തേനി∙ കുരങ്ങിണിമലയിലേക്കു പതിനൊന്നു പേരുടെ മരണത്തിനിടയാക്കിയ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായ ക്ലബിനെതിരെ അന്വേഷണം. സംഘത്തെ നയിച്ച ഗൈഡിനു പുറമെ ക്ലബിന്റെ സ്ഥാപകനായ വിദേശിയെയും പിടികൂടാനുള്ള നടപടികൾ തുടരുകയാണ്. ട്രെക്കിങ് സംഘം മൂന്നാർ വഴി കൊളുക്കുമലയിൽ എത്തിയത് അന്വേഷിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കൃത്യവിലോപം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.
രക്ഷാപ്രവർത്തനം പൂർത്തീകരിച്ച ശേഷമാണ് തമിഴ്നാട് സർക്കാർ സംഭവത്തെ കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചത്. കാട്ടുതീ പടർന്നതും ഭീതിജനകമായ സാഹചര്യത്തിൽ ട്രെക്കിങ്ങിനായി സംഘം വനത്തിൽ പ്രവേശിച്ചതുമാണ് മുഖ്യ അന്വേഷണ വിഷയം. വനിതാ ദിനത്തോടനുബന്ധിച്ച് ചെന്നൈ ട്രെക്കിങ് ക്ലബാണ് 26 പേരടങ്ങുന്ന വനിതാ സംഘത്തെ കുരങ്ങിണിയിലെത്തിച്ചത്. ക്ലബിലെ അംഗമായ രാജേഷ് ഇവർക്ക് വഴികാട്ടി. എന്നാൽ ദുരന്തത്തിനു ശേഷം രാജേഷിനെ കണ്ടിട്ടില്ല. ഇയാൾക്കു പുറമെ ക്ലബിന്റെ സ്ഥാപകൻ പീറ്റർ വാൻ ഗെയ്നെയും ചോദ്യം ചെയ്യാനാണു തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയും ഇതിലൂടെ വ്യക്തമാകും.
മൂന്നു ദിവസത്തിലേറെയായി പ്രദേശത്തു കാട്ടുതീ പടരുന്ന വിവരം വനo വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. വേണ്ട ജാഗ്രത പുലർത്താതെ സംഘത്തെ വനത്തിൽ പ്രവേശിപ്പിച്ചതാണു ദുരന്തത്തിനു വഴിയൊരുക്കിയത്. മൂന്നാറിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ഇതിൽ തുല്യ പങ്കുണ്ടെന്നാണു വിലയിരുത്തൽ. അപകടത്തിൽപ്പെട്ട 39 സഞ്ചാരികളിൽ 12 പേർ കുരങ്ങിണിയിലെത്തിയത് സൂര്യനെല്ലി വഴി കൊളുക്കുമല താണ്ടിയാണ്. നേരത്തെ നിരവധി സഞ്ചരികൾക്കു പരുക്കേറ്റതിനാൽ ഇതുവഴിയുള്ള ട്രെക്കിങ് നിരോധിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് ദുർഘടമായ ഈ പാത ട്രെക്കിങ്ങിനായി തുറന്നുകൊടുത്തത്.