ശ്രീനഗർ∙ ജമ്മു കശ്മീരിലെ കത്ര വനമേഖലയിൽ വൻതീപിടിത്തം. ഇന്ത്യൻ വ്യോമസേന ഹെലികോപ്ടറുകളിൽ ‘ബംബി ബക്കറ്റുകളിൽ’ വെള്ളമെത്തിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. വ്യാഴാഴ്ച രാവിലെയാണു തീ ശ്രദ്ധയിൽപ്പെട്ടത്.
സേനയുടെ ഡയറിങ് ഡ്രാഗൺസ്, സ്നോ ലിയോപാർഡ്സ് യൂണിറ്റുകളിലെ രണ്ട് ഹെലികോപ്ടറുകളാണു രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. ഒറ്റത്തവണ 2500 ലീറ്റർ വെള്ളം കൊള്ളുന്ന ബംബി ബക്കറ്റുകൾ ഘടിപ്പിച്ച ഹെലികോപ്റ്ററുകളാണു തീ അണച്ചത്. റേസി അണക്കെട്ടിൽനിന്നാണു വെള്ളം ശേഖരിച്ചത്.
നീളത്തിൽ തൂങ്ങിയാടുന്ന ഭാരമേറിയ ബക്കറ്റുകളുമായി ഹെലികോപ്ടർ പറപ്പിക്കാൻ വിദഗ്ധരായ പൈലറ്റുമാർക്കേ സാധിക്കൂവെന്നു ലീഡ് എയർക്രാഫ്റ്റ് വിങ് കമാൻഡർ വിക്രം പറഞ്ഞു.