സൂം ഔട്ട്: ചരിത്രത്തിലെ ഒട്ടേറെ അവിസ്മരണീയ നിമിഷങ്ങൾ പകർത്തിയ ഫൊട്ടോഗ്രഫർ മാക്സ് ഡെസ്ഫോർ (104) ലോകത്തോടു വിടപറഞ്ഞു. 1946 ജൂലൈ ആറിനു മുംബൈയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്റുവും തമ്മിൽ സംസാരിക്കുന്ന ചിത്രമാണു ഡെസ്ഫോറിനെ ഇന്ത്യക്കാർക്കിടയിൽ പ്രശസ്തനാക്കിയത്.
നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റും ഈ ചിത്രത്തിലുണ്ട്. മഹാത്മാ ഗാന്ധിയുടെ മരണാനന്തര ചടങ്ങുകളുടെയും ചിത്രങ്ങൾ ഡെസ്ഫോർ എടുത്തിരുന്നു. കൊറിയൻ യുദ്ധത്തെപ്പറ്റിയുള്ള ചിത്രങ്ങൾ ഡെസ്ഫോറിനു പുലിസ്റ്റർ സമ്മാനം നേടിക്കൊടുത്തു.
ഇക്കൂട്ടത്തിൽ ഒരു ചിത്രം, വെടിയേറ്റതിനുശേഷം മഞ്ഞിനുള്ളിൽ മറയപ്പെട്ട ഒരു കൊറിയക്കാരന്റെ കൈകളും മൂക്കും മാത്രം പുറത്തുകാണുന്നതാണ്. ഫ്യൂട്ടിലിറ്റി എന്ന ഈ ചിത്രം ശ്രദ്ധേയമായിരുന്നു.
ഹിരോഷിമയിലേക്കുള്ള അണ്വായുധ ദൗത്യം കഴിഞ്ഞ് അമേരിക്കയുടെ അധീനതയിലുള്ള വടക്കൻ മരിയാന ദ്വീപുകളിൽ ലാൻഡ് ചെയ്യുന്ന ‘ഇനോള ഗേ’ വിമാനത്തിന്റെ ചിത്രമെടുത്തതും ഡെസ്ഫോറാണ്. ആദ്യ ഭാര്യ കാർല 1994ൽ മരിച്ചു. തുടർന്നു 2012ൽ നടന്ന 98–ാം ജന്മദിനാഘോഷത്തിൽ തൊണ്ണൂറുകാരിയായ ഷേർലി ബെലാസ്കോയെ വിവാഹം കഴിച്ചു. ആദ്യഭാര്യയിൽ ഒരു മകനുണ്ട്.