എൻജിനിൽ പുക; ഹൈദരാബാദിലേക്കുള്ള സ്‌പൈസ്ജെറ്റ് വിമാനം റദ്ദാക്കി

Representative Image

മംഗളൂരു∙ പറന്നുയരാനായി റൺവേയിലൂടെ നീങ്ങവേ വിമാനത്തിന്റെ എൻജിനിൽനിന്നു പുക ഉയർന്നതിനെ തുടർന്നു യാത്ര റദ്ദാക്കി. ബുധനാഴ്ച രാവിലെ മംഗളൂരുവിൽ നിന്നു ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്‌പൈസ്ജെറ്റ് വിമാനത്തിന്റെ എൻജിനിൽ നിന്നാണു പുക ഉയർന്നത്. 31 യാത്രക്കാരുമായി ഹൈദരാബാദിലേക്കു പറക്കാൻ റൺവേയിലേക്കു നീങ്ങുന്നതിനിടെയാണ് എൻജിനിൽ നിന്നു പുക ഉയരുന്നതു പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്.

തീപിടിത്ത സാധ്യത മുന്നിൽ കണ്ട പൈലറ്റ് ഉടൻ വിമാനം നിർത്തി എയർട്രാഫിക് കൺട്രോൾ വിഭാഗത്തിൽ വിവരം അറിയിച്ചു. ഇതോടെ അഗ്നിശമന സേന അടക്കമുള്ള സംവിധാനങ്ങൾ ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമായെത്തി. യാത്രക്കാരെ വിമാനത്തിൽനിന്നു മാറ്റി. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ വിമാനം സർവീസ് റദ്ദാക്കി. യാത്രക്കാരെ മറ്റു വിമാനങ്ങളിൽ കയറ്റിവിട്ടു.