Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽ 50 ഹെക്ടർ വനം കത്തിനശിച്ചു

അതിരപ്പിള്ളി ∙ തൃശൂർ ജില്ലയിൽ വാഴച്ചാൽ, പരിയാരം റേഞ്ചുകളിലായി 50 ഹെക്ടർ വനസമ്പത്തു കത്തിനശിച്ചു. പരിയാരം റേഞ്ചിലെ പിള്ളപ്പാറ വനമേഖലയിൽ മാത്രം വന്മരങ്ങൾ അടക്കം 20 ഹെക്ടർ വനം എരിഞ്ഞമർന്നു. തിങ്കളാഴ്ച വൈകിട്ടോടെ പടർന്ന തീ ഇന്നലെ ഉച്ചയോടെ അണയ്ക്കാനായി. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമടക്കം അൻപതോളം പേരടങ്ങുന്ന സംഘം വളരെ അധ്വാനിച്ചാണ് തീയണച്ചത്.   

ശനിയാഴ്ച വാഴച്ചാൽ ഡിവിഷനിലെ അതിരപ്പിള്ളി വടാമുറി വനത്തിൽ വൻതീപ്പിടിത്തമുണ്ടായിരുന്നു. 30 ഹെക്ടർ വനസമ്പത്തു കത്തിയമർന്നു. ഉദ്യോഗസ്ഥർ അടക്കം 60 പേരടങ്ങുന്ന സംഘം രണ്ടു രാത്രിയും ഒരു പകലും നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപടർന്ന മേഖലകളിൽ നിന്ന് ആനയടക്കമുള്ള വലിയ ജീവികൾ മറ്റു വനമേഖലകളിലേക്കു പലായനം ചെയ്തു. ചെറുജീവികളും പക്ഷികളും തീയിലകപ്പെട്ടു. കൊന്നക്കുഴി വനത്തിൽ കൊടക്കല്ല് മേഖലയിലുണ്ടായ തീപ്പിടിത്തവും എട്ടുമണിക്കൂർ നീണ്ട ശ്രമത്തിൽ അണച്ചു. 

പിള്ളപ്പാറയിൽ ജനവാസ മേലയ്ക്കടുത്തു നിന്നുപടർന്ന തീ മൂന്നു കിലോമീറ്റർ ദൂരെ ഉൾവനത്തിൽ ലാടംകണ്ട വയൽ ഭാഗത്തു നിയന്ത്രണ വിധേയമാക്കി. മലയുടെ രണ്ടുവശങ്ങളിലൂടെ രണ്ടു ഗ്രൂപ്പുകളായി പരിശ്രമിച്ചാണ് തീയണച്ചത്. മുളങ്കൂട്ടത്തിലും വൻവൃക്ഷങ്ങളിലും തീപടർന്നാൽ പൂർണമായി അണയ്ക്കാൻ കഴിയില്ലെന്നതു വീണ്ടും തീപ്പിടിത്തത്തിന് ഇടയാക്കുന്നു. 

related stories