ഉൾക്കൊള്ളണം ഭിന്നശേഷിക്കാരെ കൂടി: ഓൺമനോരമ ബ്ലോഗ് ഇറ്റ് വിജയി ഒ.ഐശ്വര്യ

ഓൺ മനോരമ ബ്ലോഗ് ഇറ്റ് മൽസരത്തിൽ രണ്ടാം സമ്മാനം നേടിയ ഹരിശ്രീ, ഒന്നാം സമ്മാനം നേടിയ ഒ. ഐശ്വര്യ, മൂന്നാം സമ്മാനം നേടിയ അഷിത മീനു എന്നിവർ സമ്മാനങ്ങളുമായി.

കോട്ടയം ∙ ഭിന്നശേഷിയുള്ളവരെക്കൂടി ഉൾക്കൊള്ളാൻ സമൂഹം തയാറാകണമെന്ന് ഓൺ മനോരമ ബ്ലോഗ് ഇറ്റ് മൽസരത്തിൽ ഒന്നാം സമ്മാനാർഹയായ ഒ. ഐശ്വര്യ. കോട്ടയത്തു നടന്ന ചടങ്ങിൽ മനോരമ ഓൺലൈന്‍ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. 

ബെംഗളൂരു അസീം പ്രേംജി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ അന്ധയാണ്. 18നും 30നും ഇടയിലുള്ള കോളജ് വിദ്യാർഥികൾക്കായാണ് മനോരമ ഒാൺലൈൻ ഇംഗ്ലിഷ് വിഭാഗമായ ഒാൺമനോരമ  ബ്ലോഗ് ഇറ്റ് മൽസരം സംഘടിപ്പിച്ചത്. കൊടകര സഹൃദയ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി വിദ്യാർഥിനി ഹരിശ്രീ, കസ്തൂർബ മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി അഷിത മീനു എന്നിവർ മനോരമ ഓൺലൈന്‍ ചീഫ് കണ്ടന്റ് കോഓർഡിനേറ്റർ സന്തോഷ് ജോർജ് ജേക്കബ്, ഓൺമനോരമ കണ്ടന്റ് ഹെഡ് ബിജു പി. എലിയാസ് എന്നിവരിൽ നിന്ന് യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

കവിതകളും കുറിപ്പുകളും സർക്കാരിന്റെ പ്രതികരണങ്ങളുമടങ്ങിയതാണ് സൈറ്റ് അൺസീൻ എന്ന, ഐശ്വര്യയുടെ ഒന്നാം സമ്മാനാർഹമായ ബ്ലോഗ്. ഓൺമനോരമ ബ്ലോഗ് ഇറ്റിൽ ഒന്നാം സമ്മാനം നേടിയ ഒ.ഐശ്വര്യയുടെ ബ്ലോഗ് വായിക്കാം

ആറു വയസ്സു മുതൽ ബ്ലോഗ് എഴുതുന്ന തൃശൂർ സ്വദേശിനി ഹരിശ്രീ, 2006 ൽ കേരളത്തിൽ നടന്ന ആദ്യ ബ്ലോഗേഴ്സ് മീറ്റിൽ പങ്കെടുത്തിട്ടുണ്ട്. ഓൺമനോരമ ബ്ലോഗ് ഇറ്റിൽ രണ്ടാം സമ്മാനം നേടിയ ഹരിശ്രീയുടെ ബ്ലോഗ് വായിക്കാം

മണിപ്പാൽ മെഡിക്കൽ കോളജിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിയായ അഷിത മീനു കോട്ടയം സ്വദേശിയാണ്. ഓൺമനോരമ ബ്ലോഗ് ഇറ്റിൽ മൂന്നാം സമ്മാനം നേടിയ അഷിത മീനുവിന്റെ ബ്ലോഗ് വായിക്കാം

സാറാ മാത്യു, ബിപിൻ സാം തോമസ്, കുക്കു എലിസബത്ത് സിറിയക്, അവന്തിക പോൾ, ക്രിസ്റ്റിന ട്രീസ ഇമ്മാനുവൽ, ലിഡിയ സാറാ സുനിൽ, സഞ്ജന സന്തോഷ് എന്നിവർ യഥാക്രമം നാലു മുതൽ 10 വരെ സ്ഥാനങ്ങളിലെത്തി. നൂറിലധികംപേർ പങ്കെടുത്ത മൽസരത്തിലെ വിജയികൾക്ക് കിൻഡിലും സർട്ടിഫിക്കറ്റും മെമന്റോയുമായിരുന്നു സമ്മാനങ്ങൾ.