പാലക്കാട് ∙ കാട്ടുതീ ഉണ്ടായാൽ അതിന്റെ ഉറവിടവും വ്യാപ്തിയും വേഗവും ഫോറസ്റ്റ് സർവേ ഒാഫ് ഇന്ത്യ (എഫ്എസ്ഐ)യുടെ ഉപഗ്രഹസംവിധാനം വനംവകുപ്പിനെ അറിയിക്കും.
കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ് ഈ സംവിധാനം ലഭിക്കുക. തീയുളള പ്രദേശം, പടരുന്നതിന്റെ വേഗം, അവിടത്തെ പ്രകൃതി വിഭവങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇടവിട്ടു നൽകുക. എസ്എംഎസ്, ഇ മെയിൽ ജാഗ്രതാസന്ദേശം കൂടാതെയാണിത്. വനത്തിലെ നേരിയ തീപിടിത്തം പോലും ഇതുവഴി അറിയാൻ കഴിയുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ.
ജനുവരി ഒന്നിനു ശേഷം കൂടുതൽ തീ റിപ്പോർട്ട് ചെയ്തത് ഇടുക്കിയിലാണ്–15 സ്ഥലങ്ങളിൽ. രണ്ടാം സ്ഥാനത്ത് പാലക്കാട്– എട്ട്. ഇതുവരെ ഒട്ടാകെ 43 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും എവിടെയും കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നു വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (ലാൻഡ് ആൻഡ് റിസോഴ്സ്) പി.കെ.കേശവൻ അറിയിച്ചു.
ഇത്തവണ അഗ്നിശമന സേനയുമായി ചേർന്നു വനം ജീവനക്കാരെ തീ അണയ്ക്കലിന്റെ പുതിയ രീതികൾ പരിശീലിപ്പിച്ചു. സാമൂഹിക വനവിഭാഗത്തിന്റെ സംവിധാനം ശക്തമാക്കി, സ്ഥിരം തീപിടിത്ത പ്രദേശങ്ങളിൽ നേരത്തെ മുതൽ നിരീക്ഷണം ആരംഭിച്ചു. വനത്തിൽ പലയിടത്തും ഡിസംബറിലും മഴ ലഭിച്ചത് ആശ്വാസമായി. അടുത്ത മാസം മുതൽ കൂടുതൽ സംഭവങ്ങളുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടുള്ള നടപടികളും തുടങ്ങി.
ജനുവരി ഒന്നിന് ശേഷമുളള കാട്ടുതീ
ആകെ സംഭവങ്ങൾ– 43
ഇടുക്കി– 15
പാലക്കാട്–8
തിരുവനന്തപുരം,
കോട്ടയം, വയനാട്,
പത്തനംതിട്ട– 3 വീതം
കാസർകോട്,
കോഴിക്കോട്– 2 വീതം.
കണ്ണൂർ, മലപ്പുറം,
എറണാകുളം,
തൃശൂർ– ഒന്നു വീതം