കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം റിനോ ആന്റോ ടീം വിടുന്നു. റിനോയുമായുള്ള കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തയാറായിട്ടില്ലെന്നാണു വിവരം. ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കിയില്ലെങ്കിൽ റിനോ ബെംഗളൂരു എഫ്സിയുമായി പുതിയ കരാർ ഒപ്പിടാനാണു സാധ്യത.
സൂപ്പർ കപ്പ് അവസാനിക്കുന്നതോടെയാണു റിനോ ആന്റോയ്ക്കു ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ സൂപ്പർ കപ്പിൽ റിനോ ടീമിനൊപ്പമുണ്ടാകും. ബെംഗളൂരു എഫ്സിയിൽനിന്നാണു താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. കളിക്കിടെ പരുക്കേറ്റതിനെത്തുടർന്നു റിനോയ്ക്ക് ഏതാനും മൽസരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നിരുന്നു. വീണ്ടും പരുക്കേൽക്കാൻ സാധ്യതയുള്ളതിനാല്‍ അടുത്ത സീസണിൽ നിലനിർത്തേണ്ടതില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നിലപാടെടുത്തതായാണു സൂചന.
അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ റിനോ ആന്റോ ഇതുവരെ തയാറായിട്ടില്ല. അടുത്ത മാസമാണു റിനോയും ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിക്കുന്നത്. കരാർ പുതുക്കാൻ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നു നീക്കങ്ങൾ ഉണ്ടായില്ലെങ്കില്‍ ബെംഗളൂരു എഫ്സിയുമായി വീണ്ടും കരാറിലേർപ്പെടും. നാലുവർഷത്തോളം റിനോ ബെംഗളൂരു എഫ്സിക്കു വേണ്ടി കളിച്ചിരുന്നു.
റിനോ ടീം വിട്ടാൽ അടുത്ത സുഹൃത്തും സഹതാരവുമായ സി.കെ. വിനീതും ബ്ലാസ്റ്റേഴ്സ് വിടാൻ സാധ്യതയുണ്ട്. ബ്ലാസ്റ്റേഴ്സുമായി ഒരുവർഷത്തേക്കു കൂടി വിനീതിനു കരാർ ഉണ്ട്. അതിനിടെ, കൊൽക്കത്തയും ജംഷഡ്പുർ എഫ്സിയും താരത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.