മുൻ വിവരാവകാശ കമ്മിഷണര്‍ക്കും ‘രക്ഷയില്ല’; അപേക്ഷിച്ചിട്ടും വിവരം നൽകാതെ ധനകാര്യവകുപ്പ്

ധനകാര്യവകുപ്പിനു പിഴ ചുമത്തിയുള്ള ഉത്തരവ് (ഇടത്) വി.വി.ഗിരി (വലത്)

തിരുവനന്തപുരം∙ വിവരാവകാശ നിയമപ്രകാരം നിശ്ചിത ദിവസത്തിനുള്ളില്‍ വിവരം ലഭിക്കാത്തതിനെത്തുടര്‍ന്ന് മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ നീതിതേടി വിവരാവകാശ കമ്മിഷനു മുന്നില്‍. മുഖ്യ വിവരാവകാശ കമ്മിഷണറായിരുന്ന വി.വി. ഗിരിയാണ് നിയമ സഹായത്തിനായി ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം.പോളിനെ സമീപിച്ചത്.

വി.വി.ഗിരിയുടെ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ കമ്മിഷന്‍, 360 രൂപ പിഴയടക്കാനും തുക ഈടാക്കാതെ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാനും ധനകാര്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് 20 ദിവസത്തിനകം റിപ്പോര്‍ട്ടു നല്‍കാനും സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യവിവരാവകാശ കമ്മിഷണറായിരുന്ന പാലാട്ട് മോഹന്‍ദാസ് വിരമിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായിരുന്ന വി.വി.ഗിരി കുറച്ചുകാലം മുഖ്യ വിവരാവകാശ കമ്മിഷണറുടെ ചുമതല വഹിച്ചിട്ടുണ്ട്. ധനകാര്യവകുപ്പിലെ ഒരു ഫയലിലെ വിവരങ്ങള്‍ അറിയുന്നതിനാണു വി.വി.ഗിരി വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയത്.

വിവരം നല്‍കാന്‍ 30 രൂപ അടയ്ക്കാന്‍ ധനകാര്യവകുപ്പില്‍നിന്നു മറുപടി  ലഭിച്ചു. തുടര്‍ന്നു 30 രൂപ ട്രഷറിയില്‍ അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയെങ്കിലും രേഖകള്‍ ലഭിച്ചത് അനുവദനീയമായ സമയം കഴിഞ്ഞാണ്. വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ രേഖകൾക്കു തുക ഈടാക്കാന്‍ പാടില്ല.

30 രൂപ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് വി.വി.ഗിരി ധനകാര്യവകുപ്പിന് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ അനുവദിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹം വിവരാവകാശ കമ്മിഷനെ സമീപിച്ചത്. നഷ്ടപരിഹാരമായി 360 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം.

പരാതി പരിണിച്ച വിവരാവകാശ കമ്മിഷന്‍ പരാതിയിലെ കാര്യങ്ങള്‍ സത്യമാണെന്നു കണ്ടെത്തി. തുടര്‍ന്നാണു ധനകാര്യവകുപ്പിനോട് നേരത്തേ ഈടാക്കിയ 30 രൂപ ഉള്‍പ്പെടെ 390 രൂപ തിരികെ നല്‍കാനും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ ഉദ്യോഗസ്ഥന്‍ യഥാസമയം വിവരം നല്‍കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അപേക്ഷകനെ വലയ്ക്കുന്നതും പതിവാണ്.

വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് ആര്‍ടിഐ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി.ബി.ബിനുവും വിമർശിച്ചു. നിയമസഭയില്‍ എംഎല്‍എമാര്‍ നല്‍കുന്ന പ്രധാന ചോദ്യങ്ങള്‍ക്കും പലപ്പോഴും മറുപടി ലഭിക്കാറില്ല. സഭാസമ്മേളന കാലത്തുതന്നെ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല.