കുമളി∙ കേരള– തമിഴ്നാട് അതിർത്തിയിൽ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 11 ആയി. അരുൾ ശെൽവം, ദിവ്യ എന്നിവരാണു തിങ്കളാഴ്ച വൈകിട്ടു മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഈറോഡ‍് തമിഴ്നാട് സ്വദേശികളായ തമിഴ്ശെൽവൻ, ദിവ്യ, വിവേക്, ചെന്നൈ സ്വദേശികളായ അഖില, ശുഭ, അരുൺ, പുനിത, ഹേമലത, കോയമ്പത്തൂർ സ്വദേശി വിപിൻ എന്നിവരാണു മരിച്ച മറ്റുള്ളവർ. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചതെന്നു തേനി ഡിവൈഎസ്പി അറിയിച്ചു.
39 പേരുടെ സംഘമാണു ഞായറാഴ്ച രാത്രി കാട്ടുതീയിൽ പെട്ടത്. രക്ഷപ്പെടുത്തിയ 28 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ 17 പേരുടെ നില ഗുരുതരമാണ്. അതിൽത്തന്നെ മൂന്നു പേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. പൊള്ളലേറ്റ കോട്ടയം ഈരാറ്റുപേട്ട സ്വദേശി മീന ജോർജ് അപകടനില തരണം ചെയ്തെന്നും ഡോക്ടർമാർ അറിയിച്ചു. ചെന്നൈയിൽ താമസിക്കുന്ന മീന അവിടെ ഐടി ഉദ്യോഗസ്ഥയാണ്.
Read more at: മടക്കയാത്രയിൽ കാട്ടുതീ; വഴിതെറ്റി ചിതറിയോടി
മരിച്ചവരുടെ ബന്ധുക്കൾക്കു നാലു ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകും. ട്രക്കിങ് സംഘം വനത്തിലേക്ക് അനുമതിയില്ലാതെയാണു പ്രവേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കനത്ത വേനലിൽ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സാധാരണ വനങ്ങളിലേക്ക് ട്രക്കിങ് അനുവദിക്കാറില്ല. കാട്ടുതീ പടരാനുള്ള സാധ്യത ഏറുന്നതാണു കാരണം. കൊരങ്ങിണിയിൽത്തന്നെ പലയിടത്തും ഏതാനും ദിവസങ്ങൾക്കിടെ ചെറിയ തോതിൽ കാട്ടുതീ റിപ്പോർട്ടു ചെയ്തിരുന്നു. ഇനി വനംവകുപ്പിന്റെ അനുമതിയില്ലാതെ സംസ്ഥാനത്ത് ഒരിടത്തും ട്രക്കിങ് അനുവദിക്കില്ല. കാട്ടുതീ എങ്ങനെയുണ്ടായി എന്നതിലുൾപ്പെടെ അന്വേഷണത്തിനു നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിനു വ്യോമസേനയും കമാൻഡോകളും
അതിനിടെ, കാട്ടുതീയിൽപ്പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം തിങ്കളാഴ്ച വൈകിട്ടോടെ അവസാനിപ്പിച്ചു. സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം. നേവി ഹെലികോപ്റ്ററുകളുടെയും കോയമ്പത്തൂരിൽ നിന്നെത്തിയ വ്യോമസേന കമാൻഡോകളുടെയും സഹായത്തോടെയായിരുന്നു തിരച്ചിൽ. വനത്തിനകത്തുനിന്നു മൃതദേഹങ്ങൾ ഹെലികോപ്റ്റർ ഉപയോഗിച്ചാണു പുറത്തെത്തിച്ചത്. പരുക്കേറ്റവരെ തേനി മെഡിക്കൽ കോളജ്, ബോഡിനായ്ക്കന്നൂർ ജനറൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്.
Read: പൊള്ളിപ്പിടഞ്ഞ് ആ പെൺകുട്ടി ചോദിച്ചു: ‘അണ്ണാ, കൊഞ്ചം കൂടെ തണ്ണി’
വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ഒപ്പം 10 കമാൻഡോകളും മെഡിക്കൽ സംഘവും വന്നു. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായത്. പനീർസെൽവവും മന്ത്രി ഡിണ്ടിഗൽ ശ്രീനിവാസനും ഞായറാഴ്ച രാത്രി തന്നെ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനു വ്യോമസേനയ്ക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമനാണു നിർദേശം നല്‍കിയത്. തേനി ജില്ലാ കലക്ടർ പല്ലവി പൽദേവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ഏകീകരിച്ചത്.
അപകടത്തിൽപ്പെട്ടത് ട്രക്കിങ്ങിനെത്തിയവർ
ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്നും ചെന്നൈയിൽനിന്നുമുള്ള സംഘങ്ങളാണു കാട്ടുതീയിൽപ്പെട്ടത്. ചെന്നൈയിൽനിന്നെത്തിയവരിൽ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂർ എന്നിവിടങ്ങളിൽനിന്ന് കോളജ് വിദ്യാര്‍ഥികളുമെത്തി.
തമിഴ്നാട്ടിലെ ബോഡിനായ്ക്കനൂർ വഴി രാവിലെ കൊരങ്ങിണിയിൽ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാൽ – കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോൾ, മറു സംഘം എതിർദിശയിലാണു യാത്ര ചെയ്തത്. ഞായറാഴ്ച ഉച്ച കഴിഞ്ഞു മൂന്നോടെയാണു കാട്ടുതീ പടർന്നത്. കാട്ടുതീയെത്തുടർന്നു സംഘാംഗങ്ങളെല്ലാം ചിതറിയോടി. ട്രക്കിങ് പാതയിൽനിന്നു മാറിയവരാണ് അപകടത്തിൽപ്പെട്ടതെന്നറിയുന്നു. പുൽപ്രദേശത്തേക്ക് ഓടിയെത്തിയവർക്കാണു ഗുരുതര പൊള്ളലേറ്റത്. തീപിടിത്തത്തിൽ ആദ്യഘട്ട രക്ഷാപ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു. കാട്ടിലേക്ക് വാഹനങ്ങൾ എത്തിക്കാനാകാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
സഹായവുമായി കേരള പൊലീസും
രക്ഷാപ്രവർത്തനത്തിനു ഭക്ഷണവും മരുന്നുമായി കേരള പൊലീസും സജീവമായിരുന്നു. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. എല്ലാ സഹായവും ഉറപ്പാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശവുമുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള അഗ്നിശമന സേനയുടെ സഹായവും ഉറപ്പു വരുത്തി.