Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഓൺലൈനിന് വാൻ–ഇഫ്ര മൊബൈൽ ന്യൂസ് ആപ് പുരസ്കാരം

wan-ifra-award-mobile-aap-manorama മികച്ച മൊബൈൽ വാർത്താമാധ്യമത്തിനുള്ള വാൻ–ഇഫ്ര സൗത്ത് ഏഷ്യൻ ഡിജിറ്റൽ മീഡിയ വെങ്കല പുരസ്കാരം വാൻ– ഇഫ്ര ഡപ്യൂട്ടി സിഇഒ മാൻഫ്രഡ് വെർഫലിൽനിന്ന് മനോരമ ഓൺലൈന്‍ അസോസിയേറ്റ് പ്രൊഡ്യൂസർ ചിപ്പി സാറാ കുറിയാക്കോസ് ഏറ്റുവാങ്ങുന്നു. വാൻ–ഇഫ്ര സൗത്ത് ഏഷ്യ മാനേജിങ് ഡയറക്ടർ മഗ്ദൂം മുഹമ്മദ് സമീപം.

ഹൈദരാബാദ് ∙ മൊബൈൽ ആപ്ലിക്കേഷനിലെ മികച്ച വാർത്താ സേവനത്തിനുള്ള ദക്ഷിണ ഏഷ്യൻ വാൻ-ഇഫ്ര വെങ്കല പുരസ്കാരം മനോരമ ഓൺലൈനിന്. ഹൈദരാബാദിൽ വാൻ– ഇഫ്ര ഇന്ത്യയുടെ 26-ാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന മൂന്നാമത് സൗത്ത് ഏഷ്യ ഡിജിറ്റൽ മീഡിയ അവാർഡ് (എസ്ഡിഎംഎ) ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.

വാൻ– ഇഫ്ര ഡപ്യൂട്ടി സിഇഒ മാൻഫ്രഡ് വെർഫലിൽനിന്നു മനോരമ ഓൺലൈന്‍ അസോസിയേറ്റ് പ്രൊഡ്യൂസർ ചിപ്പി സാറാ കുറിയാക്കോസ് പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായ രണ്ടാം വർഷമാണ് ഈ പുരസ്കാരം മനോരമയ്ക്കു ലഭിക്കുന്നത്. ഇതേ വിഭാഗത്തിൽ സ്ക്രോൾ ഡോട്ട് ഇന്നിന് ഒന്നാം സ്ഥാനവും ബിബിസി ഹിന്ദിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

ലോകത്തെ ഏറ്റവും മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ– ഇഫ്ര രാജ്യാന്തര പുരസ്കാരം (2016), ദക്ഷിണേഷ്യയിലെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള വാൻ–ഇഫ്ര ഡിജിറ്റൽ മീഡിയ സുവർണ പുരസ്കാരം (2016), മൊബൈൽ ആപ്പുകളുടെ മികവിനുള്ള അഞ്ച് രാജ്യാന്തര അവാർഡുകൾ (2012, 2013, 2015, 2017, 2018) എന്നിവയടക്കം രാജ്യാന്തരവും ദേശീയവുമായ ഇരുപതിലേറെ പുരസ്കാരങ്ങൾ മനോരമ ഓൺലൈൻ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ദക്ഷിണേഷ്യയിലെ മികച്ച വാർത്താ വെബ്സൈറ്റിനുള്ള 2016 ലെ വാൻ–ഇഫ്ര ഡിജിറ്റൽ മീഡിയ വെങ്കല പുരസ്കാരം മനോരമ ഓൺലൈൻ ഇംഗ്ലിഷ് പതിപ്പായ ഓൺമനോരമയ്ക്കായിരുന്നു (www.onmanorama.com).

ഗൂഗിൾ പ്ലേ സ്റ്റോറിൽ  ഏറ്റവും  ജനപ്രീതിയുള്ള മലയാളം ന്യൂസ് ആപ് മനോരമയുടേതാണ്. ആപ്പിൾ വാച്ചിലും ആമസോൺ ഇക്കോയിലും ലഭിക്കും. ഇന്ത്യയിലെ ആദ്യ പ്രാദേശിക ന്യൂസ് ആപ് അടക്കം 30 ആപ്ലിക്കേഷനുകൾ മനോരമയ്ക്കുണ്ട്. ഡൗൺലോഡ് ചെയ്യാം (mobile.manoramaonline.com).