ഛേത്രിയുടെ ആഹ്ലാദം. ചിത്രം: ഐഎസ്എൽ

ബെംഗളൂരു∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സി ഫൈനലിൽ. സെമി ഫൈനലിന്റെ രണ്ടാം പാദ മൽസരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ്  പുണെയെ തോൽപ്പിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കോടെയാണ് ബെംഗളൂരുവിന്റെ ഫൈനലിലേക്കുള്ള യാത്ര. കളിയുടെ 15, 65, 89 മിനുട്ടുകളിലാണ് ഛേത്രി ഗോളുകൾ നേടിയത്. പുണെയുടെ ഗോൾ ജൊനാഥൻ ലൂക്കയുടെ(82) വകയായിരുന്നു. 

പുണെയിൽ നടന്ന ആദ്യ പാദ മൽസരവും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. മൂന്നാം മിനുട്ടിൽ തന്നെ ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി മികച്ച അവസരം പാഴാക്കുന്നത് കാണാമായിരുന്നു. വലതു വിങ്ങിലൂടെ ഓടിക്കയറിയ ഉദാന്തസിങ് നൽകിയ ക്രോസ് കൃത്യമായി വലയിലേക്ക് തിരിച്ചു വിടുന്നതിൽ ഛേത്രി പരാജയപ്പെട്ടു. 15–ാം മിനിറ്റിൽ പുണെ ഗോളി വിശാൽ കെയ്തിന്റെയും പ്രതിരോധത്തിന്റെയും പിഴവിൽ ബെംഗളൂരു ഗോൾ നേടി. ഇത്തവണയും ഉദാന്ത-ഛേത്രി കൂട്ടുകെട്ടാണ് ഗോളിലേക്കു വഴി തുറന്നത്. വലതു ഭാഗത്ത് നിന്നും ഉദാന്ത ഉയർത്തി കൊടുത്ത പന്തിൽ ഛേത്രി തലവെച്ചു. ഗോളി കെയ്ത് പന്തിനു പുറകെ ചാടിയെങ്കിലും പ്രതിരോധത്തില്‍ ഗുർതേജ് സിങ്ങിനെ ഇടിച്ചു വീണു. 

ഒരു ഗോളിന് പിന്നിലായ പുണെ രണ്ടാം പകുതി വർധിത വീര്യത്തോടെയാണ് തുടങ്ങിയത്. എന്നാൽ ബെംഗളൂരുവിന് ലഭിച്ച പെനൽറ്റി പുണെയ്ക്കു തിരിച്ചടിയായി. ബോക്‌സിലൂടെ മുന്നേറിയ ഛേത്രിയെ പുണെയുടെ സാർത്ഥക് പിടിച്ചു തള്ളി വീഴ്ത്തിയതിനു കിട്ടിയ ശിക്ഷ. ഗോളി കെയ്ത് വലതു വശത്തേക്ക് ചാടുമ്പോൾ ഛേത്രിയുടെ കിക്ക് അദ്ദേഹത്തിന് മുകളിലൂടെ വലയിലേക്ക് കയറി. 82ാം മിനിറ്റിലായിരുന്നു പുണെയുടെ ഗോള്‍ വന്നത്. ബോക്‌സിനു പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ജൊനാഥൻ ലൂക്ക് വലയിൽ എത്തിക്കുകയാണുണ്ടായത്. എന്നാല്‍ വീണ്ടും സുനില്‍ ഛേത്രി ഗോൾ നേടിയതോടെ പുണെയുടെ ഫൈനൽ‌ പ്രതീക്ഷകൾ‌ പൊലിയുകയായിരുന്നു.