ഫ്രാങ്ക്ഫുർട്ട്∙ യൂറോപ്പിനെ വിഭജിക്കാനുള്ള യുഎസ് ശ്രമം വിജയിക്കില്ലെന്ന് ജർമനി. വ്യാപാരത്തിന്റെ പേരിൽ യൂറോപ്യൻ രാജ്യങ്ങളെ തമ്മിൽ തെറ്റിക്കാനാണു യുഎസിന്റെ ശ്രമമെന്നും അതിൽ അവർ വിജയിക്കില്ലെന്നും വാഷിങ്ടനിലേക്കുള്ള സന്ദർശനത്തിനു മുന്നോടിയായി ജർമൻ സാമ്പത്തിക മന്ത്രി പീറ്റർ അൽത്മെയ്ർ മുന്നറിയിപ്പു നൽകി.
യൂറോപ്യൻ യൂണിയനിൽ (ഇയു) ഞങ്ങൾ ഒരു കസ്റ്റംസ് യൂണിയൻ ആയി കൂട്ടായാണു പ്രവർത്തിക്കുന്നത്. യൂറോപ്പിനെ തകർക്കാൻ ശ്രമിക്കുന്നതു യുഎസ് സർക്കാരിന്റെ താൽപര്യത്തിൽപ്പെടുന്നതല്ല. മാത്രമല്ല, അവരതിൽ വിജയിക്കുകയുമില്ല, ജർമൻ സാമ്പത്തിക പത്രമായ ഹാൻഡെൽസ്ബ്ലാറ്റിനു നൽകിയ അഭിമുഖത്തിലാണ് അൽത്മെയ്ർ ഇക്കാര്യങ്ങൾ പറഞ്ഞത്.
അതേസമയം, ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ അടുത്ത സഖ്യരാജ്യം കൂടിയായ യുഎസുമായുള്ള യോഗത്തിന്റെ അജൻഡ എന്നത് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് 25% നികുതിയും അലൂമിനിയത്തിന് 10% നികുതിയും ഏർപ്പെടുത്തുന്ന യുഎസിന്റെ നയം തന്നെയാണ്. ഈ കടുത്ത തീരുമാനത്തിനു പിന്നിൽ ‘അന്യായമായ’ വ്യാപാര സമ്പ്രദായങ്ങളും മറ്റുമാണെന്നാണ് ട്രംപിന്റെ പക്ഷം. എന്നാൽ വിസ്കി, മോട്ടോർസൈക്കിളുകൾ തുടങ്ങിയവയുടെ ഇറക്കുമതിക്കു നികുതി ചുമത്തുമെന്നു യൂറോപ്യൻ യൂണിയനും തിരിച്ചടിച്ചിട്ടുണ്ട്. ഈ നീക്കങ്ങൾ യുഎസും ഇയുവും തമ്മിൽ പുതിയൊരു വ്യാപാര യുദ്ധത്തിനു കൊമ്പുകോർക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.