Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടിന്റെ അദ്ഭുതങ്ങളിലേക്ക് തുറന്ന ക്യാമറ; ശ്രദ്ധേയമായി ‘വൈൽഡ് ലിറിക്സ്’

exhibition തൃശൂർ ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന ഫോട്ടോ പ്രദർശനത്തിൽ പ്രവീൺ മോഹൻദാസ്, സീമ സുരേഷ്, ഡോ.ലിന്റോ ജോൺ, ഡോ.കൃഷ്ണകുമാർ എന്നിവർ തങ്ങളുടെ ഫോട്ടോകൾക്കു സമീപം. ചിത്രം: ഉണ്ണി കോട്ടക്കൽ ∙ മനോരമ

തൃശൂർ∙ കാട് ഒട്ടേറെ വിസ്മയങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്; മാതൃത്വത്തിന്റെ, സൗഹൃദത്തിന്റെ, കുറുമ്പുകളുടെ... അങ്ങനെ പലതിന്റെയും. ആ കാഴ്ചകൾ അതിന്റെ സ്വാഭാവികതയിൽ കാണാൻ കൊതിക്കാത്തവരായി ആരുമുണ്ടാവില്ല. അതുതന്നെയാണ് തൃശൂർ ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ നടക്കുന്ന ഗ്രീൻ ക്യാപ് സുഹൃദ്സംഘത്തിന്റെ ‘വൈൽഡ് ലിറിക്സ്’ ഫോട്ടോ പ്രദർശനത്തെ കാഴ്ചക്കാർക്ക് പ്രിയങ്കരമാക്കിയിരിക്കുന്നത്.

വന്യതയിലെ വൈകാരിക ഭാവങ്ങളുടെ ചിത്രങ്ങൾ ശ്രുതിമധുരമായ വരിമൂളുന്നതു പോലെയാണ് അനുഭവപ്പെടുക. പ്രവീൺ മോഹൻദാസ്, സീമ സുരേഷ്, ഡോ. ലിന്റോ ജോൺ, ഡോ. കൃഷ്ണകുമാർ മെച്ചൂർ എന്നിവരുടെ 26 ചിത്രങ്ങളാണ് പ്രദർശനത്തിൽ. ഇതിൽ മൂന്നെണ്ണം ഇന്ത്യക്കു പുറത്തുനിന്നാണ്. നാലുപേരുടെയും അമ്മമാർ ചേർന്നാണു പ്രദർശനോദ്ഘാടനം നിർവഹിച്ചത്. 15 വരെ രാവിലെ 10.30 മുതൽ 6.30 വരെ പ്രദർശനം കാണാം.

photo-exhibition

ആനകളുടെ വനജീവിതത്തിന്റെ ഭാവാത്മകതയാണു പ്രവീണിന്റെ ചിത്രങ്ങളിൽ. വന്യജീവികളുടെ മാതൃത്വത്തിന്റെ അനന്തരൂപങ്ങൾ ആണ് സീമ സുരേഷ് പകർത്തിയിരിക്കുന്നത്. ശാന്തരൂപികളായ വന്യജീവികളുടെ സൗമ്യഭാവങ്ങൾ ഡോ. കൃഷ്ണകുമാറിന്റെ ചിത്രങ്ങളിൽ കാണാം. സ്വാഭാവിക ഭൂമികകളിലെ കിളികൾ ആണ് ഡോ. ലിന്റോയുടെ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. എല്ലാ ചിത്രങ്ങളും ജീവന്റെയും പ്രകൃതിയുടെയും നനുത്ത സ്പർശം അനുഭവിപ്പിക്കുന്നവ.

കുഞ്ഞിനൊപ്പമുള്ള തള്ളമാനിന്റെ ജാഗ്രതക്കണ്ണ്, അമ്മയ്ക്കൊപ്പം കുട്ടിയാനയുടെ കുസൃതി, പുലർകാലെ തെളിയുന്ന കാടും കാട്ടാറും കടന്നുള്ള കൊമ്പന്റെ യാത്ര, മണ്ണുവാരി കളിക്കുന്ന ആനക്കൂട്ടം തുടങ്ങി കൺകുളിരെ കാടണിയുന്ന കാഴ്ചകൾ. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷനൽ പാർക്ക്, മഹാരാഷ്ട്രയിലെ തടോബ അന്താരി ടൈഗർ റിസർവ്, കർണാടകയിലെ നാഗർഹോളെ നാഷനൽ പാർക്ക്, രാജസ്ഥാനിലെ ഭരത്പൂർ ബേഡ് സാങ്ച്വറി, ദക്ഷിണാഫ്രിക്കയിലെ ക്വാൻഡു, അബുദാബി എന്നിവിടങ്ങളിൽനിന്നുള്ളവയാണു ചിത്രങ്ങൾ. 

wild-life

തൃശൂർ പേരാമംഗലം സ്വദേശിയും ആർക്കിടെക്ടുമായ പ്രവീൺ 20 വർഷമായി വൈൽഡ് ഫോട്ടോഗ്രഫി രംഗത്ത് സജീവമാണ്. പൂങ്കുന്നം സ്വദേശിയായ ഡോ. ലിന്റോ അബുദാബിയിൽ ജനറൽ സർജൻ ആണ്. വെളുത്തൂർ സ്വദേശി ഡോ. കൃഷ്ണകുമാർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഓർത്തോ സർജനാണ്. ചൂണ്ടൽ സ്വദേശിയും ഫ്രീലാൻസ് ജേർണലിസ്റ്റുമായ സീമ എട്ടുവർഷമായി വൈൽഡ് ഫോട്ടോഗ്രഫിയിൽ സജീവമാണ്.